അന്വേഷണം തടയാന്‍ കെഎസ്ഐഡിസിയുടെ അസാധാരണ നീക്കം, അർധരാത്രി ഹർജി! പരിശോധന ഒരുദിവസം നേരത്തെയാക്കി എസ്എഫ്ഐഒയുടെ കൗണ്ടര്‍
കേരള വ്യവസായ വികസന കോര്‍പറേഷന്‍ (കെ എസ് ഐ ഡി സി) ആസ്ഥാനത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ് എഫ് ഐ ഒ) അന്വേഷണസംഘം ഏതു നിമിഷവും എത്തുമെന്ന് തിരിച്ചറിഞ്ഞ് പരിശോധന ഒഴിവാക്കാന്‍ സര്‍ക്കാരും വ്യവസായ മന്ത്രിയുടെ ഓഫീസും നടത്തിയത് അസാധാരണ നീക്കങ്ങള്‍. ഇന്നലെ രാത്രി മുഴുവന്‍ നീണ്ട തിരക്കിട്ട കൂടിയാലോചനകള്‍ക്കൊടുവിലായിരുന്നു ഇന്നുതന്നെ ഹൈക്കോടതിയെ സമീപിക്കാനുള്ള കോര്‍പറേഷന്‍ തീരുമാനം.
കോര്‍പറേറ്റ് ലോ സര്‍വിസ് സീനിയര്‍ ഓഫിസര്‍ എം അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള എസ് എഫ് ഐ ഒ അന്വേഷണ സംഘം തിരുവനന്തപുരം വെള്ളയമ്പലത്തുള്ള കെ എസ് ഐ ഡി സി ആസ്ഥാനത്ത് ഫെബ്രുവരി എട്ടിനും ഒമ്പതിനും പരിശോധന നടത്തുമെന്ന നോട്ടീസ് ഇന്നലെ മാനേജിങ് ഡയറക്ടര്‍ എസ് ഹരികിഷോറിന് ഇ മെയില്‍ വഴി നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട അക്കൗണ്ട്, ഓഡിറ്റ് വിവരങ്ങള്‍ ഏഴാം തിയതി രാവിലെ 10.30നു മുന്‍പായി ഇ മെയില്‍ ആയി നല്‍കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. ഈ വിവരം ഹരികിഷോര്‍ കോര്‍പറേഷന്‍ ചെയര്‍മാനും മുന്‍ ചീഫ് സെക്രട്ടറിയുമായ പോള്‍ ആന്റണിയെയും വ്യവസായ മന്ത്രി പി രാജീവിനെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും വൈകിട്ട് തന്നെ അറിയിച്ചു. തുടര്‍ന്ന്, കേസുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനുള്ള നടപടികള്‍ ശരവേഗത്തിലാണ് കെ എസ് ഐ ഡി സി പൂര്‍ത്തിയാക്കിയത്.
അതിനിടെ, തിരുവനന്തപുരത്ത് കെഎസ്ഐഡിസിയില്‍ എസ്എഫ്ഐഒ നടത്തിയ മിന്നല്‍ പരിശോധനയിലെ ഇന്നത്തെ നടപടികള്‍ പൂര്‍ത്തിയായി. മൂന്ന് മണിക്കൂർ നീണ്ട പരിശോധനയ്ക്ക് ശേഷമാണ് ഉദ്യോഗസ്ഥ സംഘം വൈകീട്ട് അഞ്ച് മണിയോടെ മടങ്ങിയത്.
