കത്ത് വിവാദം നഗരസഭ ചർച്ച ചെയ്യും; പ്രത്യേക കൗൺസിൽ ഈ മാസം 19ന്
മേയർ ആര്യ രാജേന്ദ്രനെതിരായ കത്ത് വിവാദം ചർച്ചചെയ്യാൻ തിരുവനന്തപുരം നഗരസഭ പ്രത്യേക കൗൺസിൽ യോഗം ചേരും. ഈ മാസം 19 നാണ് ചർച്ച. പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരമാണ് നടപടി. കത്ത് വിവാദവും പ്രതിഷേധവും ഇതുവരെ നഗരസഭ കൗൺസിൽ ചർച്ച ചെയ്തിരുന്നില്ല. പ്രത്യേക കൗൺസിൽ വിളിച്ച് ചേര്‍ത്ത് അംഗങ്ങളെ കാര്യങ്ങള്‍ ബോധിപ്പിക്കണമെന്നത് പ്രതിപക്ഷം ആദ്യം മുതല്‍ ഉന്നയിക്കുന്ന ആവശ്യമാണ്.
കത്ത് വിവാദത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് സുധീർ ഷാ പാലോട് നൽകിയ പരാതിയിൽ തദ്ദേശ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാൻ, മേയർ ആര്യാ രാജേന്ദ്രനും കോർപ്പറേഷൻ സെക്രട്ടറിക്കും നോട്ടീസ് അയച്ചിട്ടുണ്ട്. മേയർ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നാണ് പരാതി. നോട്ടീസിന് ഈ മാസം 20ന് മുന്‍പ് രേഖാമൂലം മറുപടി നൽകണമെന്ന് മേയർക്കും കോർപ്പറേഷൻ സെക്രട്ടറിക്കും അയച്ച നോട്ടീസിൽ പറയുന്നു. ഡിസംബർ രണ്ടിന് ഓൺലൈൻ സിറ്റിങ്ങിൽ ഹാജരാകാനും ഇരുവർക്കും നിർദേശം നൽകിയിട്ടുണ്ട്.
കത്ത് വിവാദത്തില്‍ അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് എസ്പിക്ക് കൈമാറി. റിപ്പോർട്ട് അടുത്ത ദിവസം സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറും. വ്യാജരേഖ ചമയ്ക്കലിന് കേസെടുക്കണമെന്ന് ശുപാർശ ചെയ്യുന്നതാണ് അന്വേഷണ റിപ്പോര്‍ട്ട്. വിവാദവുമായി ബന്ധപ്പെട്ട് വിജിലൻസ് കൂടുതൽ നഗരസഭാ ജീവനക്കാരെ ചോദ്യം ചെയ്യും. മൊഴി എടുക്കേണ്ടവരുടെ പട്ടിക വിജിലന്‍സ് സംഘം തയ്യാറാക്കി.
കത്ത് വിവാദത്തിനെതിരായ സമരം ഒരാഴ്ച പിന്നിട്ടു. പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. കത്ത് വ്യാജമാണന്ന ക്രൈംബ്രാഞ്ച് കണ്ടെത്തൽ പ്രതിപക്ഷം ഇന്നലെ തള്ളിയിരുന്നു. കുറ്റക്കാരെ വെള്ളപൂശാനാണ് ശ്രമമെന്നാണ് പ്രതിപക്ഷ ആരോപണം.