പൊതുകടം ഒരു ഫെമിനിസ്റ്റ് വിഷയം; ശ്രീലങ്കയുടെ അവസ്ഥ കേരളത്തിനുണ്ടാവില്ല: ലേഖ ചക്രബർത്തി
പൊതുകടം വര്‍ധിച്ചാലും ശ്രീലങ്കയുടെ അവസ്ഥ കേരളത്തിനോ ഇന്ത്യക്കോ ഉണ്ടാവില്ലെന്ന് സാമ്പത്തികശാസ്ത്രജ്ഞയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസിയില്‍ പ്രൊഫസറുമായ ഡോ. ലേഖ ചക്രബർത്തി.
''നമ്മുടെ കടം ഗണ്യമായും ആഭ്യന്തര വിപണിയില്‍നിന്നാണ്. ഒരു ചെറുദ്വീപ് രാഷ്ട്രമായ ശ്രീലങ്കയ്ക്ക് വിദേശ ഏജന്‍സികളില്‍നിന്ന് നേരിടേണ്ടി വന്ന തിരിച്ചടവ് സമ്മര്‍ദം ഇവിടെ ഉണ്ടാവില്ലെന്ന് തന്നെ പറയാം,'' തിരുവനന്തപുരത്ത് ഡോ. പിന്റോ സ്മാരക പ്രഭാഷണം നിര്‍വഹിക്കവെ അവര്‍ പറഞ്ഞു.
കടം വാങ്ങുന്ന തുക ഒരു സര്‍ക്കാര്‍ എങ്ങനെ വിനിയോഗിക്കുന്നുവെന്നതാണ് പ്രധാനം. അത് സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും അതുവഴി വളര്‍ച്ചാനിരക്ക് കൂട്ടാനും ഉപയോഗിച്ചാല്‍ നല്ലതാണ്. സാമ്പത്തിക വളര്‍ച്ച വായ്പയുടെ പലിശ നിരക്കിനേക്കാള്‍ ഉയര്‍ന്നുനിന്നാല്‍ വായ്പ വാങ്ങുന്നതില്‍ പ്രശ്‌നമൊന്നുമില്ല.
പൊതുകടം സത്യത്തില്‍ ഒരു ഫെമിനിസ്റ്റ് വിഷയം തന്നെയാണ്. ധന ഉത്തരവാദിത്ത നിയമം കര്‍ശനമായി നടപ്പാക്കുമ്പോള്‍ വാങ്ങാവുന്ന വായ്പകള്‍ക്ക് പരിധിവയ്ക്കേണ്ടി വരും. ഇത് ആത്യന്തികമായി ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് നീങ്ങാന്‍ സര്‍ക്കാരുകളെ നിര്‍ബന്ധിതമാക്കും. ജെന്‍ഡര്‍ ബജറ്റിനും മാനവശേഷി വികസനത്തിനുമൊക്കെ നീക്കിവച്ച ഫണ്ടാവും ആദ്യം വെട്ടിച്ചുരുക്കുക.
എട്ട് മണിക്കൂര്‍ വ്യവസ്ഥാപിത തൊഴിലിനുപോകുന്ന സ്ത്രീകള്‍ പിന്നെ എട്ടോ പത്തോ മണിക്കൂര്‍ വീടുകൾക്കുള്ളിൽ ചെയ്യുന്ന ജോലി മൂല്യവല്‍ക്കരിക്കപ്പെടുന്നില്ല
സ്ത്രീകളുടെ സേവനം പലപ്പോഴും സമ്പദ്‌വ്യവസ്ഥയില്‍ അദൃശ്യമായി പോകുകയാണ്. എട്ട് മണിക്കൂര്‍ വ്യവസ്ഥാപിത തൊഴിലിനുപോകുന്ന സ്ത്രീകള്‍ പിന്നെ എട്ടോ പത്തോ മണിക്കൂര്‍ വീടുകൾക്കുള്ളിൽ ചെയ്യുന്ന ജോലി മൂല്യവല്‍ക്കരിക്കപ്പെടുന്നില്ല. അതുപോലെയാണ് ആശുപത്രികളിലെ കൂട്ടിരിപ്പുകാരുടെ സേവനവും.
നീതിയുക്തമായ ഒരു സമ്പദ്‌വ്യവസ്ഥ ഈ ഘടകങ്ങള്‍ക്കും മൂല്യം നിര്‍ണയിക്കണം. പെണ്‍കുട്ടികള്‍ക്ക് സൈക്കിള്‍ നല്‍കുക, വീട് നോക്കുന്ന സ്ത്രീകള്‍ക്ക് ഗ്രൈന്‍ഡര്‍ നല്‍കുക, അടുക്കളയില്‍ ശുദ്ധ ഇന്ധനമായ പാചകവാതകം ഉറപ്പാക്കുക തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികള്‍ ശരിക്കും സൗജന്യമാണോ അതോ മാനവശേഷി വികസനത്തിനുള്ള മൂലധന നിക്ഷേപമാണോയെന്ന് നമ്മള്‍ നിര്‍വചിക്കേണ്ടിയിരിക്കുന്നുവെന്നും ലേഖ ചക്രബര്‍ത്തി പറഞ്ഞു.
ജെന്‍ഡര്‍ ബജറ്റില്‍ നിര്‍ണായക ഗവേഷണം നടത്തിയിട്ടുള്ള ലേഖ 'ബജറ്റിലെ സ്ത്രീകള്‍' എന്ന വിഷയത്തിലാണ് പതിനെട്ടാമത് പിന്റോ സ്മാരക പ്രഭാഷണം നിര്‍വഹിച്ചത്
നവംബറില്‍ പതിനാറാം സാമ്പത്തിക കമ്മീഷന്‍ രൂപീകരിക്കുമ്പോള്‍ അതില്‍ സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന പ്രാതിനിധ്യമുണ്ടാവുമെന്നും കാലാവസ്ഥ വ്യതിയാനം നേരിടാനുള്ള പദ്ധതികള്‍ പരിഗണനാ വിഷയം ആയതുപോലെ നാരിശക്തി പ്രധാന പദ്ധതിയായി കാണുന്ന സര്‍ക്കാര്‍ ജെന്‍ഡര്‍ ബജറ്റ് എന്ന ആശയത്തിന് പിന്തുണ നല്‍കുമെന്നുമുള്ള പ്രതീക്ഷയും അവര്‍ പങ്കുവച്ചു.
ജെന്‍ഡര്‍ ബജറ്റില്‍ നിര്‍ണായക ഗവേഷണം നടത്തിയിട്ടുള്ള ലേഖ 'ബജറ്റിലെ സ്ത്രീകള്‍' എന്ന വിഷയത്തിലാണ് പതിനെട്ടാമത് പിന്റോ സ്മാരക പ്രഭാഷണം നിര്‍വഹിച്ചത്.