'പ്രവാസി ക്ഷേമമോ, അതോ വെറും ഗെറ്റ് ടുഗദര്‍ ഇവന്റോ'; ലോകകേരള സഭയുടെ ലക്ഷ്യമെന്ത്?
ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഒത്തുചേരാനും അവരുടെ വിവിധങ്ങളായ കഴിവുകള്‍ കേരളത്തിന്റെ വളര്‍ച്ചക്കായി ഉപയോഗപ്പെടുത്താനും അവസരം എന്ന ലക്ഷ്യവുമായി കേരള സര്‍ക്കാര്‍ രൂപം നല്‍കിയ ലോക കേരള സഭ എന്ന പദ്ധതി നാലാം പതിപ്പിലേക്ക് കടക്കുകയാണ്. ജൂണ്‍ 13 ന് ഔദ്യോഗികമായി തുടങ്ങേണ്ടിയിരുന്ന ലോക കേരള സഭയുടെ ഉദ്ഘാടന സമ്മേളനവും സെമിനാറും അനുബന്ധ പരിപാടികളും കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഒഴിവാക്കിയിരിക്കുകയാണ്. ലോക കേരള സഭയുടെ ഉദ്ഘാടന സമ്മേളനവും സെമിനാറും അനുബന്ധ പരിപാടികളുമാണ് ഒഴിവാക്കിയത്. എന്നാല്‍ ആഘോഷ പരിപാടികള്‍ ഒഴിവാക്കി 14 , 15 തീയ്യതികളില്‍ ലോക കേരളസഭാ സമ്മേളനം നിശ്ചയിച്ച പ്രകാരം നടക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്.
നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നാലാമത് ലോകകേരളാ സഭ വീണ്ടും സമ്മേളിക്കുമ്പോള്‍ ആഗോള പ്രവാസികളുടെ ഒത്തുചേരലിന് അപ്പുറം ഇക്കാലത്തിനിടയില്‍ നടന്ന മൂന്ന് സമ്മേളനങ്ങളും മേഖലാതല സമ്മേളനങ്ങളും കൊണ്ട് പ്രവാസികള്‍ക്ക് എന്ത് ഗുണമുണ്ടായി എന്ന ചോദ്യം പ്രസക്തമാണ്. ഇക്കാര്യത്തില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നുതുടങ്ങി. പ്രവാസികളുടെ ക്ഷേമവും ഉന്നമനവും ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികള്‍ നടപ്പാക്കിയന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ ഒരു ബിസിനസ് കൂട്ടായ്മയ്ക്ക് ഉപരിയായി ലോകകേരള സഭയ്ക്ക് വളരാന്‍ സാധിച്ചിട്ടില്ലെന്ന് സാമൂഹ്യ നിരീക്ഷകര്‍ പ്രതിവാദം ഉന്നയിക്കുന്നു.
കോടികള്‍ മുടക്കി സമ്മേളനങ്ങൾ നടത്തുന്നുണ്ടെങ്കിലും പ്രവാസികളുട കാതലായ വിഷയങ്ങളില്‍ ഇന്നേവരെ ഒരു നിലപാടും തീരുമാനവും ലോകകേരള സഭയ്ക്ക് എടുക്കാനായില്ല എന്നതാണ് പ്രധാന വിമര്‍ശനം
മൂന്ന് ലോകകേരളാ സഭകളിലും ഉയര്‍ന്ന് വന്ന നിര്‍ദ്ദേശങ്ങളൊന്നും നടപ്പാക്കാനായില്ല. ചില നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ഇതുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ അവകാശപ്പെടുന്നു. എന്നാല്‍ ഗള്‍ഫിലേക്കും മറ്റ് രാജ്യങ്ങളിലേക്കും പോവുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കായി ലോകകേരള സഭാ ആലോചന പോലും നടത്തിയിട്ടില്ലെന്ന വിമര്‍ശനങ്ങളാണ് മറുവശത്ത് നിന്ന് ഉയരുന്നത്.
