നിയമന കത്ത് വിവാദം: ആനാവൂർ നാഗപ്പന്റെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ചും വിജിലന്‍സും
തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ മൊഴി ക്രൈംബ്രാഞ്ചും വിജിലന്‍സും രേഖപ്പെടുത്തി. തനിക്ക് കത്ത് ലഭിച്ചിട്ടില്ലെന്നാണ് ആനാവൂർ നാഗപ്പന്റെ വിശദീകരണം. ക്രൈം ബ്രാഞ്ച് സംഘത്തിന് നേരിട്ട് മൊഴി നല്‍കിയതായി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. പോലീസിന് നല്‍കിയ മൊഴിയെ കുറിച്ച് മാധ്യമങ്ങളോട് പറയേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യാജക്കത്താണെന്ന് മേയർ തന്നെ സ്ഥിരീകരിച്ചതാണ്. മറ്റുള്ള കാര്യങ്ങൾ മാധ്യമങ്ങൾ എങ്ങനെ വ്യാഖ്യാനിച്ചാലും കുഴപ്പമില്ലെന്നും ആനാവൂർ പറഞ്ഞു. എന്നാല്‍ ആനാവൂരിന്റെ മൊഴി നേരിട്ട് എടുത്തിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. മൊഴിയെടുപ്പുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് അന്വേഷണ സംഘം സമയം ആവശ്യപ്പെട്ടിട്ടുണ്ട് എന്നായിരുന്നു ആനാവൂരിന്റെ മറുപടി.
കത്ത് പുറത്തുവന്നതുമായി ബന്ധപ്പെട്ട് മേയര്‍ക്ക് നേരെയുള്ള വ്യക്തിഹത്യ വളരെ മോശമായ കാര്യമാണ്. ചില മാധ്യമങ്ങള്‍ അതിന് കൂട്ടുനില്‍ക്കുന്നു
കത്ത് പുറത്തുവന്നതുമായി ബന്ധപ്പെട്ട് മേയര്‍ക്ക് നേരെയുള്ള വ്യക്തിഹത്യ വളരെ മോശമായ കാര്യമാണ്. ചില മാധ്യമങ്ങള്‍ അതിന് കൂട്ടുനില്‍ക്കുന്നു. ഒരു നയാ പൈസയുടെ അഴിമതി മേയറുടെ പേരില്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. കത്ത് വിവാദത്തില്‍ അന്വേഷണ കമ്മീഷന്റെ കാര്യം പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കുമെന്നും ഒരു പാര്‍ട്ടി എന്ന തരത്തില്‍ സിപിഎമ്മിന് ചില രീതികള്‍ ഉണ്ടെന്നും ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കി.
സിപിഎം ജില്ലാ സെക്രട്ടറിക്ക് എഴുതിയ കത്ത് എന്ന നിലയില്‍ പ്രചരിക്കുന്നത് താന്‍ എഴുതിയതല്ലെന്ന് ആര്യാ രാജേന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തന്റെ ലെറ്റര്‍ പാഡിലെ ഒപ്പ് പകര്‍ത്തി ആരെങ്കിലും വ്യാജരേഖയുണ്ടാക്കിയതാവാം എന്നാണ് മേയർ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി. മേയര്‍ സ്ഥാനത്ത് നിന്ന് ആര്യാ രാജേന്ദ്രന്‍ രാജിവെയ്ക്കേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം കൂടിയ ജില്ലാ സെക്രട്ടറ്റില്‍ ധാരണയായിരുന്നു.
ക്രൈംബ്രാഞ്ച് അന്വേഷണം തീരുന്നത് വരെ കാത്തിരിക്കാനാണ് സെക്രട്ടേറിയറ്റിന്റെ തീരുമാനം. അതേസമയം മേയറുടെ രാജി ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്. മേയര്‍ രാജിവെയ്ക്കണമെന്ന ഉറച്ച നിലപാടിലാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ സംഘടനകള്‍.