കെഎസ്ആര്‍ടിസി പ്രതിസന്ധി; മുഖ്യമന്ത്രിയുമായി ഇന്ന് നിര്‍ണായക യോഗം, മുടങ്ങിയ ശമ്പളത്തിന്റെ മൂന്നിലൊന്ന് ഇന്നുമുതല്‍
കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ ഇന്ന് നിര്‍ണായക യോഗം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് വിവിധ വിഷയങ്ങള്‍ പരിഗണിച്ച് കൊണ്ട് തൊഴിലാളി സംഘടനകളുമായി ഇന്ന് യോഗം നിശ്ചയിച്ചിരിക്കുന്നത്. ശമ്പള പ്രതിസന്ധി, ഡ്യൂട്ടി പരിഷ്‌കരണം എന്നിവയാണ് യോഗം പ്രധാനമായും പരിഗണിക്കുക. മാനേജ്‌മെന്റ് പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.
അതേസമയം, ജീവനക്കാര്‍ക്ക് താല്‍ക്കാലിക ആശ്വാസമായി ഇന്ന് ശമ്പള വിതരണവും ആരംഭിക്കും. മുടങ്ങിയ ജൂലൈ മാസത്തിലെ ശമ്പളമാണ് ഇന്ന് മുതല്‍ അനുവദിക്കുക. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ കുടിശ്ശികയായ ശമ്പളത്തിന്റെ മൂന്നിലൊന്ന് എന്ന നിലയിലായിരിക്കും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുക. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് നടപടി. മുടങ്ങിയ ശമ്പളത്തിന്റെ മൂന്നിലൊന്ന് ഓണത്തിന് മുന്‍പ് നല്‍കണമെന്നായിരുന്നു കോടതി നിര്‍ദേശം. ഇതിന് പിന്നാലെ 50 കോടി രൂപ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ശമ്പള വിതരണത്തിനായി കെഎസ്ആര്‍ടിസിക്ക് കൈമാറിയിരുന്നു.
എന്നാല്‍, നിലവിലെ പ്രശ്നങ്ങള്‍ മറികടക്കാന്‍ കെഎസ്ആര്‍ടിസി മുന്നോട്ട് വയ്ക്കുന്ന ഡ്യൂട്ടി പരിഷ്‌കരണ വിഷയത്തില്‍ ഇന്നത്തെ യോഗം നിര്‍ണായകമാണ്. ഏട്ട് മണിക്കൂറില്‍ കൂടുതല്‍ ജോലി അടിച്ചേല്‍പ്പിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നാണ് തൊഴിലാളി സംഘടനകളുടെ നിലപാട്. സി ഐ ടി യു ഒഴികെയുള്ള സംഘടനകളാണ് ഈ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നത്.
കെഎസ്ആര്‍ടിസിയിലെ പ്രശ്നങ്ങൾ മറികടക്കാൻ പന്ത്രണ്ട് മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിക്ക് തയ്യാറാവണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെടും. സിംഗിള്‍ ഡ്യൂട്ടി പ്രകാരം 8 മണിക്കൂര്‍ ജോലിയും 4 മണിക്കൂര്‍ വിശ്രമവുമാണ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്. എന്നാല്‍ ഡ്യൂട്ടി പരിഷ്‌കരണം അടിച്ചേല്‍പ്പിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നാണ് സി ഐ ടി യു ഒഴികെയുള്ളവരുടെ ഉറച്ച നിലപാട്. ഏട്ട് മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യാനാവില്ലെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ആവശ്യമെങ്കില്‍ പണിമുടക്ക് അടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങാനും ആലോചന ഉണ്ട് .
എന്നാൽ ഈ വിഷയം നേരത്തെ ശമ്പള പരിഷ്‌കരണം കരാറില്‍ ഏര്‍പ്പെട്ടപ്പോള്‍ യൂണിയനുകള്‍ ഇത് അംഗീകരിച്ചതാണെന്നും ഇപ്പോള്‍ എതിര്‍ക്കുകയാണെന്നും ഗതാഗത മന്ത്രി നിയമ സഭയില്‍ അറിയിച്ചിരുന്നു.
കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍ പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ച അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി നല്‍കിയ നോട്ടീസിന് മറുപടിയായാണ് ഗതാഗത മന്ത്രി ആന്റണി രാജു ഇക്കാര്യം അറിയിച്ചത്. വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടുമെന്ന പ്രഖ്യാപനവും നിയമസഭയിലായിരുന്നു. കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കുന്നതിന് മൂന്ന് വട്ടം മന്ത്രിതലത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍.