ഇടുക്കിയിലെ ഭൂപ്രശ്നത്തിന് പരിഹാരമാകും; ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍, ബില്‍ അടുത്ത സഭാ സമ്മേളനത്തില്‍

ഇടുക്കിയിലെ ഭൂപ്രശ്നത്തിന് പരിഹാരമാകും; ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍, ബില്‍ അടുത്ത സഭാ സമ്മേളനത്തില്‍

സംസ്ഥാനത്തിന് പൊതുവില്‍ ബാധകമാകും വിധത്തില്‍ പുതുതായി കൊണ്ടുവരുന്ന ചട്ടങ്ങള്‍ തയ്യാറാക്കാൻ റവന്യൂ -നിയമ വകുപ്പ് സെക്രട്ടറിമാർക്ക് നിര്‍ദേശം
Updated on
2 min read

ഇടുക്കി ജില്ലയിലെ ഭൂവിനിയോഗം സംബന്ധിച്ച് വിവിധ തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി 1960 ലെ ഭൂപതിവ് നിയമത്തിൽ സർക്കാർ ഭേദഗതി വരുത്തും. ഇത് സംബന്ധിച്ച ഭേദഗതി ബിൽ ഈ മാസം 23 ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. 1960 ലെ ഭൂപതിവ് നിയമത്തില്‍ വകമാറ്റിയുള്ള ഉപയോഗം ക്രമീകരിക്കുന്നതിന് ചട്ടങ്ങളുണ്ടാക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന പുതിയ വകുപ്പ് ചേര്‍ക്കാനാണ് നിയമ ഭേദഗതി. ഇതിന്റെ തുടർച്ചയായി ബന്ധപ്പെട്ട ഭൂപതിവ് ചട്ടങ്ങളും ഭേദഗതി ചെയ്യും.

ജീവിതോപാധിക്കായി നടത്തിയ ചെറു നിര്‍മ്മാണങ്ങളും (1500 സ്ക്വയര്‍ ഫീറ്റ് വരെയുള്ളവ) കാർഷികാവശ്യത്തിനായി അനുവദിക്കപ്പെട്ട ഭൂമിയുടെ വകമാറ്റിയുള്ള ഉപയോഗവും ക്രമീകരിക്കുന്നതിനാകണം നിയമ ഭേദഗതിയും ചട്ട നിര്‍മാണവുമെന്ന് യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു. ഇതിനായി അപേക്ഷ ഫീസും ക്രമവത്ക്കരിക്കുന്നതിനുള്ള പ്രത്യേക ഫീസും ഈടാക്കുന്നതിനുള്ള വ്യവസ്ഥകൾ ചട്ടത്തിൽ ഉൾപ്പെടുത്താനും യോഗത്തിൽ തീരുമാനമായി.

1500 സ്ക്വയര്‍ ഫീറ്റിന് മുകളില്‍ വിസ്തീര്‍ണമുള്ള നിര്‍മിതികള്‍ ക്രമപ്പെടുത്തേണ്ടിവരികയാണെങ്കില്‍ ഉയർന്ന ഫീസുകൾ ഈടാക്കുന്നത് പരിഗണിക്കും. ക്രമപ്പെടുത്തല്‍ നടത്തുമ്പോള്‍ പൊതു കെട്ടിടങ്ങളെ പ്രത്യേകമായി പരിഗണിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തൊഴില്‍ശാലകള്‍, വാണിജ്യകേന്ദ്രങ്ങള്‍, മതപരമോ സാംസ്കാരികമോ വിനോദപരമോ ആയ സ്ഥാപനങ്ങള്‍, പൊതു ഉപയോഗത്തിനുള്ള നിര്‍മാണങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ക്ലിനിക്കുകള്‍/ആരോഗ്യകേന്ദ്രങ്ങള്‍, ജുഡീഷ്യല്‍ ഫോറങ്ങള്‍, ബസ്സ് സ്റ്റാന്‍ഡുകള്‍, റോഡുകള്‍, പൊതുജനങ്ങള്‍ വ്യാപകമായി ആശ്രയിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ 2016 ലെ ഭിന്നശേഷിക്കാരുടെ അവകാശം നിയമ പ്രകാരം പൊതു കെട്ടിടങ്ങളെന്ന് നിര്‍വചിച്ചിട്ടുള്ളവയാകും ഇങ്ങനെ ഒഴിവാക്കുക.

