കോവളത്ത് വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; ശിക്ഷാവിധി ഇന്ന്
തിരുവനന്തപുരം കോവളത്ത് വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ ഇന്ന് വിധിക്കും. കേസില്‍ രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. കേസിലെ പ്രതികളായ ഉദയന്‍, ഉമേഷ് എന്നിവര്‍ക്കെതിരെ ചുമത്തിയ കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി പറഞ്ഞിരുന്നു. പ്രതികൾക്കെതിരായ പ്രോസിക്യൂഷന്‍ കണ്ടെത്തലുകളും കോടതി ശരിവെച്ചു.
ബോട്ടിങ് നടത്താമെന്ന പേരില്‍ വള്ളത്തില്‍ കയറ്റിയാണ് പ്രതികള്‍ ലിഗയെ കുറ്റിക്കാട്ടില്‍ എത്തിച്ചത്
മൃതദേഹം കണ്ടെടുക്കുമ്പോള്‍ ജീര്‍ണിച്ചിരുന്നതിനാല്‍ ബയോളജിക്കൽ തെളിവുകൾ നഷ്ടപ്പെട്ടുവെന്നതായിരുന്നു കേസിൽ വാദി ഭാഗം നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് മുന്നോട്ട് പോയത്. പരിചയമുള്ളയാള്‍ക്കല്ലാതെ മൃതദേഹം കണ്ടെത്തിയ ഭാഗത്തേക്ക് കടക്കാനാകില്ല. കൊല്ലപ്പെട്ട വിദേശവനിത അവിടെ എത്തിയതിന് പിന്നിൽ സ്ഥല പരിചയമുള്ള സഹായികളുണ്ടെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രോസിക്യൂഷൻ മുന്നോട്ടുവെച്ച 18 സാഹചര്യങ്ങൾ മുഴുവൻ കോടതി അംഗീകരിച്ചതാണ് കേസ് അനുകൂലമാകാന്‍ സഹായകമായതെന്നും അഡ്വ. മോഹന്‍രാജ് പറഞ്ഞു.
2018 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സഹോദരിയോടൊപ്പം കേരളത്തില്‍ ചികിത്സക്കെത്തിയ ലാത്വിയന്‍ സ്വദേശിയായ ലിഗ എന്നയുവതിയെ ആണ് പ്രതികള്‍ കൊലപ്പെടുത്തിയത്. ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന സമീപിച്ച് അടുത്തുള്ള കുറ്റിക്കാട്ടില്‍ കൊണ്ടുപോയി ലഹരി വസ്തു നല്‍കി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
2019 ജൂണ്‍ 22ന് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ വൈകുകയായിരുന്നു
ബോട്ടിങ് നടത്താമെന്ന പേരില്‍ വള്ളത്തില്‍ കയറ്റിയാണ് പ്രതികള്‍ ലിഗയെ കുറ്റിക്കാട്ടില്‍ എത്തിച്ചത്. ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് യുവതിയുടെ ശരീരം കണ്ടല്‍ക്കാട്ടില്‍ ഉണ്ടെന്ന് പ്രതികള്‍ വെളിപ്പെടുത്തിയത്. 2019 ജൂണ്‍ 22ന് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ വൈകുകയായിരുന്നു. ലിഗയുടെ കുടുംബാംഗങ്ങള്‍ പിന്നീട് കേരള ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസിന് വേഗം വെച്ചത്. ജനുവരി 20നാണ് പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം വായിച്ചത്. ലിഗയുടെ സഹോദരന്‍ ഇല്‍സി സ്‌ക്രോമെനെ അടക്കം 104 സാക്ഷികളെ കേസില്‍ കോടതി വിസ്തരിച്ചിരുന്നു.