ലൈഫ് മിഷന്‍ കോഴ കേസ്; എം ശിവശങ്കര്‍ അറസ്റ്റില്‍
ലൈഫ് മിഷനുമായി ബന്ധപ്പെട്ട കോഴ ആരോപണ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് ഇന്നലെ രാത്രി 11.45ഓടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാന്‍ നാലു കോടിയിലധികം രൂപ കോഴ നല്‍കിയെന്നാണ് ശിവശങ്കറിനെതിരായ ആരോപണം. യൂണിടാക് എം ഡി സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. കേസില്‍ നേരത്തെ സ്വപ്ന സുരേഷിനെയും സന്ദീപിനെയും സരിത്തിനെയും ചോദ്യം ചെയ്തിരുന്നു. സ്വപ്ന, സന്തോഷ് ഈപ്പൻ, യു വി ജോസ് എന്നിവരുടെ മൊഴി ശിവശങ്കറിനെതിരായിരുന്നു. യുണിടാക്കിന് ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ ശിവശങ്കര്‍ ഇടപെട്ടുവെന്നാണ് സ്വപ്നയുള്‍പ്പെടെയുള്ളവര്‍ നല്‍കിയ മൊഴി.
അടുത്തിടെയാണ് കായിക, യുവജന, മൃഗസംരക്ഷണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് എം ശിവശങ്കര്‍ വിരമിച്ചത്. അന്നേ ദിവസം തന്നെ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ഇഡി നോട്ടീസ് നല്‍കിയിരുന്നു. അന്ന് ഹാജരാകാതിരുന്ന ശിവശങ്കര്‍ പിന്നീട് തിങ്കളാഴ്ച കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാവുകയായിരുന്നു.