'സത്യം വിളിച്ചു പറഞ്ഞാല്‍ ഇസ്ലാമോഫോബിയ ആകുമോ'; പാര്‍ട്ടി സെക്രട്ടറി തള്ളിയിട്ടും 'ബിന്‍ ലാദന്‍' വിടാതെ പിവി അന്‍വര്‍

'സത്യം വിളിച്ചു പറഞ്ഞാല്‍ ഇസ്ലാമോഫോബിയ ആകുമോ'; പാര്‍ട്ടി സെക്രട്ടറി തള്ളിയിട്ടും 'ബിന്‍ ലാദന്‍' വിടാതെ പിവി അന്‍വര്‍

സത്യം വിളിച്ചു പറഞ്ഞാല്‍ അതെങ്ങനെയാണ് ഇസ്ലാമോഫോബിയ ആകുന്നതെന്നാണ് പിവി അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചത്
Updated on
1 min read

മാധ്യമ പ്രവര്‍ത്തകന്റെ പേര് അല്‍ഖ്വയ്ദ മുന്‍ തലവന്‍ ഒസാമ ബിന്‍ ലാദനോട് ഉപമിച്ച സംഭവത്തില്‍ വിവാദം തുടരുന്നതിനിടെ സിപിഎമ്മിന്റെ പരസ്യ നിലപാട് തള്ളി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫിനെ അധിക്ഷേപിച്ച് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ രംഗത്തെത്തിയ സംഭവങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ പിവി അന്‍വറിലെത്തിയത്. എംവി ജയരാജന്റെ പരാമര്‍ശം തള്ളി പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ രംഗത്തെത്തിയിരുന്നു. ആരുടെയെങ്കിലും പേരിന്റെ പേരില്‍ ആക്ഷേപിക്കുന്ന നിലപാട് സിപിഐമ്മിന് ഇല്ലെന്നായിരുന്നു പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് പിവി അന്‍വറിന്റെ ഫേസ്ബുക്ക് കുറിപ്പ്.

റിപ്പോര്‍ട്ടറെ അല്‍ഖ്വയ്ദ മുന്‍ തലവന്‍ ഒസാമ ബിന്‍ലാദനോട് താരതമ്യപ്പെടുത്തിയാണ് എംവി ജയരാജന്‍ പ്രതികരിച്ചത്

ഒസാമ ബിന്‍ ലാദന്‍ ആരാണ് പ്രവാചകനോ? ലാദന്‍ വിതച്ചത് ഭീകരതയുടെ വിത്തുകളാണ്. അല്ലാതെ ഇസ്ലാമിന്റെ ആശയങ്ങളല്ല. നൗഫല്‍ ബിന്‍ യൂസഫ് എന്ന പക്കാ ക്രിമിനല്‍ വിതച്ചത് മാധ്യമപ്രവര്‍ത്തനത്തിന്റെ മറപറ്റിയുള്ള മാധ്യമ ഭീകരതയാണ്. ബിൻ ലാദന്‍ ചെയ്തതും ഇതേ പോലെ ഇസ്ലാമിന്റെ മറപ്പറ്റിയുളള ഭീകരതയാണ്. സത്യം വിളിച്ചു പറഞ്ഞാല്‍ അതെങ്ങനെയാണ് ഇസ്ലാമോഫോബിയ ആകുന്നതെന്നാണ് പിവി അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. എംവി ജയരാജന്റെ ഫോട്ടോയുള്‍പ്പെടെ പങ്കുവച്ചാണ് പിവി അന്‍വറിന്റെ പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്.

ഒസാമ ബിന്‍ ലാദന്‍ എന്ന് കേട്ടിട്ടേയുള്ളു. നൗഫല്‍ ബിന്‍ യൂസഫ് എന്ന് പറഞ്ഞ പേരിന്റെ സ്ഥാനത്ത് നൗഫല്‍ ബിന്‍ ലാദന്‍ എന്ന് വിളിക്കണോ എന്നായിരുന്നു എംവി ജയരാജന്‍ പറഞ്ഞത്.

എംവി ജയരാജന്റെ പരാമര്‍ശത്തിന് എതിരെ വ്യാപക വിമര്‍ശനമായിരുന്നു പല കോണുകളില്‍ നിന്നും ഉയര്‍ന്നത്. എത്ര നികൃഷ്ടമായ രീതിയിലാണ് ഒരു സിപിഎം നേതാവ് തന്റെയുള്ളിലെ വെറുപ്പ് പ്രകടിപ്പിക്കുന്നത് എന്നായിരുന്നു പോസ്റ്റിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാമിന്റെ പ്രതികരണം. ഒരു മുസ്ലിം പേരു കേട്ടാല്‍ ഉടന്‍ കൊടുംഭീകരവാദിയായ ഉസാമ ബിന്‍ ലാദനോടാണ് താരതമ്യം ചെയ്യേണ്ടത് എന്നാണ് സി.പി.എം. നേതാവ് കരുതുന്നതെങ്കില്‍ അത് ഒട്ടും നിസ്സാരമല്ലെന്നും വിടി ബല്‍റാം ആരോപിച്ചു.

logo
The Fourth
www.thefourthnews.in