വിരമിച്ച ജീവനക്കാർക്കുള്ള ആനുകൂല്യ വിതരണം: പണം കണ്ടെത്താൻ സാവകാശം വേണമെന്ന് കെഎസ്ആർടിസി

വിരമിച്ച ജീവനക്കാർക്കുള്ള ആനുകൂല്യ വിതരണം: പണം കണ്ടെത്താൻ സാവകാശം വേണമെന്ന് കെഎസ്ആർടിസി

2022 മാർച്ച് 31ന് മുമ്പ് വിരമിച്ച 174 കെഎസ്ആർടിസി ജീവനക്കാർക്ക് ഉടൻ പെൻഷൻ ആനുകൂല്യങ്ങൾ വിതരണം ചെയ്യാനാകുമോയെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു
Updated on
1 min read

പെൻഷൻ നൽകാൻ കൂടുതൽ സമയം വേണമെന്ന് കെഎസ്ആർടിസി. ആദ്യഘട്ട പെൻഷൻ നൽകാൻ 12 കോടിയിലധികം രൂപ വേണമെന്ന് കെ എസ് ആർ ടി സി ഹൈക്കോടതിയെ അറിയിച്ചു. അടുത്ത 45 ദിവസത്തിനുള്ളിൽ 10 കോടി രൂപയിൽ കൂടുതൽ കണ്ടെത്തനാവില്ലാണ് വിശദീകരണം. കെ എസ് ആർ ടി സി യിൽ നിന്ന് 2022 മാർച്ച് 31-നു മുൻപ് വിരമിച്ച 174 ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യാനാകുമോ കോടതി നിർദേശത്തോടാണ് കെഎസ്ആർടിസി നിലപാട് അറിയിച്ചത്. വിരമിച്ചവരുടെ പെൻഷൻ ആനുകൂല്യങ്ങൾ നാലു മാസത്തിനകം വിതരണം ചെയ്യണമെന്ന ഉത്തരവിനെതിരെ കെ എസ്ആ ർ ടി സി നൽകിയ പുനഃപരിശോധനാ ഹർജിയിലാണ് കോടതി ഇക്കാര്യങ്ങൾ ആരാഞ്ഞത്. പെൻഷൻ നൽകാൻ മൊത്തം 68 കോടി വേണമെന്നും കെഎസ്ആർടിസി അറിയിച്ചു. ആദ്യ ഘട്ടത്തിൽ 2022 മാർച്ച് 31 വരെ വിരമിച്ചവർക്ക് ആണ് പെൻഷൻ നൽകുക.

ഏപ്രിൽ ഒന്ന് മുതൽ ജൂൺ 30 വരെ വിരമിച്ചവരുടെ പകുതി പെൻഷൻ ആനുകൂല്യങ്ങളും ഉടൻ നൽകാൻ കഴിയുമോയെന്നും ശേഷിക്കുന്നവരുടെ കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കാമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കിയിരുന്നു.

പെൻഷൻകാരെ മൂന്നുതട്ടായിത്തിരിച്ച് ആനുകൂല്യങ്ങൾ നൽകുക എന്ന നിർദേശമാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുന്നോട്ടുവച്ചിരിക്കുന്നത്. 2001 ജനുവരി മുതൽ ഇതുവരെ 1001 ജീവനക്കാർ വിരമിച്ചെങ്കിലും 23 പേർക്ക് മാത്രമാണ് പെൻഷൻ ആനുകൂല്യങ്ങൾ നൽകാനായതെന്ന് ചൂണ്ടിക്കാട്ടി നേരത്തെ കെ എസ്ആർടിസി സത്യവാങ്മൂലം നൽകിയിരുന്നു. പെൻഷൻ ആനുകൂല്യം വിതരണം ചെയ്യാൻ 50 കോടിയുടെ സർക്കാർ സഹായം തേടിയിട്ടുണ്ടെന്നും രണ്ടുവർഷത്തെ സാവകാശം അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഇത് അനുവദിക്കാനാവില്ല എന്ന് കോടതി വ്യക്തമാക്കിയിരുന്നു.

കുടിശികയുള്ള പെൻഷൻ ആനുകൂല്യങ്ങൾ നൽകാൻ പരമാവധി ആറുമാസം വരെ മാത്രമേ അനുവദിക്കാനാകൂ. രണ്ടു വർഷത്തെ സമയമൊന്നും നൽകാനാവില്ല. ആനുകൂല്യ വിതരണത്തിന് സീനിയോറിറ്റി പ്രകാരമുള്ള പട്ടികയും ഇതിനായുള്ള ഫണ്ട് കണ്ടെത്തുന്നതിനുള്ള വിവരങ്ങളും ഉൾപ്പെടെ വിശദമായ പദ്ധതി സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.

logo
The Fourth
www.thefourthnews.in