പ്രധാനമന്ത്രിയുടെ യുവം പരിപാടിയെ പ്രതിരോധിക്കാൻ കോൺഗ്രസിന്റെ യുവസംഗമം; രാഹുൽ ഗാന്ധി പങ്കെടുക്കും
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുവാക്കളിലെ സംഘടനാ അടിത്തറ ശക്തിപ്പെടുത്താന്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ തീരുമാനം. പ്രധാനമന്ത്രിയുടെ യുവം പരിപാടിയെ പ്രതിരോധിക്കാൻ ഒരു ലക്ഷം യുവാക്കളെ പങ്കെടുപ്പിച്ച് യുവ സംഗമം സംഘടിപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. മെയ് മാസത്തിൽ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന പരിപാടിയിൽ രാഹുല്‍ ഗാന്ധി പങ്കെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. യുവാക്കളെ ആകര്‍ഷിക്കാനുള്ള ബിജെപി നീക്കത്തെ ചെറുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് യുവ സംഗമവുമായി എത്തുന്നത്.
ന്യൂനപക്ഷങ്ങളെ ഒപ്പം ചേര്‍ക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കത്തെ വിശദമായി തന്നെ രാഷ്ട്രീയകാര്യ സമിതി യോഗം ചര്‍ച്ച ചെയ്തു. സഭാ നേതൃത്വത്തോട് അടുക്കാനുള്ള ബിജെപിയുടെ തന്ത്രത്തെ അതേ നാണയത്തില്‍ പ്രതിരോധിക്കാനാണ് കെപിസിസി തീരുമാനം. എ ഗ്രൂപ്പ് നേതാക്കളാണ് ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ വേണേമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടത്. ഈ മാസം 28 മുതല്‍ മത സാമുദായിക സഭാ നേതാക്കളുമായി കോണ്‍ഗ്രസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. ഇതിനായി കമ്മറ്റിയെ നിയോഗിച്ചു. ക്രൈസ്തവ-മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കെതിരെ സംഘ്പരിവാര്‍ നടത്തിയ ക്രൂരതകള്‍ ജനങ്ങളുടെ മുന്നില്‍ കൊണ്ടുവരുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്ന ദിവസം ഡിവൈഎഫ്‌ഐയും യുവാക്കളെ അണിനിരത്തി യങ് ഇന്ത്യ ക്യാമ്പയിന്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മാധ്യമങ്ങളെ കാണാത്ത പ്രധാനമന്ത്രിക്ക് മുന്നില്‍ യുവത നേരിടുന്ന നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ് 'യങ് ഇന്ത്യ' ക്യാമ്പയിനിലൂടെ ഡിവൈഎഫ്‌ഐ ലക്ഷ്യമിടുന്നത്. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ക്യാമ്പയിന്റെ ഭാഗമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ഡിവൈഎഫ്‌ഐയുടെ തീരുമാനം.