ശമ്പള വിതരണം വെെകുന്നതില്‍ പ്രതിഷേധം; കെഎസ്ആര്‍ടിസിയില്‍ പണിമുടക്ക് പ്രഖ്യാപിച്ച് ബിഎംഎസ്
കെഎസ്ആർടിസിയിൽ ശമ്പള വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് പണിമുടക്ക് പ്രഖ്യാപിച്ച് ബിഎംഎസ്. മെയ് എട്ടിന് പ്രതിഷേധത്തിന്റെ ആദ്യപടിയെന്നോണം സൂചനാ പണിമുടക്ക് നടത്താനാണ് സംഘടനയുടെ തീരുമാനം. തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയ്ക്ക് മുന്നിൽ 12 മണിക്കൂര്‍ പട്ടിണി സമരം ആരംഭിച്ചതിന് പിന്നാലെയാണ് ബിഎംഎസ് പണിമുടക്ക് പ്രഖ്യാപിച്ചത്.
ശമ്പള വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമരം കെഎസ്ആർടിസി തിരുവനന്തപുരം ചീഫ് ഓഫീസിന് മുന്നിൽ തുടരുകയാണ്. സിഐടിയുവും ഐഎൻടിയുസിയും ഒന്നിച്ചാണ് പ്രതിഷേധ ധർണയ്ക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. സർവീസുകൾ മുടക്കാതെയാണ് തൊഴിലാളി പ്രതിഷേധം.
വരും ദിവസങ്ങളിൽ സമരം കൂടുതൽ വിപുലപ്പെടുത്താനാണ് സംയുക്ത തൊഴിലാളി യൂണിയനുകളുടെ തീരുമാനം. എന്നാല്‍ യൂണിയനുകളുടെ നേതൃത്വത്തിൽ തൊഴിലാളികൾ സമരം ശക്തമാക്കുമ്പോഴും ഗഡുക്കളായി ശമ്പളം നൽകുന്ന രീതിയിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കെഎസ്ആർടിസി മാനേജ്മെന്റ്. മാര്‍ച്ച് മാസത്തെ ശമ്പളത്തിന്റെ ആദ്യ ഗഡു മാത്രമാണ് ഇതുവരെ ജീവനക്കാര്‍ക്ക് ലഭിച്ചത്.