ഇക്കുറി 351 അംഗങ്ങളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ തവണ ഉള്‍പ്പടുത്തിയ ഒരു തൊഴിലാളി വനിതയും ഇത്തവണ ഉള്‍പ്പെടുത്തിയ പ്രവാസി ഡ്രൈവറും ഉള്‍പ്പെടെ അംഗങ്ങളാണ്. മൂന്ന് കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ അനുവദിച്ചത്. എല്ലാത്തവണയും കോടികള്‍ മുടക്കി നടത്തുന്നുണ്ടെങ്കിലും പ്രവാസികളുട കാതലായ വിഷയങ്ങളില്‍ ഇന്നേവരെ ഒരു നിലപാടും തീരുമാനവും ലോകകേരള സഭയ്ക്ക് എടുക്കാനായില്ല എന്നതാണ് പ്രധാന വിമര്‍ശനം.
കേരളത്തിന് കേരളസഭയില്‍ നിന്നുള്ള കോണ്‍ട്രിബ്യൂഷന്‍ ബിഗ് സീറോ ആണ്
രാഷ്ട്രീയ നിരീക്ഷകന്‍ ജോസഫ് സി മാത്യു പ്രതികരിച്ചു
നിക്ഷേപം ആകര്‍ഷിക്കും, പ്രവാസികളുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കും, പുതിയ സംരംഭങ്ങള്‍ക്ക് സബ്സിഡിയുള്‍പ്പെടെ നിരവധി ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്നായിരുന്നു മൂന്ന് കേരളാ സഭകളിലേയും പ്രഖ്യാപനം. നാടിന്റെ വികസനത്തിന് ഉപകാരപ്പെടുത്തുന്ന തരത്തില്‍ പദ്ധതികള്‍ രൂപപ്പെടുത്തുമെന്ന് സര്‍ക്കാരും പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് സഹായകരമായ ഒരു നടപടിയും ഉണ്ടായില്ല. പ്രവാസി സഹകരണ സംഘങ്ങളും നിക്ഷേപ കമ്പനിയും വനിതാ സെല്‍, വിദേശഭാഷ പഠനം എന്നിങ്ങനെ കേരളസഭയുടെ നേട്ടങ്ങള്‍ സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. എന്നാല്‍ ' ഒരു അനദര്‍ ഇവന്റ് എന്ന രീതിയില്‍ പ്രസന്റ് ചെയ്യുന്നു എന്നല്ലാതെ പ്രവാസികള്‍ക്കായി പ്ലാനും പദ്ധതിയുമുണ്ടെന്ന് തോന്നുന്നില്ല. ലോകമെമ്പാടുമുള്ള പ്രവാസികളുടെ പ്രശ്നങ്ങള്‍ക്ക് ഒറ്റമൂലി എന്ന നിലയിലാണ് കേരള സഭ കൊണ്ടുവരുന്നത്. എന്നാല്‍ അത് ഒരു ഗെറ്റ് ടുഗദര്‍ ഇവന്റ് മാത്രമായി മാറി. നിയമസഭയില്‍ എന്തിനിത് നടത്തി എന്നത് പോലും പലപ്പോഴും പ്രശ്നമായി വന്നിരുന്നു. രാജ്യസഭയ്ക്ക് സമാനമായ തരത്തില്‍ ഒരു ബോഡി ഉണ്ടാക്കാമെന്നായിരിക്കും അവര്‍ കണക്കുകൂട്ടിയിരുന്നത്. ആസാദ് മൂപ്പന്‍ വന്ന് ബില്‍ അവതരിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അതിന്റെ ഭാഗമായിരുന്നിരിക്കണം. എന്നാല്‍ ഒരു എക്സിക്യൂഷന്‍ ആക്ടിവിറ്റിയായോ നോര്‍ക്ക പോലെ ഒരു ബോഡിയായോ മാറാന്‍ കേരളസഭയ്ക്ക് ആയില്ല. പകരം ആവര്‍ത്തിക്കുന്ന കോമഡി ഷോ പോലെയായി. കോവിഡ് സമയത്ത് കെ എം സി സി ചെയ്ത കാര്യങ്ങളുടെ നൂറിലൊന്ന് പോലും ചെയ്യാന്‍ കേരളസഭയ്ക്ക് കഴിഞ്ഞതുമില്ല. ഇത്തവണ ഒരു ഡ്രൈവര്‍ കൂടി അംഗമായി എന്ന് പറയുന്നു. കണ്ണുകിട്ടാതിരിക്കാന്‍ ചട്ടിവയ്ക്കും പോലെയാണ് ഇത് തോന്നുന്നത്. കേരളത്തിന് കേരളസഭയില്‍ നിന്നുള്ള കോണ്‍ട്രിബ്യൂഷന്‍ ബിഗ് സീറോ ആണ്.'- രാഷ്ട്രീയ നിരീക്ഷകന്‍ ജോസഫ് സി മാത്യു പ്രതികരിച്ചു.
