'വിഴിഞ്ഞം സമരം അവസാനിപ്പിച്ചത് സംഘര്‍ഷം ഭയന്ന്, സർക്കാർ സമീപനത്തില്‍ തൃപ്തരല്ല': സർക്കുലർ ഇറക്കി ലത്തീന്‍ അതിരൂപത

'വിഴിഞ്ഞം സമരം അവസാനിപ്പിച്ചത് സംഘര്‍ഷം ഭയന്ന്, സർക്കാർ സമീപനത്തില്‍ തൃപ്തരല്ല': സർക്കുലർ ഇറക്കി ലത്തീന്‍ അതിരൂപത

നാളെ തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ സർക്കുലർ വായിക്കും
Updated on
1 min read

സംസ്ഥാന സര്‍ക്കാരിനെതിരായ സമീപനത്തില്‍ മാറ്റമില്ലെന്ന് പ്രഖ്യാപിച്ച് ലത്തീന്‍ സഭ. ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിച്ചതുകൊണ്ടല്ല സമരം നിര്‍ത്തിയതെന്ന് സഭ സർക്കുലർ പുറത്തിറക്കി. മുല്ലൂരിലും വിഴിഞ്ഞത്തുമുണ്ടായ സംഘര്‍ഷങ്ങള്‍ മൂലമാണ് സമരം നിര്‍ത്തിയത്. സമരം തുടര്‍ന്നാല്‍ ഇനിയും സംഘര്‍ഷമുണ്ടാകുമോയെന്ന ഭയത്താലാണ് പിന്മാറിയതെന്ന് സർക്കുലറില്‍ പറയുന്നു. നാളെ തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ സർക്കുലർ വായിക്കും.

സർക്കാരിന്റെ ഉറപ്പുകൾ ഭാഗികമായതിനാൽ അത് അതിജീവിക്കാനുള്ള സമ്മർദത്തിന് ഭാവിയിലും സന്നദ്ധരാകണമെന്നും സര്‍ക്കുലറിൽ പറയുന്നു

വിഴിഞ്ഞം തുറമുഖ നിർമാണം മൂലമുണ്ടായ തീരശോഷണമാണ് കടലോരത്തെ വീട് നഷ്ടപ്പെടാൻ പ്രധാന കാരണമെന്നാണ് സഭയുടെ വാദം. എന്നാല്‍ സര്‍ക്കാരത് അംഗീകരിച്ചില്ല. വിദഗ്ധ സമിതിയുടെ പഠന റിപ്പോര്‍ട്ട് വരുന്നത് വരെ തുറമുഖ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല. തീരശോഷണത്തെ കുറിച്ച് പഠനം നടത്തുന്ന സമിതിയിൽ സമര സമിതി നിർദേശിക്കുന്ന വിദഗ്ധരെ കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കാത്തതിലും പ്രതിഷേധമുണ്ടെന്ന് സര്‍ക്കുലറില്‍ പറയുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നുണ്ടെന്ന് സഭ നേത്യത്വം ഉറപ്പുവരുത്തുമെന്ന കാര്യവും വിശ്വസികളോട് വിശദീകരിക്കുന്നുണ്ട്.

സർക്കാർ നൽകിയ ഉറപ്പുകൾ ഭാഗികമായതിനാൽ അത് അതിജീവിക്കാനുള്ള സമ്മർദത്തിന് ഭാവിയിലും സന്നദ്ധരാകണമെന്നും സര്‍ക്കുലറിൽ പറയുന്നു. വീണ്ടും സമരത്തിന് ഇറങ്ങേണ്ടി വരുമെന്ന സൂചനയാണ് ഇതുവഴി സഭ നല്‍കുന്നതെന്നാണ് വിലയിരുത്തല്‍. 140 ദിവസം നീണ്ടു നിന്ന വിഴിഞ്ഞം സമരം നവംബർ ആറിനാണ് ലത്തീന്‍ അതിരൂപത പിന്‍വലിച്ചത്. സമരസമിതി മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയായിരുന്നു തീരുമാനം. പൂര്‍ണ സംതൃപ്തിയോടെയല്ല സമരത്തില്‍ നിന്ന് പിന്മാറുന്നതെന്ന് സമരസമതി കണ്‍വീനര്‍ ഫാദര്‍ യൂജിന്‍ പെരേര അന്ന് തന്നെ വ്യക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in