കെ എസ് ശബരീനാഥന്‍
കെ എസ് ശബരീനാഥന്‍

വിമാനത്തില്‍ മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധം: കെ എസ് ശബരീനാഥന്‍ അറസ്റ്റില്‍

ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ നാടകീയമായി അറസ്റ്റ്
Updated on
1 min read

മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ മുന്‍ എംഎല്‍എ കെ എസ് ശബരീനാഥന്‍ അറസ്റ്റില്‍. മുന്‍കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ നാടകീയമായാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസുകാർ പ്രതിഷേധിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. വിമാനത്തിലെ വധശ്രമക്കേസില്‍ ശബരീനാഥന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.

വിമാനത്തിൽ പ്രതിഷേധിക്കാനുള്ള സാധ്യത വാട്സപ്പ് ഗ്രൂപ്പില്‍ ശബരീനാഥനാണ് മുന്നോട്ട് വെച്ചത്.യൂത്ത് കോണ്‍ഗ്രസിന്‍റെ വാട്സ്ആപ് ഗ്രൂപ്പില്‍ ശബരീനാഥന്‍ പറഞ്ഞതിന്‍റെ സ്ക്രീന്‍ഷോട്ട് പ്രചരിച്ചിരുന്നു. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചതിന്‍റെ ഗൂഢാലോചനയില്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ സംസ്ഥാന വൈസ് പ്രസിഡന്‍റായ ശബരീനാഥന് വ്യക്തമായ പങ്കുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിശദീകരണം.

രാവിലെ പത്തരയോടെ ചോദ്യം ചെയ്യലിനായി ശബരീനാഥന്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി. അതിന് മുന്‍പ് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച് കഴിയും വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, വീണ്ടും ഹർജി പരിഗണിക്കവെ, ശബരീനാഥന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയതായി സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്ന് കാണിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു.പോലീസ് ഹാജരാക്കിയ രേഖകള്‍ പ്രകാരം 10.30 നാണ് ശബരീനാഥന്‍ ഹാജരായത്.10.50 ന് അറസ്റ്റ് രേഖപ്പെടുത്തി.11 മണിക്കാണ് കോടതി ജാമ്യാപേക്ഷ പരിഗണിക്കാന്‍ തുടങ്ങിയത്.

ശബരീനാഥന്റെ അറസ്റ്റിനെ തുടർന്ന് വലിയതുറ പോലീസ് സ്റ്റേഷന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായെത്തി. പ്രതിഷേധം പോലും നേരിടാനാവാത്ത ഭീരുവാണ് മുഖ്യമന്ത്രിയെന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ ആരോപിച്ചു

logo
The Fourth
www.thefourthnews.in