മുഖ്യമന്ത്രിയുടെ ഉറപ്പ് പാഴായി; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങി
കെഎസ്ആർടിസി ജീവനക്കാർക്ക് എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം കൊടുക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്ക് പാഴ്വാക്കായി. കഴിഞ്ഞ കുറേ മാസങ്ങളായി ശമ്പളം മുടങ്ങിയ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് മൂന്ന് മാസം മുന്‍പാണ് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയത്. എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. എന്നാല്‍ നവംബര്‍ മാസത്തെ ശമ്പളം ഇതുവരെ നല്‍കാന്‍ സര്‍ക്കാരിനായില്ല. മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് തെറ്റിയെന്ന ആശങ്കയിലാണ് സംസ്ഥാനത്തെ ഇരുപത്തയ്യായിരത്തോളം വരുന്ന കെഎസ്ആര്‍ടിസി ജീവനക്കാര്‍.
അടുത്ത വര്‍ഷം മുതല്‍ സാമ്പത്തിക സഹായം നല്‍കാനാകില്ലെന്ന് ധനവകുപ്പ് കെഎസ്ആര്‍ടിസിയെ അറിയിച്ചു
അതേസമയം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനായി എല്ലാമാസവും സര്‍ക്കാര്‍ നല്‍കിയിയിരുന്ന സാമ്പത്തിക സഹായം നിര്‍ത്തലാക്കുന്നുവെന്നാണ് സൂചന. അടുത്ത വര്‍ഷം മുതല്‍ സാമ്പത്തിക സഹായം നല്‍കാനാകില്ലെന്ന് ധനവകുപ്പ് കെഎസ്ആര്‍ടിസിയെ അറിയിച്ചു. 1000 കോടിയാണ് പ്രതിവര്‍ഷം കെഎസ്ആര്‍ടിസിക്കായി ബജറ്റില്‍ വകയിരുത്തുന്നത്.
എന്നാല്‍ ശമ്പള വിതരണത്തിന് എല്ലാ മാസവും 30 മുതല്‍ 50 കോടി വരെ വീണ്ടും സര്‍ക്കാര്‍ തന്നെ നല്‍കേണ്ട സ്ഥിതിയാണ്. ഇത് തുടര്‍ന്ന് പോകാനാകില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. സര്‍ക്കാര്‍ സഹായം നിലച്ചാല്‍ ജീവനക്കാര്‍ വീണ്ടും അടുത്ത സമരവുമായി രംഗത്തിറങ്ങാന്‍ നിര്‍ബന്ധിതരായേക്കും.