ലൈഫ് മിഷന്‍: സ്വപ്‌ന സുരേഷിന്റെയും സന്തോഷ് ഈപ്പന്റെയും സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
ലൈഫ് മിഷന്‍ കേസില്‍ സ്വപ്‌ന സുരേഷിന്റെയും സന്തോഷ് ഈപ്പന്റെയും സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി. 5.38 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. സ്വപ്‌ന സുരേഷിന്റെ ബാങ്ക് നിക്ഷേപങ്ങളും സന്തോഷ ഈപ്പന്റെ വീട് ഉള്‍പ്പടെയുള്ള വസ്തുക്കളുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി)കണ്ടുകെട്ടിയിരിക്കുന്നത്.
യുഎഇ റെഡ് ക്രെസന്റ് നല്‍കിയ 19 കോടിയില്‍ 4.5 കോടി രൂപ കോഴയായി നല്‍കിയാണു സന്തോഷ് ഈപ്പന്റെ യൂണിടാക് കമ്പനി ലൈഫ് മിഷന്‍ പദ്ധതിയുടെ നിര്‍മാണക്കരാര്‍ നേടിയതെന്നാണ് ഇഡി കേസ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനു കോഴയായി പണം നല്‍കിയെന്നും ഈ പണമാണു സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറുകളില്‍നിന്നു കണ്ടെത്തിയതെന്നുമായിരുന്നു ആരോപണം.
ലൈഫ് മിഷന്‍ ഭവന പദ്ധതിയുടെ ഭാഗമായി യുഎഇയുടെ സഹകരണത്തോടെ വടക്കാഞ്ചേരിയില്‍ പാര്‍പ്പിട സമുച്ചയം നിര്‍മിച്ച പദ്ധതിയില്‍ ആറു കോടി രൂപയുടെ കോഴ ഇടപാട് നടന്നതായി സ്വപ്‌നസുരേഷും ആരോപിച്ചിരുന്നു.
ലൈഫ് മിഷന്‍ പദ്ധതിയില്‍ കള്ളപ്പണ ഇടപാടു നടന്നതായുള്ള മൊഴികളെ തുടര്‍ന്നാണ് ഇഡി കേസ രജിസ്റ്റര്‍ ചെയ്തത്. ലൈഫ്് മിഷന്‍ കരാര്‍ ലഭിക്കാന്‍ 4.48 കോടി രൂപയുടെ കോഴ നല്‍കിയെന്നു നിര്‍മാണ കരാറെടുത്ത യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയതോടെയാണ് ഇഡി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്.