കെഎസ്ആര്‍ടിസിയില്‍ ശമ്പളം ഗഡുക്കളായി നല്‍കും; സര്‍ക്കാര്‍ ധനസഹായം ലഭിച്ചാല്‍  ബാക്കി

കെഎസ്ആര്‍ടിസിയില്‍ ശമ്പളം ഗഡുക്കളായി നല്‍കും; സര്‍ക്കാര്‍ ധനസഹായം ലഭിച്ചാല്‍ ബാക്കി

അഞ്ചാം തീയതിക്ക് മുൻപ് മാനേജ്‌മെന്റിന്റെ കൈവശമുളള തുകയും ഓവര്‍ഡ്രാഫ്റ്റും ചേര്‍ത്ത് പരമാവധി തുക ആദ്യ ഗഡുവായി ജീവനക്കാര്‍ക്ക് നല്‍കാനാണ് തീരുമാനം
Updated on
1 min read

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം ഗഡുക്കളായി നല്‍കാന്‍ തീരുമാനം. അഞ്ചാം തീയതിക്ക് മുമ്പ് മാനേജ്മെന്റിന്റെ കൈവശമുളള തുകയും ഓവര്‍ഡ്രാഫ്റ്റും ചേര്‍ത്ത് പരമാവധി തുക ആദ്യ ഗഡുവായി ജീവനക്കാര്‍ക്ക് നല്‍കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്നതിന് തൊട്ടടുത്ത ദിവസം തന്നെ ബാക്കി തുക രണ്ടാം ഗഡുവായി നല്‍കി ആ മാസത്തെ ശമ്പളം പൂര്‍ണമായും നല്‍കുമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ജീവനക്കാരുടെ ശമ്പള പ്രതിസന്ധി സംബന്ധിച്ച വിഷയത്തിലുണ്ടായ ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്ന് ജീവനക്കാര്‍ക്ക് ഗഡുക്കളായി ശമ്പളം നല്‍കുമെന്ന് ഉത്തരവിറക്കി കെഎസ്ആര്‍ടിസി. രണ്ട് ഗഡുക്കളായി ശമ്പളം നല്‍കാനാണ് മാനേജ്മെന്റ് തീരുമാനം.

Attachment
PDF
ശമ്പള വിതരണം_പ്രതിസന്ധി.pdf
Preview

എന്നാല്‍, ഗഡുക്കളായി ശമ്പളം വാങ്ങാതെ മുഴുവന്‍ ശമ്പളം സര്‍ക്കാര്‍ സഹായം ലഭിച്ചതിനു ശേഷം മതി എന്ന് ആഗ്രഹിക്കുന്ന ജീവനക്കാരും, ഓഫീസര്‍മാരും വ്യക്തിഗത സമ്മതപത്രം ഈ മാസം 25ന് മുന്‍പായി സമര്‍പ്പിക്കണമെന്നും സിഎംഡിയുടെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്ത മാനേജ്‌മെന്റ് നടപടിയെ കഴിഞ്ഞദിവസം ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്ത മാനേജ്‌മെന്റ് നടപടിയെ കഴിഞ്ഞദിവസം ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ സ്ഥാപനം പൂട്ടിക്കോളൂ എന്നാണ് ഹൈക്കോടതി വിമര്‍ശിച്ചത്. ജീവനക്കാര്‍ക്ക് ടാര്‍ഗെറ്റ് അനുസരിച്ച് ശമ്പളം നല്‍കാന്‍ അടുത്തിടെ നടത്തിയ നീക്കത്തെ യൂണിയനുകള്‍ ശക്തമായി എതിര്‍ത്തിരുന്നു. ഇതിനു പിന്നാലെയാണ് ഗഡുക്കളായി ശമ്പളം നല്‍കാനുളള തീരുമാനം.

നിലവില്‍ സര്‍ക്കാര്‍ സഹായത്തോടുകൂടിയാണ് ശമ്പളം നല്‍കി വരുന്നത്. കഴിഞ്ഞ ജൂണ്‍ മുതല്‍ പ്രതിമാസം 50 കോടി രൂപയാണ് ശമ്പള ഇനത്തില്‍ കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ അനുവദിച്ച് വരുന്നതെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

അതിനിടെ, മാനേജ്‌മെന്റിന്റെ തീരുമാനത്തിന് എതിരെ തൊഴിലാളികള്‍ക്കിടയില്‍ അമര്‍ഷം ശക്തമാണ്. സിഎംഡിയെ രൂക്ഷമായി വിമര്‍ശിച്ച് ബസുകളില്‍ പോസ്റ്ററുകള്‍ ഉള്‍പ്പെടെ ഇതിനോടകം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

logo
The Fourth
www.thefourthnews.in