സംസ്ഥാനത്തിന് പൊതുവില്‍ ബാധകമാകുംവിധത്തില്‍ പുതുതായി കൊണ്ടുവരുന്ന ചട്ടങ്ങള്‍ തയ്യാറാക്കാൻ റവന്യൂ -നിയമ വകുപ്പ് സെക്രട്ടറിമാർക്ക് മുഖ്യമന്ത്രി നിർദേശം നൽകി.

കാര്‍ഡമം ഹില്‍ റിസര്‍വില്‍ ഭൂമി പതിച്ച് നല്‍കുന്നതിന് കേന്ദ്രാനുമതി ലഭിച്ച ഭൂമിയുടെ പട്ടിക ഉടൻ ലഭ്യമാക്കി നിബന്ധനകള്‍ പാലിക്കുന്ന കൈവശങ്ങള്‍ക്ക് പട്ടയം അനുവദിക്കും. 20384.59 ഹെക്ടർ ഭൂമിക്കാണ് ഇങ്ങനെ അനുമതിയുള്ളത്. ഇതിൽ പട്ടയം നൽകാൻ ബാക്കിയുള്ളവയിൽ അടിയന്തര തീരുമാനമെടുക്കാൻ റവന്യൂ, വനം വകുപ്പുകളും ജില്ലാ കളക്ടറും കെ എസ് ഇ ബിയും ചേർന്ന് തീരുമാനമെടുക്കും. പതിനായിരത്തോളം ഹെക്ടർ ഭൂമിക്ക് ഇങ്ങനെ പട്ടയം നല്കാനാകുമെന്നാണ് വിലയിരുത്തല്‍.

1960 ലെ ഭൂപതിവ് നിയമത്തിലും ചട്ടങ്ങളിലുമുള്ള ഭേദഗതികളിലൂടെ മാത്രം പരിഹരിക്കാവുന്നവ, ചട്ട ഭേദഗതി വരുത്തുന്നതുവരെ കാത്തിരിക്കാതെ ക്രമപ്പെടുത്തി സാധൂകരിക്കാവുന്നവ എന്നിങ്ങനെയാണ് ഇടുക്കിയിലെ ഭൂപ്രശ്നങ്ങളെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

ഇടുക്കിയിലെ വിവിധ ഭൂ പ്രശ്നങ്ങള്‍ മുഖ്യമന്ത്രി പ്രത്യേകം ചൂണ്ടിക്കാട്ടി.

ഇടുക്കി, തൊഴുപുഴ താലൂക്കുകളിലെ അറക്കുളം, ഉടുമ്പന്നൂര്‍, വെള്ളിയാമറ്റം, കഞ്ഞിക്കുഴി, ഇടുക്കി വില്ലേജുകളിലെ ഏതാണ്ട് ഇരുപതിനായിരത്തോളം ഗുണഭോക്താക്കളില്‍ 10,390 പേര്‍ സമര്‍പ്പിച്ച അപേക്ഷകള്‍

ഉടുമ്പന്‍ചോല താലൂക്കിലെ ഇരട്ടയാര്‍ വില്ലേജില്‍ ഇരട്ടയാര്‍ ഡാമിന്റെ പത്ത് ചെയിന്‍ പ്രദേശത്തെ കട്ടപ്പന മുനിസിപ്പാലിറ്റിയില്‍ ഉള്‍പ്പെടുന്ന 60 കൈവശക്കാര്‍ക്ക് പട്ടയം ലഭ്യമാക്കല്‍, ഇടുക്കി പദ്ധതി പ്രദേശത്ത് മൂന്ന് ചെയിന്‍ മേഖലയ്ക്കു പുറത്ത് പട്ടയം അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് ഇരട്ടയാര്‍ ഡാമിന്റെ പത്ത് ചെയിന്‍ പ്രദേശത്തെ കട്ടപ്പന മുനിസിപ്പാലിറ്റിയില്‍ ഉള്‍പ്പെടുന്ന പ്രദേശത്തിനുകൂടി ബാധകമാക്കൽ

