കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ജനുവരി 15 വരെ അടച്ചിടാന്‍ ഉത്തരവ്; സമരപ്പന്തലില്‍ പഠനവുമായി വിദ്യാര്‍ഥികള്‍

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ജനുവരി 15 വരെ അടച്ചിടാന്‍ ഉത്തരവ്; സമരപ്പന്തലില്‍ പഠനവുമായി വിദ്യാര്‍ഥികള്‍

വിദ്യാർഥി സമരം തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ നടപടി
Updated on
1 min read

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് തുറക്കുന്നത് വീണ്ടും നീട്ടി. കാമ്പസ് ഇന്ന് തുറക്കാനിരിക്കെയായിരുന്നു ജനുവരി 15ലേക്ക് നീട്ടിക്കൊണ്ടുള്ള ജില്ലാ കളക്ടറുടെ പുതിയ ഉത്തരവ്. വിദ്യാർഥി സമരം തുടരുന്നതിനാലും സാഹചര്യങ്ങളിൽ മാറ്റമില്ലാത്തതിനാലുമാണ് അടച്ചിടൽ നീട്ടിയത്. പുറത്തു നിന്നുള്ള സംഘടനകൾ സാഹചര്യങ്ങൾ മുതലെടുക്കാൻ സാധ്യതയുള്ളതായും കളക്ടറുടെ ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ പരീക്ഷകളെ ഇത് ബാധിക്കില്ല. അതേസമയം, വിദ്യാര്‍ഥികള്‍ സമരം തുടരുകയാണ്. സമരപന്തല്‍ ക്ലാസ് മുറികളാക്കിയാണ് സമരം.

വിദ്യാര്‍ഥി പ്രതിഷേധത്തെ തുടർന്ന് ഡിസംബർ 24 മുതൽ ജനുവരി എട്ടു വരെ ഇൻസ്റ്റിറ്റ്യൂട്ട് അടച്ചിട്ടിരിക്കുകയായിരുന്നു. ഈ ഉത്തരവാണ് ഇപ്പോൾ വീണ്ടും നീട്ടിയിരിക്കുന്നത്. അടച്ചിട്ടതിനൊപ്പം ഹോസ്റ്റലുകൾ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. 2011ലെ കേരള പോലീസ് ആക്ടിലെ വകുപ്പ് 81 പ്രകാരമായിരുന്നു നടപടി. ഡിസംബർ 25 മുതൽ വിദ്യാർഥികൾ നിരാഹാര സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാനിടയുണ്ടെന്നും ക്രമ സമാധാന പാലനത്തെ ദോഷകരമായി ബാധിക്കാനിടയുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

Attachment
PDF
Adobe Scan 08 Jan 2023.pdf
Preview
കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ജനുവരി 15 വരെ അടച്ചിടാന്‍ ഉത്തരവ്; സമരപ്പന്തലില്‍ പഠനവുമായി വിദ്യാര്‍ഥികള്‍
കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് വിഷയം പഠിക്കാന്‍ ഉന്നതതല കമ്മീഷന്‍; ജനുവരി എട്ടുവരെ കോളേജ് അടച്ചിടും

അതേസമയം, ഡയറക്ടര്‍ ശങ്കര്‍ മോഹനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരം തുടരാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. സമരപന്തല്‍ ക്ലാസ് മുറികളാകുകയും ഇന്ത്യയിലെ പ്രമുഖ ചലചിത്രപ്രവര്‍ത്തകര്‍ ക്ലാസുകള്‍ എടുക്കുകയും ചെയ്യുമെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു. സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ പഠിക്കാന്‍ വരുന്നവരല്ലെന്നും അങ്ങനെയുള്ളവര്‍ ഉടന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിട്ട് പോകണമെന്നും ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞതിന് പിന്നാലെയാണ് സ്റ്റുഡന്റ്‌സ് കൗണ്‍സിലിന്റെ തീരുമാനം. വിദ്യാർഥികൾക്ക് ഇന്ന് രാവിലെ 11 മണി മുതൽ സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവി, സംവിധായകൻ ബി അജിത്കുമാർ, നിർമാതാവും സംവിധായകനുമായ സഞ്ജു സുരേന്ദ്രൻ എന്നിവർ നയിക്കുന്ന ക്ലാസ്സുകളുണ്ടാകും.

സംവരണ തത്വങ്ങൾ അട്ടിമറിക്കുന്നെന്ന കേസിലും, ജാതീയപരമായ വിഷയങ്ങളുമായി ബന്ധപ്പെട്ടും കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് & ആർട്സ് ഡയറക്ടർ ശങ്കര്‍ മോഹനന് എതിരെ നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംവരണ അട്ടിമറി നടന്നതിനെതിരെ കൂടുതല്‍ തെളിവുകളും പുറത്ത് വന്നിരുന്നു. 2022 ബാച്ചിലേക്ക് നടന്ന അഡ്മിഷനുമായി ബന്ധപ്പെട്ട് എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡെപ്യൂട്ടി ഡയറക്ടര്‍, കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന് അയച്ച കത്താണ് പുറത്തായത്. സംവിധായകന്‍ ജിയോ ബേബിയാണ് ഇതു സംബന്ധിച്ച കത്ത് പുറത്തുവിട്ടത്.

logo
The Fourth
www.thefourthnews.in