കെടിയു വിസിയാകാന്‍ യോഗ്യതയുണ്ട്; സര്‍ക്കാര്‍ ഹര്‍ജി ചോദ്യം ചെയ്ത് സിസ തോമസ്

കെടിയു വിസിയാകാന്‍ യോഗ്യതയുണ്ട്; സര്‍ക്കാര്‍ ഹര്‍ജി ചോദ്യം ചെയ്ത് സിസ തോമസ്

സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് നിരവധി വിദ്യാർഥികൾ അപേക്ഷ നൽകുന്നുണ്ടെങ്കിലും ഒപ്പിട്ടു നൽകാനാവുന്നില്ല
Updated on
1 min read

സാങ്കേതിക സര്‍വകലാശാലയില്‍ തനിക്ക് എതിരെ ഉദ്യോഗസ്ഥര്‍ നിസ്സഹകരണം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് താല്‍ക്കാലിക വിസി ഡോ. സിസ തോമസ്. താല്‍ക്കാലിക വിസി നിയമനം ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഹര്‍ജിക്ക് എതിരായ സത്യവാങ്ങ്മൂലത്തിലാണ് ഡോ. സിസ തോമസിന്റെ പ്രതികരണം.

ചുമതലയേല്‍ക്കുമ്പോള്‍ ഒപ്പിടേണ്ട ബുക്ക് പോലും ലഭിച്ചില്ല

വലിയ പ്രതിഷേധത്തിനിടെയാണ് വൈസ് ചാന്‍സലറായി ചുമതയേറ്റത്. വൈസ് ചാന്‌സലറായി ചുമതലയേല്‍ക്കുമ്പോള്‍ ഒപ്പിടേണ്ട ബുക്ക് പോലും ലഭിച്ചില്ല, അതിനാല്‍ വെള്ളക്കടലാസിലാണ് ഒപ്പുവച്ചത്. ഉദ്യോഗസ്ഥര്‍ നിസ്സഹകരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിജിറ്റല്‍ ഒപ്പിടാനുള്ള സൗകര്യം സര്‍വകലാശാല അധികൃതര്‍ ഇതുവരെ ഒരുക്കിയിട്ടില്ല. സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് നിരവധി വിദ്യാര്‍ഥികള്‍ അപേക്ഷ നല്‍കുന്നുണ്ടെങ്കിലും ഒപ്പിട്ടു നല്‍കാനാവുന്നില്ലെന്നും സിസ തോമസ് ഹൈക്കോടതിയെ അറിയിച്ചു.

വിദ്യാഭ്യാസ മന്ത്രിയടക്കമുള്ളവരെ കാണാൻ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ലന്നും ഡോ. സിസ തോമസ് കോടതിയെ അറിയിച്ചിട്ടുണ്ട്. സുപ്രീംകോടതി ഉത്തരവിലൂടെ സാങ്കേതിക സർവകലാശാല വൈസ് ചാൻസലറെ പുറത്താക്കിയ ശേഷം സർക്കാർ നൽകിയ പേരുകൾ പരിഗണിക്കാതെ ചാൻസലറായ ഗവർണറാണ് ഡോ. സിസ തോമസിനെ താൽക്കാലിക വിസിയായി നിയമിച്ചത്.

സാങ്കേതിക സർകലാശാല വൈസ് ചാൻസലറാകാനുള്ള എല്ലാ യോഗ്യതയും തനിക്കുണ്ടെന്നും സിസ തോമസ് ഹര്‍ജിയില്‍ പറയുന്നു. എൻജിനിയറിംഗ് കോളജിൽ നിലവിലുള്ള പ്രിൻസിപ്പൽമാരേക്കാൾ അക്കാദമിക് യോഗ്യത തനിക്കാണ്. വിസിയുടെ ചുമതല നൽകുന്നതിന് മുന്‍പ് ചാൻസലറുടെ ഓഫീസിൽ നിന്ന് സമ്മതം തേടിയിരുന്നുവെന്നും ഡോ. സിസ തോമസ് കോടതിയെ അറിയിച്ചു.

സങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ ഡയറക്ടറായിരുന്ന ഡോ. സിസ തോമസ് മാതൃവകുപ്പിന്റെ അനുമതി വാങ്ങിക്കാതെയാണ് ചുമതല ഏറ്റെടുത്തതെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. സിസ തോമസിന്റെ നടപടിയെ കടുത്ത സര്‍വ്വീസ് ചട്ടലംഘനമാണെന്നാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്.

എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല വി സിക്കായി സര്‍ക്കാര്‍ നിര്‍ദേശിച്ച പേരുകള്‍ തള്ളിയാണ് രാജ്ഭവന്‍ ഡോ. സിസ തോമസിന് താല്‍ക്കാലിക നിയമനം നല്‍കിയത്. ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ചുമതല നല്‍കാനായിരുന്നു സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയിരുന്നത്.

logo
The Fourth
www.thefourthnews.in