'ബുധനാഴ്ചയ്ക്ക് മുന്‍പ് ശമ്പളം നല്‍കണം; പറ്റില്ലെങ്കില്‍ അടച്ചുപൂട്ടിക്കോളൂ' - കെഎസ്ആര്‍ടിസിയോട് ഹൈക്കോടതി
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം അടുത്ത ബുധാഴ്ചയ്ക്ക് മുന്‍പ് വിതരണം ചെയ്യണമെന്ന് ഹൈക്കോടതി. ശമ്പളം നല്‍കാന്‍ സാധിക്കുന്നില്ലെങ്കില്‍ സ്ഥാപനം അടച്ചുപൂട്ടിക്കോളൂ എന്നും കോടതി പറഞ്ഞു. ഇതുവരെയും ശമ്പളം നല്‍കിയിട്ടില്ലെന്ന് ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കിയത്. ബുധനാഴ്ചയ്ക്കകം ശമ്പളം വിതരണം ചെയ്യാമെന്ന് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു. വരുമാനം വര്‍ധിപ്പിക്കാനുള്ള മാനേജ്‌മെന്റിന്റെ ഒരു നടപടിയും സ്റ്റേ ചെയ്യില്ലെന്ന് ജസ്റ്റിസ് സതീഷ് നൈനാന്‍ വ്യക്തമാക്കി.
ശമ്പളം നല്‍കാനായി കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ 103 കോടി രൂപ നല്‍കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടിരുന്നു
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം വൈകുന്നതിനെതിരെ ജീവനക്കാരനായ ആര്‍.ബാജിയടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. നേരത്തെ ശമ്പളം നല്‍കാനായി കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ 103 കോടി രൂപ നല്‍കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ കെഎസ്ആര്‍ടിസി ജീവനക്കാരും സര്‍ക്കാരും തമ്മില്‍ തൊഴിലാളി - തൊഴിലുടമ ബന്ധമല്ലെന്നും ജീവനക്കാരെ നിയമിക്കുന്നത് കെഎസ്ആര്‍ടിസിയാണെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. ഇതോടെ ഡിവിഷന്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തിരുന്നു. നിരവധി തവണ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതില്‍ വീഴ്ചയുണ്ടാകരുതെന്ന് ഹൈക്കോടതി കെഎസ്ആര്‍ടിസിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.