'ഒരു വ്യക്തിയുടെ അബദ്ധം പാര്‍ട്ടി തീരുമാനമാക്കി അവതരിപ്പിക്കുന്നത് വിവരക്കേട്'; അനിൽകുമാറിനെ തള്ളി ജലീൽ
തട്ടം വേണ്ടെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഭാഗമായിട്ടാണെന്ന സിപിഎം നേതാവ് അഡ്വ. കെ അനിൽകുമാറിന്‍റെ പ്രസ്താവന തള്ളി മുൻ മന്ത്രി കെടി ജലീൽ. ഒരു വ്യക്തിയുടെ അബദ്ധം പാർട്ടിയുടെ തീരുമാനമാക്കി അവതരിപ്പിക്കാൻ ശ്രമിക്കുന്നത് തികഞ്ഞ വിവരക്കേടാണെന്നും തട്ടമിടാത്തത് പുരോഗമനത്തിന്‍റെ അടയാളമേ അല്ലെന്നും അദ്ദേഹം പറഞ്ഞു.
''കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഒരു മുസ്ലിം പെൺകുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ല. കാളപെറ്റുവെന്ന് കേൾക്കുമ്പോഴേക്ക് കയറെടുക്കുന്ന പ്രവണത ശരിയല്ല,'' ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
നിശാഗാന്ധി ഓഡിറ്റോറിയത്തില്‍ സി രവിചന്ദ്രന്റെ നേതൃത്വത്തില്‍ യുക്തിവാദ സംഘടനയായ എസ്സന്‍സ് ഗ്ലോബല്‍ സംഘടിപ്പിച്ച ലിറ്റ്മസ്'23 നാസ്തിക സമ്മേളനത്തിലായിരുന്നു അനില്‍കുമാറിന്റെ പരാമര്‍ശം. സ്വതന്ത്രചിന്ത വന്നതില്‍ ഈ പ്രസ്ഥാനത്തിന്റെ പങ്ക് ചെറുതല്ലെന്നും മുസ്ലിം സ്ത്രീകള്‍ പട്ടിണികിടക്കുന്നില്ലെങ്കില്‍ അതിന് നന്ദി പറയേണ്ടത് എസ്സന്‍സിനോടല്ല, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോടാണെന്നും കെ അനില്‍കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു.
''മലപ്പുറത്ത് നിന്നും വരുന്ന പുതിയ പെണ്‍കുട്ടികളെ കാണൂ നിങ്ങള്‍. തട്ടം തലയിലിടാന്‍ വന്നാല്‍ അത് വേണ്ടായെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായത് ഈ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ ഭാഗമായി തന്നെ, വിദ്യാഭ്യാസം ഉണ്ടായതിന്റെ ഭാഗമായി തന്നെയെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതുകൊണ്ട് സ്വതന്ത്രചിന്ത വന്നതില്‍ ഈ പ്രസ്ഥാനത്തിന്റെ പങ്ക് ചെറുതല്ല,'' എന്നായിരുന്നു അനില്‍ കുമാറിന്റെ വാക്കുകള്‍. ഇതിനു പിന്നാലെയാണ് ജലീലിൽ ഫെയ്‌സ്ബുക്കിലൂടെ മറുപടി നൽകിയത്.
''ലീഗ് നേതാവ് അബ്ദുറഹിമാൻ കല്ലായി മന്ത്രി റിയാസിനെക്കുറിച്ച് ആക്രോശിച്ച ജൽപ്പനങ്ങൾ മുസ്ലിംലീഗിന്‍റെ നിലപാടല്ലാത്തത് പോലെ, മന്ത്രി വീണാ ജോർജിനെതിരെ കെഎം ഷാജി ഉപയോഗിച്ച സംസ്കാരശൂന്യ വാക്കുകൾ ലീഗിന്‍റെ നയമല്ലാത്തത് പോലെ, അഡ്വ. അനിൽകുമാറിന്‍റെ അഭിപ്രായം സിപിഐ എമ്മിൻ്റേതുമല്ലെന്ന് തിരിച്ചറിയാൻ വിവേകമുള്ളവർക്കാവണം,'' എന്നാണ് ജലീൽ ഫേസബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചത്.
''തന്റെ നിരീക്ഷണങ്ങള്‍ താന്‍ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയുടേതാണെന്ന് വ്യംഗ്യമായി പോലും സൂചിപ്പിക്കുന്ന അഭിപ്രായപ്രകടനങ്ങള്‍ ഉണ്ടാകാതെ സൂക്ഷിക്കണം. അല്ലെങ്കില്‍ വര്‍ഗീയമനോഭാവമുള്ളവരും രാഷ്ട്രീയവൈരികളും വ്യാപകമായി ദുരുപയോഗം ചെയ്യും. അനില്‍കുമാറിന്റെ വ്യക്തിപരമായ നിരീക്ഷണം സിപിഎമ്മിന്റേതാണെന്ന് വരുത്തിത്തീര്‍ത്ത് വിശ്വാസികളായ മുസ്ലീം വിഭാഗത്തിനിടയില്‍ പ്രചരിപ്പിക്കുന്നത് മാന്യതയ്ക്ക് ചേര്‍ന്നതല്ല,'' ജലീല്‍ പറഞ്ഞു.
അതേസമയം, സിപിഎമ്മുകാരുടെ ഉള്ളിലിരിപ്പ് എന്താണെന്ന് വ്യക്തമാക്കുന്ന സംഭവമാണ് നാസ്തിക സമ്മേളനത്തിലെ അനില്‍ കുമാറിന്റെ പ്രസംഗമെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ പി എ മജീദ് പറഞ്ഞു. സംഘ്പരിവാര്‍ സ്പോണ്‍സേഡ് നാസ്തിക ദൈവം രവിചന്ദ്രന്‍ സംഘടിപ്പിച്ച വേദിയില്‍ പോയി മലപ്പുറത്തെ കുട്ടികള്‍ തട്ടം ഉപേക്ഷിക്കുകയാണെന്നും അത് സിപിഎമ്മിന്റെ നേട്ടമാണെന്നും പറയണമെങ്കില്‍ ചെറിയ തൊലിക്കട്ടിയൊന്നും പോരെന്നും മജീദ് കൂട്ടിച്ചേര്‍ത്തു.