കത്ത് വിവാദം കത്തുന്നു: 
മേയര്‍ മറുപടി പറയുമെന്ന് ആനാവൂര്‍ നാഗപ്പന്‍;  അയച്ചില്ലെന്ന്  ആര്യ രാജേന്ദ്രന്‍

കത്ത് വിവാദം കത്തുന്നു: മേയര്‍ മറുപടി പറയുമെന്ന് ആനാവൂര്‍ നാഗപ്പന്‍; അയച്ചില്ലെന്ന് ആര്യ രാജേന്ദ്രന്‍

കത്ത് ചോര്‍ന്നത് നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസില്‍ നിന്നാണെന്നാണ് പുറത്തുവരുന്ന വിവരം.
Updated on
1 min read

തിരുവനന്തപുരം നഗരസഭയിലെ വിവിധ വകുപ്പുകളിലെ തൊഴിലവസരങ്ങളിലേക്ക് പാര്‍ട്ടി അനുഭാവികളെ തേടി മേയര്‍ ആര്യ രാജേന്ദ്രന്‍ കത്തയച്ചതുമായി ബന്ധപ്പെട്ട വിവാദം കത്തുന്നു. കത്ത് അയച്ചില്ലെന്ന് ആര്യ രാജേന്ദ്രനും, കത്ത് കണ്ടിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും പ്രതികരിച്ചു. ഇതോടെ കത്ത് ചോര്‍ന്നതാണോ എന്ന തരത്തിലുള്ള ചര്‍ച്ചകളും ഉയര്‍ന്നിട്ടുണ്ട്. കത്ത് ചോര്‍ന്നത് നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസില്‍ നിന്നാണെന്നാണ് പുറത്തുവരുന്ന വിവരം.

കത്ത് വ്യാജമാണോയെന്ന് ഇപ്പോള്‍ സ്ഥിരീകരിക്കാനാവില്ലെന്നാണ് സിപിഎം നിലപാട്. കത്ത് കണ്ടിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു. മേയറാണ് കത്തയച്ചോ എന്ന് പറയേണ്ടത്, മേയറെ വിളിച്ചെങ്കിലും കിട്ടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അത്തരത്തില്‍ ഒരുകത്ത് അയച്ചിട്ടില്ലെന്നാണ് മേയര്‍ ആര്യ രാജേന്ദ്രന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം. കൂടുതല്‍ പ്രതികരണം നേത്യത്വവുമായി ആലോചിച്ച് ശേഷം ഉണ്ടാകുമെന്നും മേയര്‍ വ്യക്തമാക്കുന്നു. എന്നാല്‍ സംഭവത്തില്‍ സിപിഎം നേത്യത്വത്തിന് കടുത്ത അതൃപ്തിയുള്ളതായാണ് സൂചന.

എകെജി സെന്ററിലേക്ക് ആളെ എടുക്കുന്നത് പോലെയാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് മേയര്‍ ആര്യാ രാജേന്ദ്രന്‍ പാര്‍ട്ടിക്കാരെ തിരുകി കയറ്റാന്‍ ശ്രമിക്കുന്നതന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ ആരോപിച്ചു. അടിമുടി അഴിമതിയുടെ പര്യായമായി മാറിയ ആര്യാ രാജേന്ദ്രനെ മേയര്‍ സ്ഥാനത്ത് നിന്ന് ഒരു നിമിഷം പോലും വൈകാതെ പുറത്താക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മേയറുടെ നടപടി സത്യ പ്രതിജ്ഞാ ലംഘനമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ ശബരിനാഥന്‍ പ്രതികരിച്ചു. നിരവധി യുവാക്കൾ തൊഴിലില്ലാതെ ബുദ്ധിമുട്ടുമ്പോൾ സ്വന്തം പാർട്ടിക്കാർക്ക് കോർപ്പറേഷന് കീഴിലെ ജോലികൾ വീതം വെച്ച് നൽകുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് ബിജെപി നേതാവ് വി വി രാജേഷും വ്യക്തമാക്കുന്നു. 

logo
The Fourth
www.thefourthnews.in