ഓഫീസ് അടിച്ചുതകർത്തതിന് ശിക്ഷാ നടപടിയുമായി കെഎസ്ഇബി; അക്രമികളുടെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചു
ഓഫീസ് അടിച്ചു തകർത്ത അക്രമികളുടെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച് കെഎസ്ഇബി. തിരുവമ്പാടി കെഎസ്ഇബി സെക്ഷൻ ഓഫീസിൽ അതിക്രമിച്ചു കയറുകയും അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെയുള്ള ജീവനക്കാരെ മർദ്ദിക്കുകയും ചെയ്ത വ്യക്തികളുടെ വൈദ്യുതി കണക്ഷനാണ് കെഎസ്ഇബി എംഡി ബിജു പ്രഭാകറിന്റെ നിർദ്ദേശപ്രകാരം വിച്ഛേദിച്ചത്.
നേരത്തെ ബിൽ തുക അടയ്ക്കാത്തതിനെ തുടർന്ന് തിരുവമ്പാടി ഉള്ളാറ്റിൽ റസാകിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചിരുന്നു. തുടർന്ന് റസാകിന്റെ മകൻ അജ്മലും സുഹൃത്ത് ഷഹദാദും ചേർന്ന് കെ എസ് ഇ ബി ലൈൻമാൻ പ്രശാന്ത്, സഹായി അനന്തു എംകെ എന്നിവരെ കയ്യേറ്റം ചെയ്യുകയും വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
തുടർന്ന് സംഭവത്തിൽ കെഎസ്ഇബി സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ പ്രശാന്ത് പിഎസ് തിരുവമ്പാടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
ഇതിൽ പ്രകോപിതനായ അജ്മലും ഷഹദാഗദും ഓഫീസിൽ എത്തുകയും ആക്രമം നടത്തുകയുമായിരുന്നെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ ആരോപിച്ചു. സംഭവത്തിൽ ഏകദേശം മൂന്ന് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്.
രാവിലെ ഓഫീസിലെത്തിയ അക്രമികൾ അസിസ്റ്റന്റ് എഞ്ചിനീയറുടെ ശരീരത്ത് ഭക്ഷണാവശിഷ്ടങ്ങളുള്ള മലിന ജലം ഒഴിക്കുകയും സ്ത്രീകളുൾപ്പെടെയുള്ള ജീവനക്കാരെ മർദ്ദിച്ചെന്നും പുറത്തിറങ്ങിയാൽ കൊന്നുകളയുമെന്ന ഭീഷണി മുഴക്കിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഓഫീസിലെ കമ്പൂട്ടറുകൾ അടക്കമുള്ള ഉപകരണങ്ങൾ തച്ചുതകർക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ അസി. എഞ്ചിനീയറും നാല് ജീവനക്കാരും മുക്കം ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്. അജ്മലിനും ഷഹദാദിനുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ചരിത്രത്തിൽ ആദ്യമായാണ് അക്രമം നടത്തിയതിന് കെഎസ്ഇബി വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത്.