പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി; നോട്ടുകൾ വിഴുങ്ങി കെഎസ്ഇബി സബ് എഞ്ചിനീയർ

അഴീക്കോട് പൂതപ്പാറ സ്വദേശി അബ്ദുൾ ഷുക്കൂറിൽ നിന്ന് 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ജോ ജോസഫ് പിടിയിലാകുന്നത്
Updated on
1 min read

കണ്ണൂർ വളപട്ടണത്ത് കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി സബ് എഞ്ചിനീയറെ വിജിലൻസ് സംഘം പിടികൂടി. അഴീക്കോട് പൂതപ്പാറ കെഎസ്ഇബി ഓഫീസിലെ സബ് എഞ്ചിനീയർ ജോ ജോസഫിനെയാണ് വിജിലൻസ് ഡിവൈഎസ്‍പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. വൈദ്യൂതി തൂൺ മാറ്റിയിടുന്നതുമായി ബന്ധപ്പെട്ട് അഴീക്കോട് പൂതപ്പാറ സ്വദേശി അബ്ദുൾ ഷുക്കൂറിൽ നിന്ന് 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ജോ ജോസഫ് പിടിയിലാകുന്നത്. വിജിലൻസ് സംഘത്തെ കണ്ടയുടൻ കൈക്കൂലിയായി വാങ്ങിയ പണം വിഴുങ്ങിയ പ്രതിയെ പിന്നീട് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.

അബ്ദുൾ ഷുക്കൂറിന്റെ വീടിന് മുന്നിലുള്ള കാർഷെഡിന് മുകളിലൂടെ അപകടരമായി കടന്നുപോകുന്ന വൈദ്യുതി ലൈൻ മാറ്റി സ്ഥാപിക്കുന്നതിനായി പൂതപ്പാറ കെഎസ്ഇബി ഓഫീസിൽ അപേ​ക്ഷ നൽകിയിരുന്നു. എസ്റ്റിമേറ്റ് നൽകാനായി സ്ഥലം സന്ദർശിച്ച സബ് എഞ്ചിനീയർ ജോ ജോസഫ് വൈദ്യുതി തൂൺ മാറ്റിയിടുന്നതിന് 5,500രൂപ ഫീസ് അടയ്ക്കാൻ നിർദേശിച്ചു. കഴിഞ്ഞ ബുധനാഴ്ച നിർദേശിച്ച പണമടച്ച ഷുക്കൂറിനോട് തനിക്ക് എറണാകുളത്തേക്ക് മാറ്റമാണെന്നും കാണേണ്ട രീതിയിൽ കണ്ടാൽ ഇന്ന് തന്നെ ഇലക്ട്രിക് പോസ്റ്റ് മാറ്റിയിടാൻ സാധിക്കുമെന്ന് പറഞ്ഞതായും അബ്ദുൾ ഷുക്കൂർ പറഞ്ഞു. അന്നേ ദിവസം തന്നെ പോസ്റ്റ് മാറ്റിയിടാൻ ജോ ജോസഫ് 1000 രൂപ കൈക്കൂലി ചോദിച്ചതായും അബ്ദുൾ ഷുക്കൂർ വിജിലൻസിനെ അറിയിച്ചു.

തുടർന്ന് വിജിലൻസ് ഡിവൈഎസ്‍പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലുള്ള സംഘം അബ്ദുൾ ഷുക്കൂറിന്റെ വീടിന് സമീപം വെച്ച് സബ് എഞ്ചിനീയർ ജോ ജോസഫിനെ പിടികൂടുകയായിരുന്നു. പിന്നീട് നടന്ന രാസ പരിശോധനയിൽ ജോ ജോസഫ് കൈക്കൂലി വാങ്ങിയതായി തെളിഞ്ഞു. വിജിലൻസ് സംഘത്തെ കണ്ടയുടൻ പണം വിഴുങ്ങിയതായി ജോ ജോസഫ് സമ്മതിച്ചതായും വിജിലൻസ് അറിയിച്ചു. എന്നാൽ വൈദ്യപരിശോധനയ്ക്കിടെ എൻഡോസ്കോപ്പി ചെയ്യാൻ പ്രതി വിസമ്മതിച്ചതായി വിജിലൻസ് പറഞ്ഞു.

logo
The Fourth
www.thefourthnews.in