വധശ്രമ കേസില്‍ ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിന് 10 വർഷം തടവ്
ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് പത്ത് വർഷം തടവ് ശിക്ഷ. കവരത്തി കോടതിയാണ് വധശ്രമ കേസിൽ എംപി ഉൾപ്പെടെ നാലുപേർക്ക് ശിക്ഷ വിധിച്ചത്. 2009ലെ തിരഞ്ഞെടുപ്പ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലാണ് ശിക്ഷ വിധിച്ചത്. പടന്നാത സാലിഹിനെ അടിച്ച കേസിലാണ് മുഹമ്മദ് ഫൈസല്‍ എംപിയുള്‍പ്പെടുയുള്ള പ്രതികളെ ശിക്ഷിച്ചത്. പ്രതികൾക്കെതിരെ ഐപിസി 307-ാം വകുപ്പ് ചുമത്തിയ നടപടി അംഗീകരിച്ചാണ് ലക്ഷദ്വീപ് ജില്ലാ കോടതിയുടെ ശിക്ഷാ വിധി. കോടതി ഉത്തരവിനെ തുടർന്ന് റിമാൻഡ് ചെയ്ത മുഹമ്മദ് ഫൈസലുള്‍പ്പെടെയുള്ളവരെ കണ്ണൂർ സെൻട്രൽ ജയിലിലെത്തിച്ചു. ഹെലികോപ്റ്റർ മാർഗമാണ് കണ്ണൂരിലെത്തിച്ചത്.
മുൻ എംപി ഹംദുള്ള സെയ്ദിന്റെ അടുത്ത ബന്ധുവായ പടന്നാത സാലിഹ് ഉള്‍പ്പെടെയുള്ളവരെ എംപി മര്‍ദിച്ചെന്നാണ് കേസ്. കേസില്‍ ഒന്നു മുതൽ നാലുവരെ പ്രതികളായ അമീൻ, ലക്ഷദ്വീപ് MP പി പി മുഹമ്മദ് ഫൈസൽ, ഹുസൈൻ തങ്ങൾ, ബഷീർ തങ്ങൾ എന്നിവർക്കാണ് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. മറ്റ് 32 പ്രതികളെയും വെറുതെ വിട്ടു. കവരത്തി കോടതി വിധിക്കെതിരെ ഇന്ന് തന്നെ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കുമെന്ന് എം പി വ്യക്തമാക്കി.