കത്ത് വിവാദം; കൗൺസിൽ യോഗത്തിൽ മേയർ അധ്യക്ഷത വഹിക്കരുതെന്ന് യുഡിഎഫ്
തിരുവനന്തപുരം കോർപ്പറേഷനിലെ നിയമന കത്ത് വിവാദത്തിൽ ചേരുന്ന കൗൺസിൽ യോഗത്തിൽ മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷത വഹിക്കരുതെന്ന് യുഡിഎഫ്. ഇക്കാര്യം ഉന്നയിച്ച് നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകി. മേയർക്ക് പകരം ഡെപ്യൂട്ടി മേയർ അധ്യക്ഷത വഹിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. നാളെ പ്രത്യേക കൗൺസിൽ ചേരാനിരിക്കെയാണ് യുഡിഎഫ് കത്ത് നൽകിയത്.
കത്ത് വിവാദവും പ്രതിഷേധവും നഗരസഭ ഇതുവരെയും ചർച്ച ചെയ്തിരുന്നില്ല. ഈ സാഹചര്യത്തിൽ പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരം നാളെ യോഗം ചേരാമെന്ന് മേയർ അറിയിക്കുകയായിരുന്നു. പ്രത്യേക കൗൺസിൽ വിളിച്ച് ചേര്‍ത്ത് അംഗങ്ങളെ കാര്യങ്ങള്‍ ബോധിപ്പിക്കണമെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.
അതേസമയം, കത്ത് വിവാദത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് സുധീർ ഷാ പാലോട് നൽകിയ പരാതിയിൽ തദ്ദേശ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാൻ, മേയർ ആര്യാ രാജേന്ദ്രനും കോർപ്പറേഷൻ സെക്രട്ടറിക്കും നോട്ടീസ് അയച്ചിട്ടുണ്ട്. മേയർ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നാണ് പരാതി. നോട്ടീസിന് ഈ മാസം 20ന് മുന്‍പ് രേഖാമൂലം മറുപടി നൽകണമെന്ന് മേയർക്കും കോർപ്പറേഷൻ സെക്രട്ടറിക്കും അയച്ച നോട്ടീസിൽ പറയുന്നു. ഡിസംബർ രണ്ടിന് ഓൺലൈൻ സിറ്റിങ്ങിൽ ഹാജരാകാനും ഇരുവർക്കും നിർദേശം നൽകിയിട്ടുണ്ട്.
അതിനിടെ കത്ത് കേസ് അന്വേഷണം മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. കത്ത് കത്തിച്ച് തെളിവ് നശിപ്പിച്ചതിന് കേസെടുക്കണം. ആനാവൂരിന്റെ മൊഴി ഫോണിൽ എടുത്തത് പോലീസിന്റെ അടിമവേലയാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.