റൊമാന്റിക് ഇടങ്ങളിലേക്ക് ഒരു യാത്രയാകാം; കെഎസ്ആർടിസി വിളിക്കുന്നു

റൊമാന്റിക് ഇടങ്ങളിലേക്ക് ഒരു യാത്രയാകാം; കെഎസ്ആർടിസി വിളിക്കുന്നു

കൂത്താട്ടുകുളം ഡിപ്പോയുടെ നൂറാമത് സർവീസാണ് പ്രണയികൾക്കായി പ്രത്യേകമായി നൽകുന്നത്
Updated on
1 min read

ചുവന്ന ആനവണ്ടിയിൽ പ്രണയം പൂക്കും. ഇത്തവണ വാലന്റൈൻ ദിനത്തിൽ പ്രണയിക്കുന്നവർക്കായി വ്യത്യസ്തമായ അനുഭവം ഒരുക്കാൻ കെഎസ്ആർടിസി. പ്രണയികൾക്കായി ഒരു മുഴുനീള യാത്രയാണ് കെഎസ്ആർടിസി കൂത്താട്ടുകുളം ഡിപ്പോ പദ്ധതിയിട്ടിരിക്കുന്നത്. രാവിലെ 5.45ന് തുടങ്ങി രാത്രി 11 മണിക്ക് അവസാനിക്കുന്ന യാത്ര വാലന്റൈൻ ദിനത്തിലാണ് ഒരുക്കിയിരിക്കുന്നത്. കൂത്താട്ടുകുളം ഡിപ്പോയുടെ നൂറാമത് സർവീസാണ് പ്രണയികൾക്കായി പ്രത്യേകമായി നൽകുന്നത്. കൂത്താട്ടുകുളത്ത് നിന്ന് കൊല്ലത്തേക്കാണ് സർവീസ്. ബസിൽ കയറുന്ന പ്രണയികൾക്ക് മൺറോതുരുത്ത്, സാമ്പ്രാണിക്കൊടി, കൊല്ലത്തെ ഒരു ബീച്ച് എന്നിങ്ങനെ യാത്ര ഉല്ലാസകരമാക്കാനും പ്രണയദിനം ആഘോഷമാക്കുവാൻ സ്റ്റോപ്പും ഉണ്ട്. 51 സീറ്റുള്ള ബസ് ഇതിനായി തയ്യാറായിക്കഴിഞ്ഞു. 1070 രൂപയാണ് ഒരാൾക്ക് പ്രണയിക്കാൻ ബസ്കൂലി.

യാത്രയിലെ പ്രണയഭാവങ്ങളെ 'സെൽഫി' യാക്കുവാനുള്ള ഔപചാരിക ക്ഷണവുമായാണ് തലസ്ഥാനത്തെ കെഎസ്ആർടിസി എത്തിയിരിക്കുന്നത്. പ്രണയം മനസ്സിലുള്ള ആർക്കും യാത്ര ചെയ്ത് സെൽഫി എടുത്ത് മത്സരത്തിൽ പങ്കെടുക്കാം. ഫെബ്രുവരി 14ന് തിരുവനന്തപുരം സിറ്റി സർക്കുലർ സർവീസ് യാത്ര ചെയ്ത് സെൽഫിയെടുക്കുന്ന പ്രണയജോഡികൾക്ക് സ്‌പെഷ്യൽ സമ്മാനവും വാഗ്ദാനം ചെയ്തിരിക്കുകയാണ്.

നിലവിൽ ലാഭത്തിലേയ്ക്ക് എത്താത്ത സിറ്റി സർക്കുലർ സർവീസുകളെ കൂടുതൽ ശ്രദ്ധേയമാക്കുന്നതിന്റെ ഭാഗമായാണ് കെഎസ്ആർടിസിയുടെ ഇത്തരമൊരു ശ്രമം

കമിതാക്കൾക്കും ദമ്പതിമാർക്കുമെല്ലാം മത്സരത്തിൽ പങ്കെടുക്കുവാനാകും. തലസ്ഥാന നഗരത്തെ വലംവച്ചു കൊണ്ട് ഓടുന്ന ഏഴ് സിറ്റി സർക്കുലറുകളിലെ സെൽഫികൾ മാത്രമാകും മത്സരത്തിനായി പരിഗണിക്കുക. 21 പ്രണയ ജോഡികൾക്ക് സമ്മാനം നൽകും. നിലവിൽ ലാഭത്തിലേയ്ക്ക് എത്താത്ത സിറ്റി സർക്കുലർ സർവീസുകളെ കൂടുതൽ ശ്രദ്ധേയമാക്കുന്നതിന്റെ ഭാഗമായാണ് കെഎസ്ആർടിസിയുടെ ഇത്തരമൊരു ശ്രമം.

logo
The Fourth
www.thefourthnews.in