കെടിയു വി സി നിയമനം; സർക്കാരിന് തിരിച്ചടി, താൽക്കാലിക വി സിയായി ഡോ. സിസ തോമസിന് തുടരാം

കെടിയു വി സി നിയമനം; സർക്കാരിന് തിരിച്ചടി, താൽക്കാലിക വി സിയായി ഡോ. സിസ തോമസിന് തുടരാം

കെടിയു വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെ നിയമിച്ചത് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹർജിയിലാണ് വിധി
Updated on
2 min read

കെടിയു വി സി നിയമനത്തില്‍ സംസ്ഥാന സർക്കാരിന് തിരിച്ചടി. ഡോ. സിസ തോമസിന്റെ നിയമനം ചോദ്യം ചെയ്തുള്ള സർക്കാർ ഹർജി ഹൈക്കോടതി തള്ളി. കെടിയു താല്‍ക്കാലിക വി സിയായി സിസ തോമസിന് തുടരാമെന്ന് കോടതി നിർദേശിച്ചു. ഡോ. സിസ തോമസിന്റെ യോഗ്യതയില്‍ തർക്കമില്ലെന്നും കോടതി നിരീക്ഷിച്ചു. കെടിയുവില്‍ സ്ഥിരം വി സി നിയമനം ഉടൻ നടത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു.

യുജിസി ചട്ടങ്ങള്‍ അനുസരിച്ച് മാത്രമേ സര്‍വകലാശാലകളില്‍ വി സി നിയമനം നടത്താനാകൂവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സര്‍വകലാശാലകളിലെ ചാന്‍സലറുടെ ഉത്തരവുകള്‍ ഗവര്‍ണര്‍ എന്ന നിലയില്‍ അല്ല. അതിനാല്‍ അത്തരം ഉത്തരവിനെതിരെ സര്‍ക്കാരിന് ഹര്‍ജി നല്‍കാം. യുജിസിയുടെ നിലപാട് സുപ്രധാനമാണെന്നും യുജിസി ചട്ടങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്നും കോടതി വ്യക്തമാക്കി.

ഡിജിറ്റല്‍ സര്‍വകലാശാല വി സിയെ സാങ്കേതിക സര്‍വകലാശാല താല്‍കാലിക വി സി ആക്കണമെന്ന സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ തള്ളിയതില്‍ അപാകത ഇല്ല. സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത ഡിജിറ്റല്‍ സര്‍വകലാശാല വി സിയുടെയും ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും പേരുകള്‍ ചാന്‍സലര്‍ തള്ളിയത് ശരിയായ നടപടിയാണെന്നും കോടതി വ്യക്തമാക്കി. കെടിയു സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ പദവി ഒഴിഞ്ഞുകിടന്നത് ചാന്‍സലര്‍ ചൂണ്ടിക്കാണിച്ചത് ശരിയായ നടപടിയാണ്. ഡയറക്ടര്‍ ഓഫ് ദി ടെക്‌നിക്കല്‍ എഡ്യുക്കേഷനോട് പത്തു വര്‍ഷത്തിലധികം യോഗ്യതയുള്ളവരുടെ പട്ടിക ഗവര്‍ണര്‍ തേടിയിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

എപിജെ അബ്ദുല്‍ കലാം ടെക്‌നിക്കല്‍ സര്‍വകലാശാല (കേരള സാങ്കേതിക സര്‍വകലാശാല -കെടിയു) വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെ നിയമിച്ചത് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിധി പറഞ്ഞത്. ഡോ. സിസ തോമസിനെ സര്‍വകലാശാല ചട്ടം ലംഘിച്ച് സര്‍ക്കാറിന്റെ ശുപാര്‍ശ ഇല്ലാതെ തന്നെ ചാന്‍സലര്‍ ഏകപക്ഷീയമായി നിയമിച്ചെന്നാരോപിച്ചാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

വി സിയുടെ താല്‍ക്കാലിക ചുമതല ഡോ. സിസ തോമസിന് നല്‍കിയത് യുജിസിയുടെ മാനദണ്ഡങ്ങള്‍ പാലിച്ചാണെന്നും ചാന്‍സലറെന്ന നിലയില്‍ താനെടുത്ത തീരുമാനം സര്‍ക്കാറിന് ചോദ്യം ചെയ്യാനാവില്ലെന്നുമായിരുന്നു ഗവര്‍ണര്‍ പ്രധാനമായും ഉന്നയിച്ച വാദം. എന്നാല്‍, സര്‍ക്കാര്‍ നല്‍കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മാത്രമേ ഇതില്‍ ചാന്‍സലര്‍ക്ക് തീരുമാനമെടുക്കാനാവൂവെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഡിജിറ്റല്‍ സര്‍വകലാശാല വി സി, ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരുടെ പേരുകള്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്‌തെങ്കിലും രണ്ടും ഗവര്‍ണര്‍ തള്ളിയാണ് സിസ തോമസിനെ നിയമിച്ചത്. സര്‍ക്കാറിന്റെ ശുപാര്‍ശ മറികടന്ന് ചാന്‍സലര്‍ സ്വന്തം നിലക്ക് തീരുമാനമെടുക്കുകയായിരുന്നു. ഡോ. സിസ സീനിയോറിറ്റിയില്‍ പത്താം സ്ഥാനത്താണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

ഡിജിറ്റല്‍ സര്‍വകലാശാല വി സിയുടെ നിയമനവും സംശയത്തിന്റെ നിഴലിലായതിനാലാണ് ചുമതല നല്‍കാതിരുന്നതെന്നായിരുന്നു ചാന്‍സലറുടെ വാദം. സീനിയോറിറ്റി അനുസരിച്ച് നാലാം സ്ഥാനത്തുള്ള ഡോ. സിസ തിരുവനന്തപുരത്ത് ജോലി ചെയ്യുന്നതിനാലാണ് സദുദ്ദേശ്യത്തോടെ ഇവര്‍ക്ക് പരിഗണന നല്‍കിയത്. താല്‍ക്കാലിക നിയമനത്തിന് സീനിയോറിറ്റി നോക്കേണ്ടതില്ലെന്നും വ്യക്തമാക്കി. തനിക്ക് യോഗ്യതയില്ലെന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്നും എയ്ഡഡ് കോളജ് അധ്യാപകനായിരുന്നയാളാണ് പ്രോ വി സിയായി ഇരിക്കുന്നതെന്നും ഡോ. സിസ തോമസും കോടതിയെ അറിയിച്ചിരുന്നു. വി സിയുടെ താല്‍ക്കാലിക ചുമതല നല്‍കാനാണെങ്കിലും യോഗ്യത പരിഗണിക്കണമെന്ന വാദമാണ് യുജിസി ഉന്നയിച്ചത്. പത്തു വര്‍ഷം പ്രഫസറായിരിക്കണമെന്ന വ്യവസ്ഥ ഇതിലും ബാധകമാണന്നും യുജിസി വ്യക്തമാക്കിയിരുന്നു

logo
The Fourth
www.thefourthnews.in