ഇ ഡിയുടെ പ്രധാന തെളിവ് വാട്സ്ആപ്പ് ചാറ്റുകൾ; ശിവശങ്കറിന്റെ ചാറ്റിൽ മുഖ്യമന്ത്രിയെ കുറിച്ചും പരാമർശം
ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഫോഴ്സ്മെന്റെ ഡയറക്ടറേറ്റ് കുടുക്കിയത് വാടസ്ആപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിൽ. മുഖ്യമന്ത്രിയെ നേരിട്ട് പരാമർശിച്ചാണ് വാട്സ്ആപ്പ് ചാറ്റുകൾ. ''നിനക്ക് ജോലി നല്‍കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പക്ഷേ അതൊരു വലിയ പദവിയായിരിക്കില്ല. ശമ്പളം ഇരട്ടിയായിയിരിക്കുമെന്നും'' ആണ് ചാറ്റിൽ പറയുന്നത്.
ലൈഫ് മിഷൻ കോഴയായി ലഭിച്ച പണം കൈപറ്റുന്നതിന് മുൻപ് സ്വപ്ന സുരേഷും എം ശിവശങ്കറും നടത്തിയ വാട്സ്ആപ്പ് ചാറ്റാണ് ഇ ഡി പ്രധാന തെളിവായി സ്വീകരിച്ചത്
ജോലി നഷ്ടമായ സ്വപ്നയെ ആശ്വസിപ്പിക്കാനാണ് ഈ ചാറ്റ് നടത്തിയതെന്നാണ് ശിവശങ്കർ ഇ ഡിക്ക് നൽകിയ മറുപടിയിൽ പറയുന്നത്. ലൈഫ് മിഷൻ കോഴയായി ലഭിച്ച പണം കൈപറ്റുന്നതിന് മുൻപ് സ്വപ്ന സുരേഷും എം ശിവശങ്കറും നടത്തിയ വാട്സ്ആപ്പ് ചാറ്റാണ് ഇ ഡി പ്രധാന തെളിവായി സ്വീകരിച്ചത്. 2019 ജൂലൈ 31നാണ് ഇരുവരും തമ്മിലുള്ള സംഭാഷണം. ശ്രദ്ധയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്ന നിർദേശമാണ് ശിവശങ്കർ സ്വപ്നക്ക് നൽകുന്നത്.
ശിവശങ്കറിന്റെ സുഹൃത്ത് വേണുഗോപാൽ അയ്യർക്ക് ആണ് നോട്ടീസ് നൽകിയത്. നാളെ കൊച്ചിയിൽ ഹാജരാകാനാണ് നിർദേശം.
സ്വപ്ന ഒന്നിലും കാര്യമായി ഇടപെടാതെ ഒഴിഞ്ഞ് നിൽക്കണം. എന്തെങ്കിലും വീഴ്ച ഉണ്ടായാൽ എല്ലാം സ്വപ്നയുടെ തലയിൽ ഇടുമെന്നും ശിവശങ്കർ ചാറ്റിൽ കൂടി മുന്നറിയിപ്പ് നൽകുന്നുണ്ട്. എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാം എന്നും സരിത്തും ഖാലിദും കാര്യങ്ങൾ നോക്കിക്കോളും എന്നുമാണ് സ്വപ്ന നൽകുന്ന മറുപടി. വാട്സ്ആപ്പ് ചാറ്റ് നടത്തിയതിന്റെ അടുത്ത ദിവസമാണ് സന്തോഷ് ഈപ്പൻ മൂന്ന് കോടി എട്ട് ലക്ഷം രൂപയുമായി സ്വപ്നയെ കാണാൻ കവടിയാറിൽ എത്തുന്നത്. ലൈഫ് മിഷൻ കരാറിലെ കള്ളപ്പണ ഇടപാടിന്റെ പ്രധാന തെളിവായാണ് ഇ ഡി ഈ സംഭാഷണം കോടതിയിൽ ഹാജരാക്കിയത്. സ്വപ്നയുടെ ലോക്കർ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് ശിവശങ്കർ വ്യക്തമായ മറുപടി നൽകിയിട്ടില്ല. ഇതേതുടർന്ന് ഇ ഡി അടുത്ത നടപടിയിലേക്ക് നീങ്ങുകയാണ്.
ലോക്കർ തുടങ്ങിയ ചാർട്ടേഡ് അക്കൗണ്ടന്റിന് ഇ ഡി നോട്ടീസ് അയച്ചു. ശിവശങ്കരന്റെ സുഹൃത്ത് വേണുഗോപാൽ അയ്യർക്ക് ആണ് നോട്ടീസ് നൽകിയത്. നാളെ കൊച്ചിയിൽ ഹാജരാകാനാണ് നിർദേശം. ഇ ഡി കസ്റ്റഡിയിലുള്ള ശിവശങ്കറിനെയും വേണുഗോപാലിനെയും ഒരുമിച്ച് ചോദ്യം ചെയ്യാനാണ് നീക്കം. ശിവശങ്കറിന്റെ നിർദേശ പ്രകാരമാണ് വേണുഗോപാൽ സ്വപ്ന സുരേഷിനായി ലോക്കർ തുടങ്ങിയത്. സംയുക്ത അക്കൗണ്ട് തുടങ്ങിയ ശേഷം ഈ വിവരം ശിവശങ്കറിനെ അറിയിച്ചിരുന്നതായി സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. ഈ വഴിക്കാണ് ഇ ഡി ഇപ്പോൾ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്.