കത്ത് വിവാദം: നടപടികള്‍ക്ക് വേഗം കൂട്ടി ക്രൈംബ്രാഞ്ച്; നഗരസഭയിലെ ഹാര്‍ഡ് ഡിസ്‌കുകള്‍ പിടിച്ചെടുത്തു
തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തിലെ സമവായ ധാരണയ്ക്ക് പിന്നാലെ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനം ഡി ആര്‍ അനില്‍ രാജിവെച്ചു. കോര്‍പറേഷന്‍ സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറി. നഗരസഭയിലെ കത്ത് വിവാദത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും ബിജെപിയും മൂന്നര മാസത്തോളമായി നടത്തിവരുന്ന സമരം അവസാനിപ്പിക്കുന്നതിനായിരുന്നു സമവായം ഉണ്ടാക്കിയത്. മന്ത്രി എംബി രാജേഷിന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വകക്ഷിയോഗത്തിലായിരുന്നു ഇത് സംബന്ധിച്ച ധാരണയുണ്ടായത്.
ഡി ആര്‍ അനിലിനെ മാറ്റിയ തീരുമാനമെടുത്തതിന് പിന്നാലെ നടപടികള്‍ കര്‍ശനമാക്കി ക്രൈം ബ്രാഞ്ചും രംഗത്തെത്തി. അന്വേഷണത്തിന്റെ ഭാഗമായി മേയറുടെ ഓഫീസിലെ ഉള്‍പ്പെടെ അഞ്ച് ഹാര്‍ഡിസ്‌കുകളും ഡി ആര്‍ അനിലിന്റെ മൊബൈല്‍ ഫോണും ക്രൈ ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. അന്വേഷണം തുടങ്ങി ആഴ്ചകള്‍ പിന്നിടുന്നതിനിടെയാണ് മേയര്‍ ആര്യാ രാജേന്ദ്രന്റെ പേരിലുള്ള കത്തുമായി ബന്ധപ്പെട്ട അന്വേഷണം സര്‍ക്കാര്‍ ക്രൈം ബ്രാഞ്ചിന് വിട്ടത്. അന്വേഷണം ആരംഭിച്ച് മാസങ്ങളായെങ്കിലും മേയറുടെയും ഡി ആര്‍ അനിലിന്റെയും മൊഴിയെടുത്ത ശേഷം കാര്യങ്ങള്‍ നിശബ്ദമായിരുന്നു.
അതേസമയം, മേയറുടെ പേരില്‍ പുറത്തുവന്ന കത്തിന്റെ ഒറിജിനല്‍ കണ്ടെത്തുക എന്നതാണ് ക്രൈം ബ്രാഞ്ചിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. കത്തിന്റെ ഒറിജിനല്‍ കിട്ടിയാല്‍ മാത്രമേ അത് വ്യാജമാണോ എന്ന് പറയാന്‍ കഴിയൂ എന്നതായിരുന്നു ക്രൈം ബ്രാഞ്ച് തുടക്കം മുതല്‍ സ്വീകരിച്ച നിലപാട്. വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കപ്പെട്ട കത്ത് ആരുടെ ഫോണിലാണ് പകര്‍ത്തിയത്, ആരുടെ ഫോണ്‍ വഴിയാണ് പ്രചരിപ്പിച്ചത് എന്നക്കെ അറിയാനുള്ള നീക്കമാണ് ക്രൈം ബ്രാഞ്ച് നടത്തുന്നത്. ഈ സാഹചര്യത്തില്‍ ഡി ആര്‍ അനിലിന്റെ ഫോണ്‍ കൂടി അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത് ശ്രദ്ധേയമാണ്.
ഡി ആര്‍ അനിലിന്റെ പേരിലുള്ള കത്ത് തയാറാക്കിയത് താന്‍ തന്നെയാണെന്ന് ഡി ആര്‍ അനില്‍ തന്നെ പറഞ്ഞിരുന്നു. അതും നശിപ്പിച്ചിരുന്നു എന്നാണ് ക്രൈം ബ്രാഞ്ചിന് നല്‍കിയ മൊഴി. ഇതിന്റെ രേഖകള്‍ കൂടി കണ്ടെടുക്കേണ്ടതുണ്ട്. രണ്ട് കത്തുകളും ഒരേ ഫോണില്‍ നിന്ന് തന്നെയാണോ പ്രചരിപ്പിച്ചത് എന്നതടക്കമുള്ള വിശദമായ പരിശോധനയിലേക്കാണ് ക്രൈം ബ്രാഞ്ച് സംഘം നീങ്ങുന്നത്.
കൗണ്‍സില്‍ യോഗത്തില്‍ മേയറെ തടയുന്നതുള്‍പ്പെടെയുള്ള പ്രതിഷേധത്തിനും നഗരസഭ വേദിയായിരുന്നു. തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും ഡി ആര്‍ അനിലിനെ നീക്കുമെന്ന തീരുമാനമെടുത്തതോടെയാണ് സമരം അവസാനിപ്പിക്കാന്‍ ഇരുകൂട്ടരും തയാറായത്.