രഞ്ജിത്തിനും മന്ത്രി സജി ചെറിയാനുമെതിരെ ഇടതു അനുകൂലികളുടെയും വിമർശനം; തെറ്റായ സമീപനമെന്ന് ആനി രാജ,  രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കണമെന്ന് ആഷിഖ്

രഞ്ജിത്തിനും മന്ത്രി സജി ചെറിയാനുമെതിരെ ഇടതു അനുകൂലികളുടെയും വിമർശനം; തെറ്റായ സമീപനമെന്ന് ആനി രാജ, രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കണമെന്ന് ആഷിഖ്

വിമർശനം ശക്തമായതിനെ തുടർന്ന് തെറ്റ് ആരു ചെയ്താലും സംരക്ഷിക്കില്ലെന്ന വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ രംഗത്തെത്തി
Updated on
2 min read

ലൈംഗികാരോപണം നേരിടുന്ന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സംവിധായകന്‍ രഞ്ജിത്തിനെ സംരക്ഷിച്ച് രംഗത്തെത്തിയ മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇടതു അനൂകലികള്‍. പരാതി നല്‍കിയാലെ അന്വേഷിക്കുവെന്ന മന്ത്രിയുടെ നിലപാടിനെ സിപിഐ നേതാവ് ആനി രാജ തള്ളി. മന്ത്രിയുടെ നിലപാട് പാര്‍ട്ടി തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് സംവിധായകന്‍ ആഷിഖ് അബു പറഞ്ഞു. സോഷ്യല്‍ മീഡിയയിലെ ഇടതു അനുകൂലികളില്‍നിന്നും രഞ്ജിത്തിനും മന്ത്രി സജി ചെറിയാനുമെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉണ്ടാകുന്നത്. വിമർശനം ശക്തമായതിനെ തുടർന്ന് സർക്കാർ ആരു തെറ്റു ചെയ്താലും സംരക്ഷിക്കില്ലെന്ന ഫേസ് ബുക്ക് പോസ്റ്റുമായി മന്ത്രി രംഗത്തെത്തി

ബംഗാളി നടി ശ്രീലേഖ മിത്രയാണ് ഇന്നലെ രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ചത്. പാലേരി മാണിക്യത്തില്‍ അഭിനയിക്കാന് വിളിച്ചതിന് ശേഷം മോശമായി പെരുമാറിയെന്നായിരുന്നു ആരോപണം. ആരോപണം രഞ്ജിത്ത് തള്ളിക്കളഞ്ഞു. ഇതിന് പിന്നാലെയാണ് സജി ചെറിയാന്‍ രഞ്ജിത്തിനെ സംരക്ഷിച്ച് രംഗത്തെത്തിയത്. പരാതി തന്നെ വേണമെന്നായിരുന്നു ഇക്കാര്യത്തില്‍ സജി ചെറിയാന്റെ നിലാപാട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍, ആരോപണങ്ങള്‍ രഹസ്യമായതിനാല്‍ നടപടിയെടുക്കാന്‍ പറ്റില്ലെന്നായിരുന്നു മന്ത്രിയും മുഖ്യമന്ത്രിയും സ്വീകരിച്ച നിലപാട്. എന്നാല്‍ ഇവിടെ നടി പരസ്യമായാണ് ആരോപണം ഉന്നയിച്ചത്. എന്നാല്‍ പരാതി ഔദ്യോഗികമായി നല്‍കണമെന്ന നിലപാടാണ് സജീ ചെറിയാന്‍ സ്വീകരിച്ചത്. ഇത്തരമൊരു നിലപാട് ശരിയല്ലെന്നാണ് ആനി രാജ പറഞ്ഞത്. ആരോപണം ഉയര്‍ന്ന പാശ്ചാത്തലത്തില്‍ രഞ്ജിത്ത് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറി നില്‍ക്കണം. ആരോപണം ശരിയല്ലെങ്കില്‍ അദ്ദേഹത്തിന് തിരിച്ചുവരാനും ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നടപടിയെടുക്കാനും സാധിക്കുമെന്നുമായിരുന്നു ആനി രാജ പറഞ്ഞത്.

രഞ്ജിത്തിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യവുമായി സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫും ആവശ്യപ്പെട്ടു

കുടുതല്‍ രൂക്ഷമായിട്ടായിരുന്നു സംവിധായകന്‍ ആഷിക്ക് അബുവിന്റെ പ്രതികരണം. മന്ത്രിയുടെത് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നിലപാടാവില്ലെന്നും അത് തിരുത്തുമെന്നും പ്രതീക്ഷിക്കുന്നതായും ആഷിക്ക് വിവിധ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിയ്ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം ആവശ്യമുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. ആരോപണം ഉന്നയിച്ച നടിയ്ക്ക് എന്ത് സഹായവും ചെയ്യുമെന്നും ആഷിഖ് പറഞ്ഞു.

വിമർശനം ശക്തമായതിനെ തുടർന്ന് ഉച്ചയോടെ വീണ്ടും വീശദീകരണവുമായി മന്ത്രി രംഗത്തെത്തി. തെറ്റ് ആരും ചെയ്താലും സർക്കാർ സംരക്ഷിക്കില്ലെന്ന് സജി ചെറിയാൻ പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരായ ആരോപണം തെളിഞ്ഞാൽ നടപടി ഉറപ്പാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

.

സാമൂഹ്യ മാധ്യമങ്ങളിലെ, പൊതുവില്‍ ഇടതുപക്ഷ അനൂകൂല നിലപാടെടുക്കുന്നവരും രഞ്ജിത്തിനെതിരായ ആരോപണത്തില്‍ സര്‍ക്കാര്‍ സമീപനത്തെ ശക്തമായി വിമര്‍ശിക്കുകയാണ്. ഇതിനിടയിലാണ് മറ്റൊരു വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ രംഗത്തെത്തിയത്.

ഫ്യൂഡല്‍ സിനിമകളുടെ സംവിധായകനാണ് രഞ്ജിത്തെന്നും അദ്ദേഹത്തെ ഇടതുപക്ഷം ചലച്ചിത്ര അക്കാദമി ചെയര്‍മാനാക്കിയത് തന്നെ തെറ്റാണെന്നുമുള്ള വിമര്‍ശനമാണ് വരുന്നത്. നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെ നേരത്തെ ജയിലില്‍ രഞ്ജിത്ത് സന്ദര്‍ശിച്ചിരുന്നു. ഇത് വിവാദമായപ്പോഴാണ് താന്‍ പഴയ എസ്എഫ്‌ഐയ്ക്കാരാനാണെന്നും കൂവിയാലൊന്നും തളരില്ലെന്നും രഞ്ജിത്ത് പറഞ്ഞത്

logo
The Fourth
www.thefourthnews.in