സെപ്റ്റംബറിലെ ശമ്പളം നല്‍കാന്‍ 50 കോടി രൂപ വേണം; സർക്കാര്‍ സഹായം തേടി കെഎസ്ആർടിസി, സമരത്തിനിറങ്ങിയാല്‍ ശമ്പളമുണ്ടാകില്ല
സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന കെഎസ്ആർടിസി സെപ്റ്റംബറിലെ ശമ്പളം വിതരണം ചെയ്യുന്നതിനായി സർക്കാരിനോട് സഹായം തേടി. മാനേജ്മെൻ്റ് 50 കോടി രൂപയാണ് ആവശ്യപ്പെട്ടത്. ഒക്ടോബർ അഞ്ചിന് മുൻപായി ശമ്പളം നൽകാനാണ് കെഎസ്ആർടിസിയുടെ ഈ നീക്കം. ഡ്യൂട്ടി പരിഷ്കരണത്തിനെതിരെ നാളത്തെ സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് ശമ്പളം നല്‍കില്ലെന്നാണ് കെഎസ്ആര്‍ടിസിയുടെ നിലപാട്.
അതിനിടെ സിംഗിള്‍ ഡ്യൂട്ടി സംബന്ധിച്ച് ചിലർ തെറ്റിദ്ധാരണ പരത്തുകയാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. സമരം നടത്തുന്നവരെ സഹായിക്കാന്‍ യൂണിയനുണ്ടാകില്ല. കെഎസ്ആര്‍ടിസി മാനേജ്മെന്റ് പ്രഖ്യാപിച്ച ഡയസ്നോൺ സർക്കാർ മുമ്പും അംഗീകരിച്ചിട്ടുണ്ട്. സമ്മർദത്തിന് സർക്കാർ വഴങ്ങില്ലെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.
അതേസമയം കെഎസ്ആർടിയിൽ നാളെ മുതൽ പുതിയ ഡ്യൂട്ടി സമ്പ്രദായത്തിന് തുടക്കമാകും. ഇതുപ്രകാരം ആഴ്ചയിൽ 6 ദിവസം സിംഗിൾ ഡ്യൂട്ടി നടപ്പാക്കി തുടങ്ങും. പാറശ്ശാല ഡിപ്പോയിലാണ് ആദ്യഘട്ടത്തിൽ നടപ്പിലാക്കുക. 8 ഡിപ്പോകളിൽ ഡ്യൂട്ടി പരിഷ്കരണത്തിന് നേരത്തെ തീരുമാനമെടുത്തിരുന്നെങ്കിലും ഷെഡ്യൂളുകളിലെ അപാകതകൾ യൂണിയനുകൾ ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനം മാറ്റിയത്. ഇന്നലെ മാനേജ്മെന്റ് വിളിച്ച യോഗത്തിൽ സിഐടിയു, ബിഎംഎസ് യൂണിയനുകൾ സർക്കാർ തീരുമാനത്തെ പിന്തുണച്ചിരുന്നു. തീരുമാനത്തെ അംഗീകരിച്ചെങ്കിലും12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അംഗീകരിക്കില്ലെന്ന് ബിഎംഎസ് വ്യക്തമാക്കിയിട്ടുണ്ട്.
സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കിയ ശേഷം 6 മാസം പരിശോധിച്ച് പരാതികൾ പരിഹരിക്കാനാണ് സർക്കാരിന്റെ തീരുമാനം. 8 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യേണ്ടി വരുന്ന ഷെഡ്യൂളുകളിൽ മണിക്കൂറിന് ഇരട്ടി വേതനം നൽകുമെന്നാണ് ഇന്നലെ മാനേജ്മെന്റ് അറിയിച്ചത്. എന്നാൽ സിംഗിൾ ഡ്യൂട്ടി പ്രകാരം 12 മണിക്കൂർ എന്നതാണ് രീതി. ഇതിൽ 8 മണിക്കൂർ ബസിൽ ജോലിചെയ്യണം. ബാക്കി 4 മണിക്കൂർ ഡിപ്പോയിൽ ഉണ്ടായിരിക്കണം. ഈ 4 മണിക്കൂറിന് വേതനമില്ല. ഇതിനെതിരെയാണ് യൂണിയനുകളുടെ പ്രതിഷേധം.
തീരുമാനത്തെ തുടക്കം മുതൽ എതിർക്കുന്ന ടിഡിഎഫ്, നാളെ മുതൽ പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്കുമായി മുന്നോട്ടു പോകാനുള്ള തീരുമാനത്തിലാണ്. പൊതുജനങ്ങൾക്കും മറ്റ് ജീവനക്കാർക്കും ഏതെങ്കിലും രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുകയോ, സർവീസിനെ ബാധിക്കുകയോ ചെയ്‌താൽ സമരം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാന്‍ യൂണിറ്റ് ഓഫീസർമാർക്ക് മാനേജ്മെന്റ് നിർദേശം നൽകി. പണിമുടക്കിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഡയസ്നോൺ ബാധകമാക്കുമെന്നും സെപ്റ്റംബറിലെ ശമ്പളം നൽകില്ലെന്നുമാണ് മാനേജ്‌മെന്റിന്റെ മുന്നറിയിപ്പ്.