കേരള നിയമസഭ
കേരള നിയമസഭ

ലോകായുക്ത: കൊമ്പുകോർത്ത് നിയമമന്ത്രിയും പ്രതിപക്ഷനേതാവും; സിപിഐയുടെ നിര്‍ദേശങ്ങള്‍ക്ക് സബ്ജറ്റ് കമ്മിറ്റിയുടെ അംഗീകാരം

ഭേദഗതിയെ എതിര്‍ത്ത് പ്രതിപക്ഷം
Updated on
1 min read

ലോകായുക്ത ഭേദഗതി ബില്ലില്‍ സിപിഐ കൊണ്ടുവന്ന നിര്‍ദേശങ്ങള്‍ക്ക് നിയമസഭ സബ്ജറ്റ് കമ്മിറ്റിയുടെ അംഗീകാരം. പ്രതിപക്ഷം ഭേദഗതിയെ എതിര്‍ത്തു. സബ്ജറ്റ് കമ്മിറ്റി റിപ്പോര്‍ട്ട് ബുധനാഴ്ച്ച സഭയില്‍ അവതരിപ്പിക്കും.

ലോക്പാല്‍ മാതൃകയിലാണ് ലോകായുക്തയിലെ പുതിയ ഭേദഗതി. മുഖ്യമന്ത്രിക്കെതിരായ ലോകായുക്തയുടെ ഉത്തരവുകളില്‍ നിയമസഭയാകും തീരുമാനമെടുക്കുക. മന്ത്രിമാര്‍ക്കെതിരായ ഉത്തരവുകളില്‍ മുഖ്യമന്ത്രിയും എംഎല്‍എമാര്‍ക്ക് എതിരായതില്‍ സ്പീക്കര്‍ക്കും തീരുമാനമെടുക്കാം. മുഖ്യമന്ത്രിക്കെതിരായ ഉത്തരവ് ഗവര്‍ണര്‍ക്ക് വിടുന്ന കരടിലെ വ്യവസ്ഥ ഒഴിവാക്കി.

ബില്ലിനെച്ചൊല്ലി മന്ത്രി പി രാജീവും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മില്‍ സഭയില്‍ ഏറ്റുമുട്ടിയിരുന്നു. ലോകായുക്ത ജുഡീഷ്യല്‍ ബോഡി അല്ല, അന്വേഷണ സംവിധാനം മാത്രമാണെന്ന് മുഖ്യമന്ത്രിക്ക് വേണ്ടി ബില്‍ അവതരിപ്പിച്ച നിയമമന്ത്രി പി രാജീവ് വ്യക്തമാക്കി. ബില്ലിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണുയർത്തിയത്. ജുഡീഷ്യല്‍ സംവിധാനത്തിന്റെ അധികാരം എക്സിക്യൂട്ടിവ് തട്ടിയെടുക്കുന്നതാണ് ഭേദഗതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു.

സാധാരണ പൗരന് ലഭിക്കേണ്ട നീതി ലോകായുക്ത തനിക്ക് നിഷേധിച്ചെന്ന് കെ ടി ജലീല്‍ സഭയില്‍ പറഞ്ഞു. തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കിയില്ലെന്നും ജലീല്‍ കൂട്ടിച്ചേർത്തു. ഭേദഗതി ബില്‍ ഭരണഘടനാവിരുദ്ധമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഒരുതവണ നിയമസഭ പാസാക്കിയ നിയമം ഭരണഘടനാവിരുദ്ധമെന്ന് പറയാന്‍ മന്ത്രിക്ക് അധികാരമില്ലെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. നിയമം കൊണ്ടുവരുമ്പോള്‍ ലോക്പാല്‍ ഇല്ലെന്നും ലോക്പാൽ നിയമത്തിലെ വ്യവസ്ഥയാണ് ലോകായുക്ത നിയമഭേദഗതിയെന്ന് മന്ത്രി പി രാജീവ് മറുപടി നല്‍കി. ലോകയുക്താ നിയമത്തിലെ 14-ാം വകുപ്പാണ് ഭരണഘടനാ വിരുദ്ധം. നിയമത്തിലെ ഒരു ഭാഗം തെറ്റാണെന്ന് കണ്ടെത്തിയാൽ അത് തിരുത്താൻ അധികാരമുണ്ട്, ലോക്പാലിനു ശിക്ഷ വിധിക്കാൻ അധികാരമില്ലെന്നും മന്ത്രി വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in