ബി അശോകിന്റെ ഉത്തരവ് റദ്ദാക്കി കെഎസ്ഇബി ഡയറക്ടർ ബോർഡ്; യൂണിയൻ നേതാക്കള്‍ക്ക് സ്വന്തം ജില്ലയ്ക്ക് പുറത്തും ജോലി ചെയ്യാം

ബി അശോകിന്റെ ഉത്തരവ് റദ്ദാക്കി കെഎസ്ഇബി ഡയറക്ടർ ബോർഡ്; യൂണിയൻ നേതാക്കള്‍ക്ക് സ്വന്തം ജില്ലയ്ക്ക് പുറത്തും ജോലി ചെയ്യാം

കെഎസ്ഇബി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറുന്നതിന് തൊട്ടുമുൻപായിരുന്നു ഉത്തരവ്
Updated on
1 min read

കെഎസ്ഇബി മുൻ ചെയർമാൻ ബി അശോകിന്റെ ഉത്തരവ് റദ്ദാക്കി കെഎസ്ഇബി ഡയറക്ടർ ബോർഡ്. ഇതോടെ യൂണിയൻ നേതാക്കള്‍ക്ക് അവരുടെ ജില്ലയ്ക്ക് പുറത്തും ജോലി ചെയ്യാനാകും. ജോലി ചെയ്യുന്നത് ജീവനക്കാരുടെ ജില്ലയില്‍ മാത്രമാക്കിയായിരുന്നു ബി അശോകിന്റെ ഉത്തരവ്.

കെഎസ്ഇബി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറുന്നതിന് തൊട്ടുമുൻപായിരുന്നു ബി അശോക് ഐഎഎസിന്റെ ഉത്തരവ്. യൂണിയൻ പ്രവർത്തനത്തില്‍ സജീവമായിരിക്കുന്ന നേതാക്കള്‍ക്ക് വലിയ തിരിച്ചടിയായിരുന്നു ഇത്. തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്ന കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സുരേഷ് കുമാറിന് പെരിന്തല്‍മണ്ണയിലേക്ക് മാറേണ്ടി വന്നു. നിരവധി നേതാക്കള്‍ക്ക് ഇത്തരത്തില്‍ അനുഭവമുണ്ടായി. ഇതോടെ ഉത്തരവിനെതിരെ ജീവനക്കാർ രംഗത്തെത്തുകയും ചെയ്തിരുന്നു. ഈ മാസം 13-ന് ചേർന്ന കെഎസ്ഇബിയുടെ ഫുള്‍ ബോർഡാണ് ബി അശോകിന്റെ ഉത്തരവ് റദ്ദാക്കിയത്.

ബി അശോകും കെഎസ്ഇബിയിലെ യൂണിയൻ നേതാക്കളുമായി മാസങ്ങളായി തർക്കത്തിലായിരുന്നു. കെഎസ്ഇബിയില്‍ അശോക് നടത്തിയ ഭരണ പരിഷ്കരണങ്ങളായിരുന്നു ഇതിന് പിന്നിലെ കാരണം. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജീവനക്കാർ ആസ്ഥാന മന്ദിരം ഉപരോധിക്കുന്ന നിലയിലേക്ക് എത്തുകയും ചെയ്തു. ജീവനക്കാരുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്നാണ് ബി അശോകിനെ മാറ്റിയത്. ജലവിഭവ വകുപ്പ് പ്രിൻസപ്പല്‍ സെക്രട്ടറി രാജൻ എൻ ഗോബ്രഡയെയാണ് നിയമിച്ചത്.

logo
The Fourth
www.thefourthnews.in