നടിയെ ആക്രമിച്ച കേസ്: വിചാരണ പൂര്‍ത്തിയാക്കാന്‍ ഇനിയും സമയം വേണമെന്ന് സുപ്രീംകോടതിയോട് വിചാരണക്കോടതി ജഡ്ജി
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാന്‍ എട്ട് മാസം സമയം കൂടി നീട്ടി ചോദിച്ച് വിചാരണക്കോടതി ജഡ്ജി. നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് 2024 മാര്‍ച്ച് 31വരെ സമയം അനുവദിക്കണമെന്ന് വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗ്ഗീസ് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി അവർ സുപ്രീംകോടതിയിൽ കത്ത് നൽകി.
ഇനിയും ആറ് സാക്ഷികളെ വിസ്തരിക്കണമെന്നാണ് പ്രോസിക്യൂഷന്‍ അറിയിച്ചിട്ടുള്ളത്
വിചാരണക്കോടതിയുടെ ആവശ്യം വെള്ളിയാഴ്ച ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവടങ്ങിയ സുപ്രീംകോടതി ബെഞ്ച് പരിഗണിക്കും. വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി അനുവദിച്ച സമയപരിധി ജൂലായ് 31ന് കഴിഞ്ഞിരുന്നു. ഇനിയും ആറ് സാക്ഷികളെ വിസ്തരിക്കണമെന്നാണ് പ്രോസിക്യൂഷന്‍ അറിയിച്ചിരിക്കുന്നത്.
വിസ്താരം പൂര്‍ത്തിയാക്കാന്‍ ഏറ്റവും ചുരുങ്ങിയത് മൂന്നുമാസം കൂടി ആവശ്യമാണെന്നാണ് രേഖകളില്‍ നിന്ന് മനസ്സിലാകുന്നതെന്നും വിചാരണക്കോടതി ജഡ്ജി സുപ്രീംകോടതിക്ക് കൈമാറിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതി അനുവദിച്ച സമയത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനുള്ള എല്ലാ ശ്രമങ്ങളും കോടതി നടത്തിയിരുന്നെന്ന് കത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഭരണപരമായി മറ്റ് ചുമതലകൾ കൂടി നിര്‍വഹിക്കേണ്ടതുണ്ടെന്നും ജില്ലാ ജഡ്ജി ഹണി എം വര്‍ഗ്ഗീസ് കത്തില്‍ വ്യക്തമാക്കുന്നു.