അഴിമതിയില്‍ മുങ്ങി സർക്കാർ ഉദ്യോഗസ്ഥർ ; ആറ് വര്‍ഷത്തില്‍ 1061 കേസുകളെന്ന് മുഖ്യമന്ത്രി
കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ മാത്രം രജിസ്റ്റർ ചെയ്തത് 1061 അഴിമതി കേസുകളെന്ന് വിജിലൻസ് രേഖകൾ. നിയമസഭയിൽ എംഎൽഎ സണ്ണി ജോസഫിന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങളും രേഖകളും ഉൾപ്പെടെയാണ് മുഖ്യമന്ത്രിയുടെ മറുപടി.
129 ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട് . 423 പേര്‍ക്കെതിരെ പ്രാഥമിക അന്വേഷണവും നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചുഅഴിമതി കേസുകളില്‍ അറസ്റ്റിലായതും പ്രതിചേര്‍ക്കപ്പെട്ടത്തുമായ 82 ഉദ്യോഗസ്ഥര്‍ നിലവില്‍ സസ്‌പെന്‍ഷനിലുമാണ്.
വിവിധ അഴിമതികളിലായി 154 കേസുകളാണ് തദ്ദേശ സ്വയംഭരണ വകുപ്പില്‍ മാത്രം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. റവന്യൂ വകുപ്പിൽ നിന്ന് 97 , സഹകരണ വകുപ്പിൽ നിന്ന് 61 , ആരോഗ്യ വകുപ്പില്‍ നിന്ന് 23 , കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട് സിവില്‍ സപ്ലൈസില്‍ നിന്നും ഉപഭോക്തൃകാര്യ വകുപ്പില്‍ നിന്നുമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 37 കേസുകളാണ് . അഴിമതിയുമായി ബന്ധപ്പെട്ട് 31 പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് . പൊതു പ്രവര്‍ത്തന രംഗത്ത് നിന്നും 29 കേസുകളും , വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് 25 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പേര്‍ക്കെതിരേയും അഴിമതികേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടു.
തദ്ദേശ സ്വയംഭരണ വകുപ്പിലെ ഭൂരിഭാഗം അഴിമതികളും കെട്ടിടം നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണെന്നാണ് സൂചന . പഞ്ചായത്തിലും മുന്‍സിപാലിറ്റികളിലും കെട്ടിടനിര്‍മ്മാണ അനുമതിയുമായി ബന്ധപ്പെട്ട് കര്‍ശന നിയമങ്ങളാണ് നിലനില്‍ക്കുന്നത് .അതിനെ വളച്ചൊടിക്കാന്‍ ഉദ്യോഗസ്ഥര്‍ കൂട്ടു നില്‍ക്കുന്നു എന്നതാണ് ഈ മേഖലയില്‍ അഴിമതി കേസുകള്‍ കൂടാനുണ്ടായ സാഹചര്യം.
അഴിമതി കേസുകളില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ പേര്‍ സസ്സ്‌പെന്‍ഡ് ചെയ്യപ്പെട്ടിട്ടുള്ളത് റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 22 പേരാണ് വിവിധ അഴിമതി കേസുകളില്‍ ഇതുവരെ സസ്സ്‌പെന്‍ഡ് ചെയ്യപ്പെട്ടിട്ടുള്ളത്. തദ്ദേശ സ്വയംഭരണ വകുപ്പില്‍ 19, ആരോഗ്യ വകുപ്പില്‍ നിന്ന് 8, മോട്ടോര്‍ വാഹന ഡിപ്പാര്‍ട്‌ന്റെില്‍ നിന്ന് 5 പേരും, പോലീസ് ഉദ്യോഗസ്ഥരില്‍ നാല് പേരും നിലവില്‍ സസ്സ്‌പെന്‍ഷനിലാണ്.
വര്‍ഷാ വര്‍ഷങ്ങളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ടെങ്കിലും എഫ്‌ഐആറില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസ് ആറ് മുതല്‍ ഏഴ് വര്‍ഷം വരെ എടുത്താണ് അവസാനിക്കുന്നതെന്നാണ് അഴിമതി വിരുദ്ധ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. കേരളത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഒരു ട്രൈബ്യൂണല്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും കേസുകള്‍ പരിഗണിക്കുന്നത് വൈകുന്നതിന്റ ഒരു കാരണം ഇതാണെന്നും അവര്‍ ആരോപിക്കുന്നു, കൊച്ചിയിലും കോഴിക്കോടും പുതിയ ട്രൈബ്യൂണലുകള്‍ അത്യന്താപേക്ഷിതമാണെന്നുമാണ് അഴിമതി വിരുദ്ധ പ്രര്‍ത്തകരുടെ ആവശ്യം.