നിയമനത്തിന് കത്ത്: അറിയില്ലെന്ന് ആര്യ, ഇടപെടാറില്ലെന്ന് ആനാവൂർ: വിജിലൻസ് സംഘവും മൊഴി രേഖപ്പെടുത്തി
നഗരസഭയിലെ നിയമനത്തിന് കത്ത് നല്‍കിയെന്ന പരാതിയില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെയും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെയും മൊഴി രേഖപ്പെടുത്തി വിജിലന്‍സ്. നിയമനത്തിന് പട്ടിക ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടില്ലെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. കത്ത് ലഭിച്ചില്ലെന്നാണ് ആനാവൂര്‍ നാഗപ്പന്‍ വിജിലന്‍സിനെ അറിയിച്ചിരിക്കുന്നത്. നിയമനത്തില്‍ ഇടപെടാറില്ലെന്ന് ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.
കോര്‍പ്പറേഷനിലെ താത്ക്കാലിക നിയമനത്തിനായി പാര്‍ട്ടി പ്രവര്‍ത്തകരുടെ പട്ടിക ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ ആര്യാ രാജേന്ദ്രന്‍ കത്തയച്ചെന്നായിരുന്നു ആരോപണം. എന്നാല്‍ താന്‍ കത്തയച്ചിട്ടില്ലെന്നാണ് ആര്യ രാജേന്ദ്രന്‍ മൊഴി നല്‍കിയിരിക്കുന്നത്. തന്റെ ലെറ്റര്‍ പാഡിലെ ഒപ്പ് ഉപയോഗിച്ച് വ്യാജമായി കത്ത് തയ്യാറാക്കിയതായിരിക്കാം എന്നായിരുന്നു ആര്യാ രാജേന്ദ്രന്‍ ക്രൈംബ്രാഞ്ചിന് നല്‍കിയിരുന്ന മൊഴി.
വ്യാജ കത്താണെന്ന് മേയർ തന്നെ സ്ഥിരീകരിച്ചതാണെന്ന് ആനാവൂർ മാധ്യമങ്ങളോട് പറഞ്ഞു. മേയര്‍ക്ക് നേരെയുള്ള വ്യക്തിഹത്യ വളരെ മോശമായ കാര്യമാണ്. ചില മാധ്യമങ്ങള്‍ അതിന് കൂട്ടുനില്‍ക്കുന്നു. ഒരു നയാ പൈസയുടെ അഴിമതി മേയറുടെ പേരില്‍ ഇതുവരെ ഉണ്ടായിട്ടില്ല. മറ്റ് കാര്യങ്ങൾ മാധ്യമങ്ങൾ എങ്ങനെ വ്യാഖ്യാനിച്ചാലും കുഴപ്പമില്ലെന്നും ആനാവൂർ പറഞ്ഞു. കത്ത് വിവാദത്തില്‍ അന്വേഷണ കമ്മീഷന്റെ കാര്യം പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കുമെന്നും ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കി.
നിയമനത്തില്‍ അഴിമതി നടന്നിട്ടുണ്ടോയെന്നാണ് വിജിലന്‍സ് പരിശോധിക്കുന്നത്. പ്രാഥമിക അന്വേഷണം നടത്തിയ ശേഷം പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ വിജിലന്‍സ് കേസെടുക്കും. ഇന്നലെയാണ് വിജിലന്‍സ് മേധാവി മനോജ് എബ്രഹാം അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.
കോർപ്പറേഷനിലെ നിയമന കത്ത് വിവാദത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണമാണ് ആദ്യം പ്രഖ്യാപിച്ചത്. മേയർ ആര്യാ രാജേന്ദ്രന്‍റെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിജിലൻസും പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചത്.
മേയര്‍ സ്ഥാനത്ത് നിന്ന് ആര്യാ രാജേന്ദ്രന്‍ രാജിവെയ്ക്കേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം കൂടിയ സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തില്‍ ധാരണയായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം തീരുന്നത് വരെ കാത്തിരിക്കാനാണ് സെക്രട്ടേറിയറ്റിന്റെ തീരുമാനം. അതേസമയം മേയറുടെ രാജി ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്. മേയര്‍ രാജിവെയ്ക്കണമെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷ സംഘടനകള്‍.