കെ എസ് ഐ ഡി സി കോടതിയെ സമീപിക്കുമെന്ന വിവരം മണത്തറിഞ്ഞ അന്വേഷണ സംഘം ഒരു ദിവസം നേരത്തെ പരിശോധന നടത്താന്‍ തീരുമാനിക്കുകയായിരുന്നു. മറ്റൊരു സുപ്രധാന കേസുമായി ബന്ധപ്പെട്ട് ഇന്ന് ചെന്നൈയില്‍ എത്തേണ്ടിയിരുന്ന അരുണ്‍ പ്രസാദ് യാത്ര മാറ്റിവച്ചാണ് സംഘത്തിലെ ചില ഉദ്യോഗസ്ഥര്‍ക്കൊപ്പം തിരുവനന്തപുരത്തേക്ക് തിരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ സംഘം കെ എസ് ഐ ഡി സി ഓഫീസിലെത്തുമ്പോള്‍ കോർപറേഷന്റെ ഹര്‍ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബഞ്ചിലേക്കുള്ള യാത്രയിലായിരുന്നു.
നേരത്തെ എസ് എഫ് ഐ ഒ അന്വേഷണത്തെ എതിര്‍ക്കാനായി മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ സി എസ് വൈദ്യനാഥനോട് കെ എസ് ഐ ഡി സി നിയമോപദേശം തേടിയിരുന്നു. അതനുസരിച്ച് ഹര്‍ജി തയാറാക്കാനുള്ള നടപടികള്‍ കോര്‍പറേഷന്റെ അഭിഭാഷകനായ പി യു ഷൈലജന്റെ ഓഫീസ് കഴിഞ്ഞയാഴ്ച ആരംഭിച്ചിരുന്നു.
ഇന്നലെ രാത്രിയോടെ അടിയന്തരമായി ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിക്കാന്‍ നിയമ വകുപ്പിന്റെ കൂടി ചുമതലയുള്ള വ്യവസായ മന്ത്രി പി രാജീവ് നിര്‍ദേശം നല്‍കി. ചൊവ്വാഴ്ച അര്‍ധരാത്രി പന്ത്രണ്ടരയോടെ ഓണ്‍ലൈനായി അഭിഭാഷകന്‍ പി യു ഷൈലജന്‍ കോര്‍ട്ട് ഫീ ഒടുക്കിയ ശേഷമാണ് 207 പേജ് വരുന്ന ഹര്‍ജി ഫയല്‍ ചെയ്യുന്നത്. രാവിലെ എട്ടിന് സ്‌ക്രൂട്ടിനി ആരംഭിച്ചപ്പോള്‍ ആദ്യത്തെ കേസായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിച്ചശേഷമാണ് ഉച്ചയോടെ ഹര്‍ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചിലെത്തുന്നത്.
സാധാരണ പൊതു അവധി ദിവസങ്ങള്‍ക്ക് മുന്നിലും പിന്നിലുമുള്ള ദിവസങ്ങളിലാണ് അടിയന്തര പ്രാധാന്യമുള്ള ഹര്‍ജികള്‍ ഫയല്‍ ചെയ്ത അന്നു തന്നെ പരിഗണിക്കാന്‍ കോടതികള്‍ തയാറാകുന്നത്. എന്നാല്‍ ഇന്നുച്ചയ്ക്ക് കെ എസ് ഐ ഡി സി ഓഫീസില്‍ റെയ്ഡ് തുടങ്ങിയെന്നത് അടിയന്തര സാഹചര്യമായി ഉന്നയിച്ചാണ് അന്വേഷണത്തിന് സ്റ്റേ വേണന്നു ഹൈക്കോടതിയില്‍ അഭിഭാഷകന്‍ ആവശ്യപ്പെടുന്നത്. അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയ ഹൈക്കോടതി കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തോട് വിശദീകരണം ചോദിച്ച് ഹര്‍ജി അവധിക്ക് വച്ചു.
കൊച്ചി ആസ്ഥാനമായ സി എം ആര്‍ എല്ലുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കുന്ന എസ്എഫ്ഐഒയ്ക്ക് തങ്ങളെപ്പറ്റി അന്വേഷിക്കാന്‍ അധികാരമില്ലെന്ന് സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെ എസ് ഐ ഡി സിയുടെ ഹർജിയിലെ വാദം. കേന്ദ്ര കമ്പനികാര്യ മന്ത്രാലയം ജനുവരി 31നാണ് എസ് എഫ് ഐ ഒ അന്വേഷണത്തിന് ഉത്തരവിട്ടത്.
കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റുടൈല്‍സ് ലിമിറ്റഡിന്റെ 13.41 ശതമാനം ഓഹരികള്‍ മാത്രം കൈവശമുള്ള കെ എസ് ഐ ഡി സിക്ക് കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. കെ എസ് ഐ ഡി സിക്ക് സി എം ആര്‍ എല്ലിന്റെ പ്രവര്‍ത്തനങ്ങളുടെ മേല്‍ ഒരു നിയന്ത്രണവുമില്ലെന്നും അതുകൊണ്ടുതന്നെ കമ്പനിക്കെതിരായ ആരോപണങ്ങള്‍ക്ക് കോര്‍പറേഷന് ഉത്തരവാദിത്തമില്ലെന്നുമാണ് വാദം.
കമ്പനികാര്യ മന്ത്രാലയം ഉത്തരവിട്ട അന്വേഷണത്തിന്റെ പരിധിയില്‍ കെ എസ് ഐ ഡി സിയെ ഉള്‍പ്പെടുത്തിയത് കോര്‍പറേഷനെ കേള്‍ക്കാതെയാണ്. ഒരു ചെറിയ ഓഹരി ഉടമ മാത്രമായ കോര്‍പറേഷനെ സി എം ആര്‍ എലും എക്സാലോജിക് സൊല്യൂഷന്‍സും തമ്മിലുള്ള ഇടപാടുകള്‍ അന്വേഷിക്കുന്ന എസ് എഫ് ഐ ഒയുടെ പരിധിയില്‍പ്പെടുത്തുന്നത് ശരിയല്ല. ഈ അന്വേഷണത്തിന് ആധാരമായി പറയുന്ന റജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് കെ എസ് ഐ ഡി സിക്ക് നല്‍കിയിട്ടില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
നിയമവിരുദ്ധമായ അന്വേഷണം ഉത്തരവിട്ട മന്ത്രാലയം അന്വേഷണ ഉത്തരവ് കോര്‍പറേഷന് നല്‍കും മുന്‍പ് മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നും ആദ്യം ഉത്തരവിട്ട കമ്പനികാര്യ മന്ത്രാലയ അന്വേഷണത്തെപ്പറ്റിയും രണ്ടാമത് ഉത്തരവിട്ട എസ് എഫ് ഐ ഒ അന്വേഷണത്തെപ്പറ്റിയും കെ എസ് ഐ ഡി സി അറിഞ്ഞത് മാധ്യമങ്ങളില്‍ നിന്നാന്നെന്നും ഹര്‍ജിയില്‍ പരാമര്‍ശമുണ്ട്.
കൊച്ചിയിലെ കമ്പനി റജിസ്ട്രാര്‍ അന്വേഷണത്തിന്റെ ഭാഗമായി ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം കോര്‍പറേഷന്‍ മറുപടി നല്‍കിയിട്ടുണ്ട്. എന്നാല്‍ റജിസ്ട്രാറുടെ റിപ്പോര്‍ട്ടില്‍ കെ എസ് ഐ ഡി സി മറുപടി നല്‍കിയിട്ടില്ലെന്നാണ് പറഞ്ഞിരിക്കുന്നതെന്നും കോര്‍പറേഷനിലെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ലീഗല്‍) വി ആര്‍ ഉഷ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആരോപിക്കുന്നു.
കെ എസ് ഐ ഡി സിക്കെതിരായ ആരോപണങ്ങള്‍ എന്തെന്ന് അന്വേഷണ ഉത്തരവില്‍ വ്യക്തമല്ലെന്നും ഈ വിഷയത്തിലെ പൊതു താല്പര്യം എന്താണെന്നും ഹര്‍ജിയിൽ ചോദിക്കുന്നു.