കരിപ്പൂരിലെ റൺവേ വികസനം: സ്ഥലമേറ്റെടുക്കൽ പൂർത്തിയായി; ഭൂമിക്ക് നിശ്ചയിച്ച തുക ബോധ്യപ്പെടുത്തി പരാതികൾ കേൾക്കും
കരിപ്പൂർ റൺവേ വികസനത്തിനായി എറ്റെടുക്കുന്ന പതിനാലര ഏക്കർ ഭൂമിക്കായുള്ള പള്ളിക്കൽ, നെടിയിരുപ്പ് വില്ലേജുകളിലെ സർവേ പൂർത്തിയായി. 7.5 ഏക്കർ സ്ഥലം ഏറ്റെടുക്കുന്ന നെടിയിരുപ്പിൽ 60 ഭൂവുടമകളിൽ നിന്നായി 30 ഓളം വീടുകളും രണ്ട് കോപ്പി ഷോപ്പുകളും ടർഫ് മൈതാനവും ഒരു ഗോഡൗണും നഷ്ടമാകും. നിർമിതികളുടെ വില പൊതുമരാമത്തിലെ കെട്ടിട വിഭാഗവും കാർഷിക വിളകളുടെ നഷ്ടം കൃഷി വകുപ്പ് ഉദ്യോഗസ്ഥരും മറ്റു മരങ്ങളുടെ തുക റവന്യൂ- വനം വകപ്പുമാണ് തിട്ടപ്പെടുത്തുക.
ഇത്രയും കണക്കുകൾ ലഭിച്ചാൽ ഓരോ ഭൂവുടമക്കും ലഭിക്കുന്ന തുകയിൽ വ്യക്തത വന്നേക്കും. ലഭിക്കുന്ന തുകയടക്കം ഭൂവുടമകളെ ബോധ്യപ്പെടുത്തിയ ശേഷം അതിന്മേലുള്ള പരാതികൾ കേൾക്കുകയും ചെയ്യും. നെടിയിരുപ്പിൽ റോഡുൾപ്പെടെയുള്ള സൗകര്യങ്ങൾ കണക്കിലെടുത്ത് 2.40 ലക്ഷം മുതൽ 2.79 ലക്ഷം വരെയാണ് സെന്റിന് കണക്കായിട്ടുള്ളത്.
പള്ളിക്കൽ വില്ലേജിൽ നിന്ന് ആകെ ഏഴ് ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇവിടെ ആകെ 28 കൈവശ ഭൂമികളാണുള്ളത്. പള്ളിക്കലിലെ വിവരശേഖരണം ചൊവ്വാഴ്ച്ച പൂർത്തീകരിച്ചു. പള്ളിക്കലിൽ ഭൂവുടമകളെ വിളിച്ച് യോഗവും സംഘടിപ്പിച്ചു. 3.29 ലക്ഷം രൂപയാണ് പള്ളിക്കലിൽ പരമാവധി ഒരു സെന്റിന് നഷ്ടപരിഹാരമായി ലഭിക്കുന്ന തുക. ഇരു വില്ലേജുകളിൽ നിന്നുമായി ആകെ പതിനാലര ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറങ്ങണമെങ്കിൽ റൺവേയിലെ റെസയുടെ നീളം വർധിപ്പിച്ച് സുരക്ഷയുറപ്പാക്കണം. ഇതിനായി സെപ്റ്റംബർ 15നകം കേന്ദ്രത്തിന് സംസ്ഥാന സർക്കാർ ഭൂമിയേറ്റെടുത്ത് കൈമാറുകയും വേണം.
പ്രതിഷേധവുമായി ഭൂവുടമകൾ
സർവേ നടപടികളുമായി ഭൂവുടമകൾ സഹകരിക്കുന്നുണ്ടെങ്കിലും സെന്റിന് അഞ്ച് ലക്ഷമെങ്കിലും ലഭിക്കണമെന്നാണ് ഭൂവുടമകളുടെ ആവശ്യം. അടിസ്ഥാന വിലയിൽ തൃപ്തരല്ലെന്ന് ഉദ്യോഗസ്ഥരെ ഭൂവുടമകൾ അറിയിച്ചു. സ്ഥലമേറ്റെടുക്കുമ്പോൾ പിലാത്തോട്ടം റോഡും ഇല്ലാതെയാവും. ഇതിന് ബദൽ പരിഹാരമാർഗം കാണണമെന്ന ആവശ്യവും ഇവർ ഉന്നയിക്കുന്നുണ്ട്. ഇത്തരം ആശങ്കകളെല്ലാം ജനപ്രതിനിധികളുമായി ചർച്ച ചെയ്തേക്കും.