  • ഉടുമ്പന്‍ചോല, ഇടുക്കി താലൂക്കുകളിലെ അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍, രാജക്കാട്, കൊന്നത്തടി, കുഞ്ചിത്തണ്ണി വില്ലേജുകളിലെ ഇടുക്കി ഡാമിന്റെ മൂന്ന് ചെയിന്‍ പ്രദേശം, കല്ലാര്‍കുട്ടി, ചെങ്കുളം ഡാമുകളുടെ പത്ത് ചെയിന്‍ പ്രദേശം എന്നിവിടങ്ങളിലെ കൈവശക്കാരുടെ ഏതാണ്ട് 5470 അപേക്ഷകള്‍

  • ഉടുമ്പന്‍ചോല, ഇടുക്കി താലൂക്കുകളിലെ രാജാക്കാട്, കൊന്നത്തടി, വില്ലേജുകളില്‍ പൊന്‍മുടി ഡാമിന്റെ പത്ത് ചെയിന്‍ പ്രദേശത്തിന് പുറത്ത് കിടക്കുന്ന പ്രദേശത്തെ ഏതാണ്ട് 150 ഗുണഭോക്താക്കളുടെ അപേക്ഷകൾ

  • ഉടുമ്പന്‍ചോല, ഇടുക്കി താലൂക്കുകളിലെ വണ്ടന്‍മേട്, കല്‍ക്കൂന്തല്‍, പാറത്തോട്, ആനവിലാസം, കൊന്നത്തടി, ഉപ്പുതോട്, വാത്തിപ്പൊടി, അയ്യപ്പന്‍കോവില്‍, കട്ടപ്പന, കാഞ്ചിയാര്‍, രാജക്കാട്, പൂപ്പാറ, ശാന്തപ്പാറ വില്ലേജുകളിലെ ഏതാണ്ട് 5800 അപേക്ഷകള്‍,

  • ഉടുമ്പന്‍ചോല, ഇടുക്കി താലൂക്കുകളിലെ വിവിധ കടകള്‍ക്ക് പട്ടയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഏതാണ്ട് 1500 അപേക്ഷകള്‍,

  • ഉടുമ്പന്‍ചോല, ദേവികുളം താലൂക്കുകളിലെ ആനവിരട്ടി, പള്ളിവാസല്‍, കെ.ഡി.എച്ച്, വെള്ളത്തൂവല്‍, ചിന്നക്കനാല്‍, ബൈസണ്‍വാലി, ശാന്തന്‍പാറ, ആനവിലാസം, മൂന്നാര്‍, ഇടമലക്കുടി വില്ലേജുകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍ ഒ സി അനുവദിക്കല്‍

  • ദേവികുളം താലൂക്കിലെ മന്നാങ്കണ്ടം വില്ലേജിലെ ഏതാണ്ട് 700 ഗുണഭോക്താക്കളുടെ അപേക്ഷകള്‍

ഈ വിഷയങ്ങളിൽ ഉടന്‍ തീരുമാനമെടുക്കാന്‍ റവന്യൂ, വനം വകുപ്പുകളും കെഎസ്ഇബിയും ജില്ലാ കളക്ടറും സംയുക്തമായി ഇടപെടും. റവന്യു മന്ത്രി കെ രാജൻ, വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ , ചീഫ് സെക്രട്ടറി, അഡ്വക്കറ്റ് ജനറൽ , വിവിധ വകുപ്പ് സെക്രട്ടറിമാര്‍ എന്നിവരും ഉന്നതതല യോഗത്തില്‍ പങ്കെടുത്തു.

logo
The Fourth
www.thefourthnews.in