പ്രവാസികള്‍ക്ക് വലിയ തോതില്‍ നിക്ഷേപം നടത്താനുള്ള ഇടമാക്കി കേരളത്തെ മാറ്റും എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രവാസികള്‍ ഇതിനോട് മടിച്ച് നില്‍ക്കുന്നത് മറ്റൊരു തരത്തില്‍ സര്‍ക്കാരിന് തിരിച്ചടിയായി. പ്രവാസികളുടെ പുനരധിവാസം, കേന്ദ്ര-സംസ്ഥാന ഓഹരികളുടെ കണ്‍സോര്‍ഷ്യം, ദേശീയ കുടിയേറ്റ നയമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദ്ദപ്പെടുത്തും തുടങ്ങി നിരവധി പ്രഖ്യാപനങ്ങള്‍ സഭയില്‍ ഉണ്ടായി. എന്നാല്‍ ഒന്നും നടന്നില്ല. ലോകകേരള സഭയ്ക്ക് നിയമപരമായ ഉറപ്പ് നല്‍കാന്‍ നിയമനിര്‍മ്മാണം നടത്തുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പും പാഴായി.
' പ്രവാസി മലയാളികളുടെ ഒത്തുചേരല്‍ എന്നാണ് ലോക കേരളസഭയെ കുറിച്ച് പറയുന്നത്. എന്നാല്‍ വര്‍ക്കേഴ്സ് റപ്രസന്റേഷന്‍ ഇല്ല. കുടിയേറ്റ തൊഴിലാളികളുടെ പ്രാതിനിധ്യമില്ലാതെ അവരുടെ വെല്ലുവിളികളും പ്രശ്നങ്ങളും പഠിക്കാനോ പരിഹരിക്കാനോ ഉള്ള ഒന്നും സഭയില്‍ ഇല്ല. അത് ചോദിക്കുമ്പോള്‍ എല്ലാവര്‍ക്കും ഒത്തുചേരാനുള്ള ഒരു കള്‍ച്ചറല്‍ പ്ലാറ്റ്ഫോമാണ് ഇതെന്ന് പറയും. ഇത് നടത്തുന്നവര്‍ക്ക് തന്നെ അതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ല എന്നതാണ് സത്യം.' പ്രവാസി ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകര്‍ രജിമോന്‍ കുട്ടപ്പന്‍ പറയുന്നു.
