ലിവിങ് ടുഗതർ പങ്കാളികൾക്ക് വിവാഹമോചനം ആവശ്യപ്പെടാനാകില്ല : ഹൈക്കോടതി
ലിവിങ് ടുഗതർ പങ്കാളികൾക്ക് കോടതി വഴി വിവാഹമോചനം ആവശ്യപ്പെടാനാകില്ലെന്ന് ഹൈക്കോടതി. സ്‌പെഷ്യൽ മാര്യേജ് ആക്ടോ വ്യക്തി നിയമങ്ങളോ അനുസരിച്ച് നടക്കുന്ന വിവാഹങ്ങൾക്ക് മാത്രമേ നിയമസാധുതയുള്ളു. നിയമപ്രകാരം വിവാഹിതരാകാതെ ഒരുമിച്ച് ജീവിക്കുന്നതിനെ വിവാഹമായി കാണാനാവില്ലെന്ന് ജസ്‌റ്റിസ് മുഹമ്മദ് മുഷ്‌താഖ്, ജസ്‌റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
2006 മുതൽ ഒരുമിച്ച് ജീവിക്കുന്ന ഹിന്ദു, ക്രിസ്‌ത്യൻ സമുദായങ്ങളിൽപ്പെട്ട പങ്കാളികൾ ഉഭയസമ്മത പ്രകാരം വിവാഹ മോചനം ആവശ്യപ്പെട്ടാണ് എറണാകുളം കുടുംബ കോടതിയെ സമീപിച്ചത്. ഇവർ നിയമപ്രകാരം വിവാഹിതരായിട്ടില്ലെന്ന് വിലയിരുത്തി വിവാഹമോചനം അനുവദിക്കാൻ കുടുംബ കോടതി വിസമ്മതിക്കുകയായിരുന്നു. ഇതിനെതിരെയുള്ള അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്.
നിയമപ്രകാരം വിവാഹിതരല്ലാതിരിക്കുകയും ഒരു ഉടമ്പടിയുടെ അടിസ്ഥാനത്തിൽ രണ്ട് കക്ഷികൾ ഒരുമിച്ച് ജീവിക്കുകയും ചെയ്താൽ അത് വിവാഹമെന്ന് അവകാശപ്പെടാനോ, വിവാഹമോചനം തേടാനോ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമപരമായി വിവാഹിതരല്ലാത്തവരുടെ വിവാഹമോചന ഹർജി പരിഗണിക്കാൻ കുടുംബകോടതിക്ക് അധികാരമില്ല. മറ്റ് ആവശ്യങ്ങൾക്കായി ലിവ് ഇൻ റിലേഷൻ അംഗീകരിക്കപ്പെടുമെങ്കിലും വിവാഹമോചനത്തിന് അംഗീകരിക്കാനാവില്ലെന്നാണ് കോടതി ഉത്തരവ്.