നിരത്തുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ലെയ്ന്‍ ട്രാഫിക് പരിശോധന; ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കേണ്ടതെന്തെല്ലാം?
സംസ്ഥാന വ്യാപകമായി മോട്ടോര്‍ വാഹന വകുപ്പിന്റെ ലെയ്ൻ ട്രാഫിക് പരിശോധന തുടങ്ങി. ഗതാഗത വകുപ്പ് മന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് പരിശോധന. ലെയ്ൻ ട്രാഫിക് തെറ്റിച്ച് അപകടങ്ങള്‍ വര്‍ധിച്ച് സാഹചര്യത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് നിരത്തിലേക്ക് ഇറങ്ങിയത്. ആദ്യ ദിവസം ബോധവത്കരണമാണ് ഉദ്യോഗസ്ഥര്‍ നല്‍കിയത്. വരും ദിവസങ്ങളിലും പരിശോധന തുടരും. തുടര്‍ന്ന് പിഴ ചുമത്തുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് മോട്ടോര്‍ വാഹന വകുപ്പ് കടക്കും.
വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതെന്തെല്ലാം?
1) വാഹനം എതെല്ലാം ലൈനിലൂടെ
ഗുഡ്‌സ് വണ്ടികള്‍ , വേഗത കുറഞ്ഞ വാഹനങ്ങള്‍ ഇടതുവശം ചേര്‍ന്ന് പോകണം. വേഗത കൂടി പോകേണ്ട വാഹനങ്ങള്‍ ഫാസ്റ്റ് ട്രാക്കിലൂടെ (വലത് വശത്തെ ട്രാക്ക്) വേണം വാഹനം ഓടിക്കാൻ
2) ഓവർ ടേക്കിങ്
ഒരു വാഹനത്തിന്റെ ഇടതുവശത്ത് കൂടി ഓവര്‍ ടേക്ക് ചെയ്യാൻ പാടില്ല. ഓവര്‍ ടേക്കിങ് വലത് വശത്തുകൂടി മാത്രമായിരിക്കണം. രണ്ട് വരി പാതയില്‍ വലതുവശത്തെ ട്രാക്കിന് ഓവര്‍ ടേക്കിങ് ട്രാക്ക്. വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ ഓവര്‍ ടേക്ക് ചെയ്യാന്‍ ഈ ട്രാക്കാണ് ഉപയോഗിക്കേണ്ടത്.
ഓവർ ടേക്കിംഗിനായി വലതുവശത്ത് വണ്ടി കയറി വന്നാല്‍ മുന്‍പിലുള്ള വാഹനം ഇടത് വശത്തേയ്ക്ക് മാറി കൊടുക്കണം. ഓവർ ടേക്ക് ചെയ്യുന്ന വാഹനം ഹോണ്‍ അടിക്കരുത്. പകരം ഹെഡ് ലാംബ് ഫ്‌ളാഷ് ചെയ്ത് അറിയിപ്പ് നല്‍കണം. മുന്നിലുള്ള വാഹനം ഇന്‍ഡിക്കേറ്റര്‍ ഇട്ട് ഇടത്തേക്ക് മാറ്റുക. ഓവര്‍ ടേക്ക് ചെയ്ത ശേഷം പിന്നിലുള്ള വാഹനം കൃത്യമായ അകടത്തിലായതിന് ശേഷം മാത്രമായിരിക്കണം ഫാസ്റ്റ് ട്രാക്കില്‍ നിന്ന് ഇടത്തെ ട്രാക്കിലേക്ക് മാറ്റേണ്ടത്. അപ്പോഴും ഇന്‍ഡിക്കേറ്റര്‍ ഉപയോഗിക്കുകയും ചെയ്യണം.
ഗ്ലാസിലൂടെ നിരന്തരം വാഹനം ശ്രദ്ധിക്കണം
ഗ്ലാസുകളിലൂടെ നിരന്തരം നോക്കി വേണം വാഹനം ഓടിക്കാന്‍. വാഹനം ശ്രദ്ധിക്കാതെ ഇടത്തോട്ടോ വലത്തോട്ടോ തിരിച്ചാല്‍ അപകടം ഉണ്ടാകാനുള്ള സാധ്യത കൂടും.
ലൈൻ തെറ്റിച്ചാല്‍
ലൈൻ തെറ്റിച്ചാല്‍ മോട്ടോർ വാഹന വകുപ്പ് പിഴ ഈടാക്കും. 1000 രൂപയാണ് ഇതിനുള്ള പിഴ.
കേരളത്തിലെ റോഡുകളിലെ വെല്ലുവിളി
കേരളത്തിലെ റോഡുകളുടെ വീതി കുറവ് ലൈൻ കൃത്യമായി പാലിക്കുന്നതിന് വെല്ലുവിളിയാണ്. ഇത് നിയമം കർശനമായി പാലിക്കുന്നതിന് തടസമാകുന്നുണ്ട്. എങ്കിലും ഡ്രൈവർമാരെ പരമാവധി കൃത്യമായി ലൈൻ പാലിച്ച് ഓടിക്കുന്നതിനുള്ള ശ്രമമാണ് മോട്ടോർ വാഹന വകുപ്പ് നടത്തുന്നത്.