കെ വി തോമസിന് ക്യാബിനറ്റ് റാങ്കോടെ നിയമനം; ഡൽഹിയിൽ കേരള സർക്കാരിന്റെ പ്രതിനിധി

കെ വി തോമസിന് ക്യാബിനറ്റ് റാങ്കോടെ നിയമനം; ഡൽഹിയിൽ കേരള സർക്കാരിന്റെ പ്രതിനിധി

എട്ട് മാസം മുൻപാണ് കോൺഗ്രസിൽ നിന്ന് കെവി തോമസിനെ പുറത്താക്കിയത്
Updated on
1 min read

മുൻ കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് ഡൽഹിയിൽ കേരള സർക്കാറിന്റെ പ്രത്യേക പ്രതിനിധിയാകും. ക്യാബിനറ്റ് റാങ്കോട് കൂടിയുള്ള നിയമനത്തിന് ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിലാണ് അംഗീകാരം നൽകിയത്. നേരത്തെ മുന്‍ എംപി എ സമ്പത്ത് വഹിച്ചിരുന്ന പദവിയായിരുന്നു ഇത്. രണ്ടാമത്തെ പ്രതിനിധിയായിട്ടാണ് കെ വി തോമസ് ഡല്‍ഹിയിലെത്തുന്നത്.

കെ വി തോമസിന്റെ ഡൽഹി കേന്ദ്രീകരിച്ചുള്ള പ്രവർത്തിപരിചയം പരിഗണിച്ചാണ് പുതിയ നിയമനം. അദ്ദേഹത്തിന്റെ ഡൽഹിയിലെ ബന്ധങ്ങൾ ഉപയോഗിച്ച് സംസ്ഥാന സർക്കാറിന്റെ ആവശ്യങ്ങൾ സാധിക്കുമെന്നാണ് നിയമനം സംബന്ധിച്ച് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിശദീകരണം.

എന്നാല്‍, വികസനത്തിൽ രാഷ്ട്രീയം നോക്കിയിട്ടില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകളോട് കെ വി തോമസ് നടത്തിയ പ്രതികരണം. ഇടത് മുന്നണിയുടെ വികസന കാഴ്ചപാടുകളോട് കൂടി കേരളത്തിന്റെ ഗുണകരമായ വളർച്ചയ്ക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

വികസനത്തിൽ രാഷ്ട്രീയം നോക്കിയിട്ടില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകളോട് കെ വി തോമസ് നടത്തിയ പ്രതികരണം

മുതിർന്ന നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ കെ.വി. തോമസിനെ എട്ട് മാസം മുൻപാണ് കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്. ഏറെക്കാലമായി കെപിസിസി നേതൃത്വവുമായി ഇടഞ്ഞുനിന്ന തോമസ് തൃക്കാക്കര ഉപതെരഞ്ഞടുപ്പു​വേളയിൽ നടന്ന എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പാർട്ടിയുടെ എതിർപ്പ് അവഗണിച്ച് പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് അദ്ദേഹത്തെ പുറത്താക്കിയത്. പിന്നാലെ തോമസ് സിപിഎമ്മുമായി സഹകരിച്ച് മുന്നോട്ട് പോകുകയായിരുന്നു

കെപിസിസി നേതൃത്വവുമായി ഇടഞ്ഞുനിന്ന തോമസ് തൃക്കാക്കര ഉപതെരഞ്ഞടുപ്പു​വേളയിൽ നടന്ന എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പാർട്ടിയുടെ എതിർപ്പ് അവഗണിച്ച് പങ്കെടുത്തിരുന്നു

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് മുന്നണിയുടെ പ്രതിനിധി ജോ ജോസഫിന് വേണ്ടി തോമസ് പ്രചാരണത്തിനിറങ്ങിയിരുന്നു. തുടർന്ന് യു ഡി എഫ് സ്ഥാനാർഥി ഉമാതോമസ് മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചതിന്റെ പിന്നാലെ കെവി തോമസിനെതിരെ വലിയ പ്രതിഷേധമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയത്. വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നിലെ തോമസിന്റെ ചിത്രമുള്ള പോസ്റ്ററുകള്‍ കത്തിയ്ക്കുകയും ഡിസിസി ഓഫീസിലെ ശിലാഫലകത്തിലെ പേര് കറുത്ത ടേപ്പ് വെച്ച് മറയ്ക്കുകയും ചെയ്തു. കെവി തോമസിന്റെ വീടിന് മുന്നില്‍ പടക്കംപൊട്ടിച്ചും പ്രവര്‍ത്തകര്‍ ഉമ തോമസിന്റെ വിജയം ആഘോഷിച്ചിരുന്നു.

അതിനിടെ, കെ വി തോമസിന്റെ നിയമനത്തെ പരിഹസിച്ച് കെ മുരളീധരൻ രംഗത്ത് എത്തി.ഇത്തരം നക്കാപ്പിച്ച കണ്ട് പോകുന്നവർ ഒന്നും കോണ്ഗ്രസിൽ ഇല്ല എന്നായിരുന്നു മുരളീധരന്റെ പരിഹാസം. പുതിയ പദവി കൊണ്ട് കേരള ഹൌസിൽ ഒരു മുറി ഉണ്ടാകും, ശമ്പളം കിട്ടും. അല്ലാതെ ഒന്നുമില്ലെന്നും മുരളീധരൻ വിമർശിച്ചു.

logo
The Fourth
www.thefourthnews.in