സര്‍ക്കാര്‍ കാണണം, നെയ്ത്തുശാലകളിലെ കൂലിയില്ലാ ജീവിതം
സംസ്ഥാനത്തെ കൈത്തറി തൊഴിലാളികള്‍ക്ക് ആറുമാസമായി ശമ്പളമില്ല. നാലരവര്‍ഷമായി ആനുകൂല്യവും ലഭിച്ചിട്ടില്ല. ശമ്പളവും ആനുകൂല്യവുമായി മുടങ്ങിക്കിടക്കുന്നത് 56 കോടി രൂപയാണ്. സംസ്ഥാനത്തെ സ്‌കൂളുകളില്‍ സൗജന്യമായി നല്‍കുന്ന യൂണിഫോമുകള്‍ വേനലവധിക്ക് മുന്‍പ് തന്നെ ഇവര്‍ നെയ്തു നല്‍കി. അടുത്തവര്‍ഷത്തേക്കുള്ളവ നെയ്ത് തുടങ്ങുകയും ചെയ്തു. എന്നാല്‍ സ്വന്തം ജീവതം നെയ്‌തെടുക്കനാവാതെ ദുരിതത്തിലാണ് ഈ തൊഴിലാഴികള്‍.
കഴിഞ്ഞ ഡിസംബറിലാണ് തൊഴിലാളികള്‍ക്ക് രണ്ടാഴ്ചത്തെ കൂലി അവസാനമായി ലഭിച്ചത്. 2023-2024 വര്‍ഷത്തേക്ക് സംസ്ഥാനത്തെ സ്‌കൂളുകളില്‍ പത്ത് ലക്ഷം കുട്ടികള്‍ക്ക് നല്‍കിയ യൂണിഫോം തുണികള്‍ നെയ്തതിന്റെ കൂലിയാണ് മുടങ്ങിക്കിടക്കുന്നത്. നാലരവര്‍ഷമായി പ്രൊഡക്ഷന്‍ ഇന്‍സന്റ്‌റീവും ഇവര്‍ക്ക് ലഭിക്കുന്നില്ല. നെയ്യാനാവശ്യമായ നൂലുകൂടി കഴിയാറായതോടെ സംസ്ഥാനത്തത് നെയ്ത്ത് വ്യവസായം തന്നെ നിലച്ചേക്കുമെന്ന സ്ഥിതിയാണ്. സര്‍ക്കാരിന്റെ കനിവിനായി കാത്തിരിക്കുകയാണ് സംസ്ഥാനത്തെ നെയ്ത്ത് വ്യവസായം.