'കേള്‍ക്കാന്‍ പാടില്ലാത്ത ഗുരുതരമായ ആരോപണം';
എല്‍ദോസ് കുന്നപ്പിള്ളിലിനോട്   വിശദീകരണം തേടി കെപിസിസി

'കേള്‍ക്കാന്‍ പാടില്ലാത്ത ഗുരുതരമായ ആരോപണം'; എല്‍ദോസ് കുന്നപ്പിള്ളിലിനോട് വിശദീകരണം തേടി കെപിസിസി

എംഎല്‍എയ്ക്ക് എതിരെ ബലാത്സംഗ കുറ്റം ചുമത്തിയ സംഭവം അത്യന്തം ഗൗരവകരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
Published on

ഒരു പൊതുപ്രവര്‍ത്തകന്റെ പേരില്‍ ഒരിക്കലും കേള്‍ക്കാന്‍ പാടില്ലാത്ത ഗുരുതരമായ ആരോപണമാണ് എല്‍ദോസ് കുന്നപ്പിളളില്‍ എംഎല്‍എയ്ക്ക് എതിരെ ഉയര്‍ന്നിരിക്കുന്നത് എന്ന് കെപിസിസി. പരാതിയില്‍ വിശദീകരണം നല്‍കാനും കെപിസിസി എംഎല്‍എയോട് ആവശ്യപ്പെട്ടു. ഒക്ടോബര്‍ 20 നകം വിശദീകരണം നല്‍കണം, വിശദീകരണം തൃപ്തികരമല്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നുമാണ് കെപിസിസിയുടെ നിലപാട്. ഇക്കാര്യം വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി കത്ത് നല്‍കിയതായി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഒക്ടോബര്‍ 20 നകം വിശദീകരണം നല്‍കണം

കേരളത്തിലെ ഒരു കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് എതിരെ ബലാത്സംഗ കുറ്റം ചുമത്തിയ സംഭവം അത്യന്തം ഗൗരവകരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതികരിച്ചു. ഇത്തരത്തിലുള്ള വ്യക്തികള്‍ അധികാരസ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശം സമൂഹത്തിന് നല്‍കുന്നതാണ്. എന്നാല്‍ എംഎല്‍എ സ്ഥാനത്ത് ഇരിക്കുന്നയാള്‍ ഇത്തരം പരാതിക്ക് വിധേയമായാല്‍ അവരെ ആ സ്ഥാനത്ത് ഇരുത്തണമോ എന്ന കാര്യം കോണ്‍ഗ്രസ്സിന്റെ ധാര്‍മ്മികതയുമായി ബന്ധപ്പെട്ട പ്രശ്നമാണ് എന്നും സെക്രട്ടേറിയേറ്റ് പുറത്തിറക്കിയ പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.

അതേസമയം, എല്‍ദോസ് കുന്നപ്പിളളിലിനെതിരായ കേസില്‍ പോലീസ് ഉചിതമായ നടപടി എടുക്കുമെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍ വ്യക്തമാക്കി. നിയമസഭ അംഗത്തിനെതിരെ നിയമ നടപടിക്ക് സ്പീക്കറുടെ അനുമതി ആവശ്യമില്ല. നിയമസഭാംഗമായാലും നിയമം ബാധകമാണ്. ജനപ്രതിനിധികള്‍ പാലിക്കേണ്ട ചില മര്യാദകളുണ്ട്. അത് പാലിച്ചില്ലെങ്കില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും സ്പീക്കര്‍ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് എല്‍ദോസ് കുന്നപ്പിള്ളില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ശനിയാഴ്ച പരിഗണിക്കും.

logo
The Fourth
www.thefourthnews.in