കോഴിക്കൂട്ടില്‍പ്പെട്ട പുലി ചത്തത്
ആന്തരിക രക്തസ്രാവവും 
ഹൃദയസ്തംഭനവും മൂലം

കോഴിക്കൂട്ടില്‍പ്പെട്ട പുലി ചത്തത് ആന്തരിക രക്തസ്രാവവും ഹൃദയസ്തംഭനവും മൂലം

പോസ്റ്റുമോര്‍ട്ടം നടപടികൾക്ക് ശേഷം പുലിയുടെ ജഡം സംസ്കരിച്ചു
Updated on
1 min read

പാലക്കാട് മണ്ണാർക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്. ഇരുമ്പ് വലയിൽ കൈകള്‍ കുടുങ്ങി ഏറെ നേരം തൂങ്ങിക്കിടന്നതിനാൽ ആന്തരികാവയവങ്ങൾക്ക് രക്തസ്രാവമുണ്ടായി. ഇതേ തുടര്‍ന്ന് ഹൃദയസ്തംഭനമുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു. മൂന്ന് മുതൽ നാല് വയസ് വരെ പ്രായമുള്ള ആൺ പുലിയാണ് ചത്തത്. കൈകൾക്ക് പുറമെ പുലിയുടെ ചുണ്ടിനും മുറിവേറ്റു. എന്നാല്‍ ശരീരത്തില്‍ പെല്ലറ്റുകളോ മറ്റോ കണ്ടെത്തിയിട്ടില്ല. ചീഫ് ഫോറസ്റ്റ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ശേഷം പുലിയുടെ ജഡം സംസ്കരിച്ചു.

കോട്ടോപ്പാടം പൂവത്താണി ഫിലിപ്പ് എന്നയാളുടെ പറമ്പിലെ കോഴിക്കൂട്ടിനകത്ത് പുലർച്ചെ ഒരു മണിയോടെയാണ് പുലി കുടുങ്ങിയത്. കോഴികളുടെ ബഹളം കേട്ട് പുറത്തിറങ്ങിയ ഫിലിപ്പ് കൂട്ടിൽ കുടുങ്ങിയ പുലിയെ കണ്ട് ഓടി രക്ഷപ്പെട്ടു. എന്നാൽ പുറത്തിറങ്ങാൻ കഴിയാത്ത വിധത്തിൽ കോഴിക്കൂടിന്റെ ഇരുമ്പ് വലയിൽ പുലിയുടെ കൈകള്‍ കുടുങ്ങുകയായിരുന്നു. ഇരുമ്പ് വലയില്‍ കൈകള്‍ കുടുങ്ങി ആറ് മണിക്കൂറിലേറെ സമയമാണ് പുലി കിടന്നത്.

മണ്ണാർക്കാട് റേഞ്ച് ഓഫീസർ സുബൈറിന്റെ നേതൃത്വത്തിൽ വനപാലകരും പോലീസും സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ അക്രമ സാധ്യത കണക്കിലെടുത്ത് മയക്കുവെടിവെച്ചതിന് ശേഷം പുലിയ കൂട്ടിനകത്തേക്ക് മാറ്റാനായിരുന്നു തീരുമാനം. ഇതിനായി വയനാട്ടിൽ നിന്നും ചീഫ് ഫോറസ്റ്റ് വെറ്റിനറി സർജൻ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമെത്തുന്നതിനായി കാത്തിരിക്കുന്നതിനിടെയാണ് പുലി ചത്തത്.

നേരത്തെ തെങ്കരയിലെ ജനവാസമേഖലയിൽ പുലിയെയും രണ്ട് കുഞ്ഞുങ്ങളെയും കണ്ടിരുന്നു. ഒരു മാസം മുൻപ് ഒരു വളർത്തുനായയെ പുലി കൊന്നിരുന്നു.

logo
The Fourth
www.thefourthnews.in