മദ്യത്തിന്റെ വിലക്കയറ്റം മയക്കുമരുന്ന് ഉപയോഗം വര്‍ധിപ്പിക്കില്ല: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
ലോകത്ത് ഏറ്റവുമധികം നികുതി ചുമത്തുന്ന ഉത്പന്നം മദ്യമാണെന്നും മദ്യത്തിന്റെ വിലക്കയറ്റം മയക്കുമരുന്ന് ഉപയോഗം വര്‍ധിപ്പിക്കില്ലെന്നും ധനമന്ത്രി കെ എന്‍ ബാലഗാപാല്‍. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ധനമന്ത്രിയുടെ പരാമർശം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബാറുകള്‍ പൂട്ടിയതോടെയാണ് മയക്കുമരുന്ന് ഉപയോഗം പ്രചാരത്തിലായതെന്ന് പറയപ്പെടുന്നു. സമാനമായ ഒരു സാഹചര്യം ഇപ്പോള്‍ ഉയര്‍ന്നുവരുന്നതായി കരുതുന്നില്ലേ? എന്ന ചോദ്യത്തിനാണ് പ്രതികരണം.
തനിക്ക് മനസിലായത് മയക്കുമരുന്നിന് വില വളരെ കൂടുതലാണ് എന്നാണ്. കൂടാതെ, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ആസക്തിയുടെ സ്വഭാവം തികച്ചും വ്യത്യസ്തമാണ്. അതിനാല്‍, മദ്യത്തിന്റെ വിലക്കയറ്റം മയക്കുമരുന്ന് ഉപയോഗം വര്‍ധിപ്പിക്കാന്‍ ഇടയാക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
500 രൂപ മുതല്‍ വിലയുള്ള മദ്യത്തിനാണ് സാമൂഹിക സുരക്ഷ സെസ് ഏര്‍പ്പെടുത്തിയത്. ഇതോടെ 500 രൂപ മുതല്‍ 999 രൂപ വരെയുള്ള ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് കുപ്പിക്ക് 20 രൂപ വര്‍ധിച്ചു. 1000 രൂപയ്ക്ക് മുകലിലുള്ളവയ്ക്ക് 40 രൂപയും വര്‍ധിച്ചു. മദ്യത്തിന്റെ വിലക്കയറ്റം ജനത്തെ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് തള്ളിവിടുമെന്ന വിമര്‍ശനം പ്രതിപക്ഷ നേതാവ് വി ഡി സതീശനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ഉന്നയിച്ചിരുന്നു.
ഇന്ധനത്തില്‍ നിന്നുള്ള ഒരു രൂപയും മദ്യത്തില്‍ നിന്നുള്ള 20 രൂപയും സാമൂഹിക-സുരക്ഷയ്ക്ക് വേണ്ടി മാത്രമാകും ഉപയോഗിക്കുകയെന്ന് ധനമന്ത്രി
പുതിയ സെസും കിഫ്ബിയും തമ്മില്‍ ബന്ധമില്ലെന്നും മന്ത്രി വിശദീകരണം നല്‍കി. കിഫ്ബിക്ക് ഇതിനകം ഇന്ധനത്തില്‍ നിന്ന് ലിറ്ററിന് 1രൂപ സെസ് ലഭിക്കുന്നുണ്ട്. (കിഫ്ബിക്ക് മോട്ടോര്‍ വാഹന നികുതിയുടെ 50% ലഭിക്കും). എന്നാല്‍ ഈ ബജറ്റില്‍ നിന്ന് കിഫ്ബിക്ക് ഒന്നും തന്നെ ലഭിക്കുന്നില്ല. ഞങ്ങള്‍ പുതിയ നികുതിയെ 'സാമൂഹിക-സുരക്ഷാ സെസ്' ആയാണ് കണക്കാക്കുന്നത്. ഇന്ധനത്തില്‍ നിന്നുള്ള ഒരു രൂപയും മദ്യത്തില്‍ നിന്നുള്ള 20 രൂപയും സാമൂഹിക-സുരക്ഷയ്ക്ക് വേണ്ടി മാത്രമാകും ഉപയോഗിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. കിഫ്ബി അപ്രസക്തമാകുമെന്ന് പറഞ്ഞ് സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള കേന്ദ്രത്തിന്റെ കടന്നുകയറ്റത്തെ പ്രതിപക്ഷം ന്യായീകരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതത് വകുപ്പുകള്‍ മുഖേന പ്രവൃത്തി നടപ്പിലാക്കുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍, കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ മാത്രം 12,000 കോടി രൂപയുടെ പദ്ധതികള്‍ കിഫ്ബി നടപ്പാക്കിയിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ ഇതുവരെ 22,000 കോടി രൂപയുടെ പദ്ധതികള്‍ കിഫ്ബി വിജയകരമായി പൂര്‍ത്തിയാക്കി. കിഫ്ബി പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ കാര്യക്ഷമതയും വേഗതയും അഭൂതപൂര്‍വമാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന-സെസ് നിര്‍ദേശം പിന്‍വലിക്കണമെന്ന ആവശ്യം, ചെലവുചുരുക്കല്‍ നടപടികള്‍, സംസ്ഥാന ജീവനക്കാരുടെ വിരമിക്കല്‍ പ്രായം വര്‍ധിപ്പിക്കല്‍, സംസ്ഥാനത്തെ രക്ഷിക്കാനുള്ള തന്റെ പദ്ധതികള്‍ എന്നിവയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കുടുംബത്തിന് നല്ലത് എന്താണെന്ന് അറിയുന്ന അച്ഛനെപ്പോലെയാണ് താനെന്ന് നികുതി വര്‍ധിപ്പിച്ച നടപടി ന്യായീകരിച്ച് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.