ഷാരോണ്‍ കൊലക്കേസില്‍ നിയമോപദേശം; കേരളത്തിന് അന്വേഷണം തുടരാം

ഷാരോണ്‍ കൊലക്കേസില്‍ നിയമോപദേശം; കേരളത്തിന് അന്വേഷണം തുടരാം

തുടർനടപടികള്‍ കോടതി തീരുമാനിക്കട്ടെയെന്നുമാണ് പബ്ലിക് പ്രോസിക്യൂട്ടർ അബ്ദുള്‍ ഹക്കീമിന്റെ നിയമോപദേശം
Updated on
1 min read

തിരുവനന്തപുരം പാറശാല ഷാരോണ്‍ കൊലക്കേസില്‍ കേരള പോലീസിന് അന്വേഷണം തുടരാമെന്ന് നിയമോപദേശം. തമിഴ്‌നാടിന്റെ സഹകരണം തേടാം. തുടർനടപടികള്‍ കോടതി തീരുമാനിക്കട്ടെയെന്നുമാണ് പബ്ലിക് പ്രോസിക്യൂട്ടർ അബ്ദുള്‍ ഹക്കീമിന്റെ നിയമോപദേശം. കേസ് കേരളത്തിലും തമിഴ്‌നാട്ടിലും അന്വേഷിക്കാൻ സാധിക്കും. കേസ് കൈമാറുന്നതിൽ പ്രതിഭാഗത്തിന്റെ വാദം നിര്‍ണായകമാണെന്നും നിയമോപദേശത്തിൽ പറയുന്നു.

പ്രതി ​ഗ്രീഷ്മയുടെ വീടിരിക്കുന്ന രാമവർമന്‍ചിറ തമിഴ്നാട് പോലീസിന്റെ പളുഗല്‍ സ്റ്റേഷന്‍ അതിർത്തിയിലാണ്. ഗ്രീഷ്മയുടെ വീട്ടില്‍ വെച്ചാണ് വിഷം കലർത്തിയ കഷായം നല്‍കിയത് എന്നതിനാലാണ് കേസ് കൈമാറുന്നതില്‍ ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയത്. എന്നാലിത് അന്വേഷണത്തെ വിപരീതമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി നിയമ വിദഗ്‌ധർ രംഗത്തെത്തിയിരുന്നു.

അതേസമയം, കേസ് കേരള പോലീസ് തന്നെ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഷാരോണിന്റെ കുടുംബം രംഗത്തെത്തി. ഈ വിഷയത്തിൽ, മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കത്ത് നൽകുമെന്നും കുടുംബം അറിയിച്ചു.

ഷാരോണ്‍ കൊലക്കേസില്‍ നിയമോപദേശം; കേരളത്തിന് അന്വേഷണം തുടരാം
'കേരളാ പോലീസിന് അന്വേഷിക്കാം'; ഷാരോണ്‍ കൊലക്കേസ് തമിഴ്നാടിന് കൈമാറരുതെന്ന് മുന്‍ ഡിജിപി അസഫ് അലി

കൊലപ്പെടുത്താനുള്ള ശ്രമം നടന്നത് വീട്ടിൽ വെച്ചാണെങ്കിലും ഷാരോൺ മരിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആയതിനാല്‍ ക്രിമിനൽ നിയമ സംഹിത 179 വകുപ്പനുസരിച്ച് കേരള പോലീസിന് കേസ് അന്വേഷിക്കാന്‍ അധികാരമുണ്ടെന്ന് വ്യക്തമാക്കി മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. ടി അസഫ് അലി കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു.

ക്രിമിനൽ നടപടി സംഹിത (Cr.P.C.) അധ്യായം 13 ലെ വ്യവസ്ഥ അനുസരിച്ച്, ഏതു പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ചാണോ കുറ്റകൃത്യം നടന്നത് ആ പോലീസ് കേസ് അന്വേഷിച്ച് അവിടുത്തെ കോടതി വിചാരണ ചെയ്യണമെന്നാണ് വ്യവസ്ഥ. ചില പ്രത്യേക സാഹചര്യത്തിൽ, കൃത്യത്തിന്‍റെ അനന്തര ഫലം മറ്റൊരു പോലീസ് സ്റ്റേഷൻ അതിർത്തിയിൽ വെച്ചാണ് ഉണ്ടാകുന്നതെങ്കിൽ, ഈ രണ്ട് പോലീസിനും കേസ് അന്വേഷിക്കാവുന്നതാണെന്ന് Cr.P.C. 179. വകുപ്പ് വ്യക്തമായി വ്യവസ്ഥ ചെയ്തിരിക്കുന്നു എന്ന് വ്യക്തമാക്കിയ അദ്ദേഹം, കേസ് തമിഴ്നാട് പോലീസിന് കൈമാറാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

logo
The Fourth
www.thefourthnews.in