കുവൈറ്റ് ദുരന്തം: മൃതദേഹങ്ങളുമായി വ്യോമസേന വിമാനം പുറപ്പെട്ടു, മുഖ്യമന്ത്രിയും മന്ത്രിമാരും കൊച്ചിയിലെത്തി
കുവൈറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ച 45 പേരുടെ മൃതദേഹം രാവിലെ 8.30 ന് കൊച്ചിയിൽ എത്തും. കുവൈറ്റ് സമയം രാത്രി 1.15 ഉടെ ഇന്ത്യൻ എയർഫോഴ്‌സിന്റെ C-130J വിമാനത്തിലാണ് മൃതദേഹങ്ങൾ കൊച്ചിയിലേക്ക് പുറപ്പെട്ടത്.
അപകടത്തിൽ മരണപ്പെട്ട 23 മലയാളികൾ അടക്കം 45 ഇന്ത്യക്കാരുടെ മൃതദേഹമാണ് കൊച്ചിയിൽ എത്തിക്കുന്നത്. കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മറ്റ് സംസ്ഥാനമന്ത്രിമാരും മൃതദേഹങ്ങൾ ഏറ്റുവാങ്ങും.
വിദേശകാര്യ സഹമന്ത്രി കെ വി സിങും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും വിമാനത്തിലുണ്ട്. 49 പേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. മരിച്ചവരിൽ 45 ഇന്ത്യക്കാരുടെയും 3 ഫിലിപ്പിനി പൗരന്മാരുടെയും മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. അമ്പതോളം പേർക്ക് പരിക്കേറ്റതായും ഇന്ത്യൻ എംബസി റിപ്പോർട്ട് ചെയ്തു.
മരിച്ചവരിൽ 7 പേർ തമിഴ്‌നാട് സ്വദേശികളാണ്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും മൃതദേഹങ്ങൾ കൊച്ചിയിൽ എത്തിച്ചശേഷം ശേഷിക്കുന്ന ഉത്തരേന്ത്യൻ സ്വദേശികളുടെ മൃതദേഹം ഡൽഹിയിൽ എത്തിക്കാനാണ് തീരുമാനും.
ഇലക്ട്രിക്കൽ സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കുവൈത്ത് ഫയർഫോഴ്സ് അറിയിച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ ഡിഎൻഎ പരിശോധനകൾ കുവൈത്ത് നടത്തിയിരുന്നു.
കുവൈറ്റ് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ-യഹ്യ, അൽ-സബാഹ്, ആരോഗ്യമന്ത്രി അഹ്‌മദ് അബ്ദുൽവഹാബ് അഹമ്മദ് അൽ-അവാദി എന്നിവരുമായി കേന്ദ്രമന്ത്രി കീർത്തി വർധൻ സിങ് പ്രത്യേക കൂടിക്കാഴ്ച നടത്തിയിരുന്നു.
ബുധനാഴ്ച രാത്രി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, എൻഎസ്എ അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പികെ മിശ്ര എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി മോദി സ്ഥിതിഗതികൾ അവലോകനം ചെയ്തിരുന്നു. മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ വീതം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
അതേസമയം കുവൈറ്റിലേക്ക് പുറപ്പെടാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ കേരള ആരോഗ്യമന്ത്രി വീണ ജോർജിന് കേന്ദ്ര സർക്കാർ അനുമതി നൽകാത്തതിനാൽ പോകാൻ സാധിച്ചിരുന്നില്ല. അനുമതി കാത്ത് വിമാനത്താവളത്തിൽ കാത്തിരുന്നെങ്കിലും ലഭിക്കാത്തതിനാൽ അവസാന നിമിഷം യാത്ര ഉപേക്ഷിക്കുകയായിരുന്നു. ഇന്നലെ രാത്രി 10.30നായിരുന്നു കൊച്ചിയിൽ നിന്ന് കുവൈറ്റിലേക്കുള്ള വിമാനം.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപവീതം ധനസഹായം നൽകുമെന്ന് കേരള സർക്കാർ പ്രഖ്യാപിച്ചിരുന്നു. അതിനുപുറമെ അഞ്ചുലക്ഷം രൂപവീതം ധനസഹായം, വ്യവസായി യൂസഫ് അലിയും, രണ്ടു ലക്ഷം രൂപവീതം വ്യവസായി രവി പിള്ളയും വാഗ്ദാനം ചെയ്തു.