പ്രവാസി മലയാളികളുടെ ഒത്തുചേരല്‍ എന്നാണ് പറയുന്നത്. എന്നാല്‍ വര്‍ക്കേഴ്സ് റപ്രസന്റേഷന്‍ ഇല്ല
രജിമോന്‍ കുട്ടപ്പന്‍
' 1980കളിലോ അതിന് മുന്നെയോ റെമിറ്റന്‍സ് ഡിപ്പന്‍ഡഡ് എക്കോണമിയാണ് നമ്മുടേത്. എന്‍ആര്‍ഐ ഡിപ്പോസിറ്റ് വേറെ റെമിറ്റന്‍സ് വേറെ. റമിറ്റന്‍സാണ് ഇവിടുത്തെ മാര്‍ക്കറ്റ് ചലിപ്പിക്കുന്നത്. ഏത് ജോലിക്കായാലും കുടിയേറ്റ തൊഴിലാളികളുടെ വിഷയങ്ങള്‍ ഒന്ന് തന്നെയാണ്. മറ്റ് വിദേശരാജ്യങ്ങളില്‍ പോവുന്നത് പോലെയല്ല ഗള്‍ഫ് രാജ്യങ്ങളിലേക്ക് മലയാളികള്‍ പോവുന്നത്. അവിടുത്തെ തൊഴില്‍ നിയമങ്ങള്‍ മറ്റൊന്നാണ്. ആ വിഷയം സംസ്ഥാനത്തിന്റേതല്ല, കേന്ദ്രത്തിന്റേതാണ്. എന്നാല്‍ ഇക്കാര്യങ്ങളില്‍ ഇടപെടുന്നതിനോ തീരുമാനമെടുപ്പിക്കുന്നതിനോ കേന്ദ്രത്തോട് ആവശ്യപ്പെടുന്നതിലും സമ്മര്‍ദ്ദപ്പെടുത്തുന്നതിലും സംസ്ഥാനം പരാജയപ്പെട്ടു. 1980ലെ നിയമമാണ് ഇന്ത്യയില്‍ നിലവിലുള്ളത്. ഇതില്‍ മാറ്റം വരുത്താനും കേന്ദ്രത്തോട് ആവശ്യപ്പെടാം. കേരള ലോക സഭ പോലെയുള്ള പ്ലാറ്റ് ഫോം അതിന് എന്തെങ്കിലും നടപടി എടുക്കേണ്ടതായിരുന്നു. അതുണ്ടായില്ല.
കോവിഡിന് ശേഷം പുനരധിവാസത്തിനായി ഡ്രീം കേരള എന്ന പദ്ധതി മുന്നോട്ടുവച്ചിരുന്നു. സ്‌കില്‍ഡ് ആയ ആളുകള്‍ക്ക് ജോലി നല്‍കുന്ന പദ്ധതി, എന്നാല്‍ അത് തുടങ്ങിയയിടത്ത് തന്നെ അവസാനിച്ചു. നഴ്സിങ് റിക്രൂട്മെന്റുകള്‍ക്ക് ഉള്‍പ്പെടെ ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ഉണ്ടാക്കുമെന്ന് പറഞ്ഞു. എന്നാല്‍ അതെല്ലാം മുന്നോട്ട് പോവുകയാണെന്ന് മാത്രമാണ് ഇപ്പോഴും പറയുന്നത്. ഇതിനോടകം കോടികളാണ് ചെലവിട്ടത്. നോര്‍ക്കയ്ക്ക് ബജറ്റില്‍ ഒരു തുക മാറ്റി വക്കും. നോര്‍ക്ക ചെയ്യുന്ന കാര്യങ്ങള്‍ പോലും കേരള സഭയുടെ മിടുക്കായി അവതരിപ്പിക്കും. എന്തുകൊണ്ടും ഈ കൂട്ടായ്മകൊണ്ട് കുടിയേറ്റ തൊഴിലാളികളായ ആര്‍ക്കും ഒരു ഗുണവും ലഭിക്കുന്നില്ലെന്നും രജിമോന്‍ അടിവരയിടുന്നു.
ധൂര്‍ത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ തവണ പ്രതിപക്ഷം കേരളസഭയില്‍ നിന്ന് വിട്ടുനിന്നിരുന്നു. അതിന് പുറമെ കേള സഭയില്‍ പ്രഖ്യാപിച്ച പദ്ധതികളെക്കുറിച്ച് ധവളപത്രം ഇറക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. അതിനിടെ അമേരിക്കയിലെ മേഖലാ സമ്മേളനത്തിനായി നടത്തിയ പണപ്പിരിവും വവാദമായിരുന്നു. നോര്‍ക്ക മുന്‍കയ്യെടുത്ത് നടത്തുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം ഇരിക്കാന്‍ 82 ലക്ഷം രൂപ ആവശ്യപ്പെട്ടത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.