'അഭിഭാഷകരെ താറടിക്കാൻ ഹൈക്കോടതി അവസരമുണ്ടാക്കി'; കൈക്കൂലി ആരോപണത്തിൽ പോലീസിൽ പരാതി നൽകിയതിനെതിരെ ലോയേഴ്സ് അസോസിയേഷൻ
കേരളത്തിലെ നീതി നിർവഹണ രംഗത്ത് ആശങ്കയുണർത്തും വിധം ഹൈക്കോടതിയിലെ അഭിഭാഷകനെതിരെ ഉയർന്നു വന്നിട്ടുള്ള ആരോപണത്തിൽ പുകമറ ഒഴിവാക്കി വസ്തുതകൾ വെളിപ്പെടുത്താൻ ഹൈക്കോടതി തയ്യാറാവണമെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് (IAL) ആവശ്യപ്പെട്ടു. ഹൈക്കോടതി ജഡ്ജിക്ക് കോഴ കൊടുക്കാനെന്ന പേരിൽ അസോസിയേഷൻ പ്രസിഡന്റായ അഡ്വ. സൈബി ജോസ് കിടങ്ങൂർ പണം വാങ്ങിയെന്ന കേസിലാണ് ആവശ്യം. ഹൈക്കോടതി ജഡ്ജിക്ക് ബന്ധപ്പെട്ട അഭിഭാഷകൻ അത് നൽകിയെന്നോ അദ്ദേഹം അത് വാങ്ങിയെന്നോ പരാതിയില്ല, പണം നൽകി എന്നു പറയുന്ന ആൾ പരാതി എഴുതി നൽകിയിട്ടും ഇല്ല. ഈ സാഹചര്യത്തിൽ എങ്ങനെയാണ് ഹൈക്കോടതി അഭിഭാഷകനെതിരെ നിയമ പ്രകാരം പരാതി നൽകിയതെന്ന് വ്യക്തമാക്കേണ്ടതുണ്ടെന്നാണ് ആവശ്യം. പണം നൽകി എന്നു പറയുന്ന ആൾക്ക് അഭിഭാഷകൻ ചതിച്ചു പണം തട്ടിയെടുത്തുവെന്ന് പരാതിയില്ലാതിരിക്കെ ഇതിൽ ഒരു ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാനാവില്ലെന്നും അസോസിയേഷൻ വ്യക്തമാക്കി.
ഹൈക്കോടതിയിൽ അനാരോഗ്യകരമായ പല പ്രവണതകളും നിലനിൽക്കുന്നുണ്ട് എന്നതിനെ ചൊല്ലി വക്കീലന്മാർക്കിടയിലും പൊതുസമൂഹത്തിലും ചർച്ചയുണ്ടെന്ന് ഹൈക്കോടതി മനസ്സിലാക്കുന്നത് നല്ലതാണ്, ലോയേഴ്സ് അസോസിയേഷൻ പറഞ്ഞു
ഹൈക്കോടതി വിജിലൻസ് ന്യായാധിപന്റെ ആവശ്യപ്രകാരം ഒരു പരാതി അന്വേഷിച്ച് ആവശ്യത്തിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാൽ അത്പ്രകാരം അഭിഭാഷകനെതിരെ നടപടിയെടുക്കാൻ ബാർ കൗൺസിലിനോടാണ് ശുപാർശ ചെയ്യേണ്ടതെന്ന് അസോസിയേഷൻ വ്യക്തമാക്കി. അന്വേഷണത്തിനായി പോലീസിൽ പരാതി നൽകുന്നതും മാധ്യമങ്ങൾക്ക് വിവരം നൽകുന്നതും ശരിയായ കീഴ്വഴക്കമല്ല. ഹൈക്കോടതി തന്നെ പരാതിക്കാരനായി പോലീസ് കേസ് വന്നാൽ, അത് ഒരു കുറ്റപത്രമായി മാറിയാൽ അത് പ്രതിയെ സംബന്ധിച്ച് വൻ തിരിച്ചടിയാകും. ഇതുവരെ വന്ന വസ്തുതകൾ പരിശോധിച്ചാൽ അഭിഭാഷകനെ അനാവശ്യമായി മാധ്യമ വിചാരണക്കെറിഞ്ഞു കൊടുത്തിരിക്കുകയാണ് ഹൈക്കോടതി എന്ന് അസോസിയേഷൻ വ്യക്തമാകുമെന്നു. ഹൈക്കോടതിയിൽ അനാരോഗ്യകരമായ പല പ്രവണതകളും നിലനിൽക്കുന്നുണ്ടെന്ന് അഭിഭാഷകർക്കിടയിലും പൊതുസമൂഹത്തിലും ചർച്ചയുണ്ടെന്ന് ഹൈക്കോടതി മനസിലാക്കണമെന്നും ലോയേഴ്സ് അസോസിയേഷൻ പറഞ്ഞു.
പല ബെഞ്ചുകളിലും ചില അഭിഭാഷകർക്ക് ചില മേൽക്കൈ ഉണ്ടെന്നത് സത്യമാണ് എന്നു തോന്നിപ്പിക്കുന്ന തരത്തിൽ കാര്യങ്ങൾ നടക്കുന്നുവെന്നും അസോസിയേഷൻ ആരോപിച്ചു. മാധ്യമങ്ങളും രാഷ്ട്രീയവും വിശ്വാസവുമൊക്കെ വിധികളിലും ഉത്തരവുകളിലും കടന്നുവരുന്നുണ്ടോയെന്ന് പൊതുസമൂഹം നിരീക്ഷിക്കുന്നുണ്ട്. കേരളത്തിലെ അഭിഭാഷക വിരുദ്ധരായ മാധ്യമങ്ങൾക്ക് അഭിഭാഷക സമൂഹത്തെ താറടിക്കാനായി ഒരവസരം ഹൈക്കോടതി ഉണ്ടാക്കി നൽകുകയാണുണ്ടായത്. ഒരാൾക്കെതിരായാണ് ആരോപണമെങ്കിലും മാധ്യമങ്ങൾ മൊത്തം വർഗത്തെ തന്നെ താറടിക്കുകയാണ് ചെയ്ത് കൊണ്ടിരിക്കുന്നത്. ഇത് ഒരു കാരണവശാലും അനുവദിക്കാവുന്നതല്ല. ഇക്കാര്യത്തിൽ ഹൈക്കോടതി കണ്ടെത്തലുകൾ പരസ്യപ്പെടുത്തണമെന്നും ആരോപണ വിധേയനായ അഭിഭാഷകനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വാർത്ത നൽകുന്ന മാധ്യമങ്ങളെ നിയന്ത്രിക്കണമെന്നുമാണ് അസോസിയേഷന്റെ ആവശ്യം.