ദുരിതാശ്വാസ നിധി ദുർവിനിയോഗം; ഏപ്രിൽ 12 ന് ലോകായുക്ത ഫുൾ ബെഞ്ച് പരിഗണിക്കും

ദുരിതാശ്വാസ നിധി ദുർവിനിയോഗം; ഏപ്രിൽ 12 ന് ലോകായുക്ത ഫുൾ ബെഞ്ച് പരിഗണിക്കും

മന്ത്രിസഭാ തീരുമാനങ്ങൾ ലോകായുക്തയ്ക്ക് പരിശോധിക്കാൻ സാധിക്കുമോ എന്നതിന്റെ സാങ്കേതിക വശങ്ങളായിരിക്കും ആദ്യം ബെഞ്ച് പരിഗണിക്കുക
Updated on
2 min read

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റി ചെലവഴിച്ചെന്ന കേസിൽ ഏപ്രിൽ 12ന് ലോകായുക്ത വീണ്ടും വാദം കേൾക്കും. ജസ്റ്റിസ് സിറിയക് ജോസഫ്, ജസ്റ്റിസ് ഹാറുൺ റഷീദ്, ജസ്റ്റിസ് ബാബു മാത്യു, പി ജോസഫ് എന്നിവരടങ്ങിയ ഫുൾ ബെഞ്ചാണ് കേസിൽ വാദം കേൾക്കുക. മന്ത്രിസഭാ തീരുമാനങ്ങൾ ലോകായുക്തയ്ക്ക് പരിശോധിക്കാൻ സാധിക്കുമോ എന്നതിന്റെ സാങ്കേതിക വശങ്ങളായിരിക്കും ആദ്യം ബെഞ്ച് പരിഗണിക്കുക. അതിനുശേഷമായിരിക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വക മാറ്റിയതുമായി ബന്ധപ്പെട്ട വിഷയത്തിലേക്ക് ബെഞ്ച് കടക്കുക.

ദുരിതാശ്വാസ നിധി ദുർവിനിയോഗം; ഏപ്രിൽ 12 ന് ലോകായുക്ത ഫുൾ ബെഞ്ച് പരിഗണിക്കും
മുഖ്യമന്ത്രിക്ക് താത്കാലിക ആശ്വാസം; ലോകായുക്തയിൽ ഭിന്നാഭിപ്രായം, കേസ് ഫുൾ ബെഞ്ചിന്

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദുമാണ് ആദ്യം കേസ് പരിഗണിച്ചിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സര്‍ക്കാരിലെ 18 മന്ത്രിമാര്‍ക്കുമെതിരായ പരാതിയില്‍ ലോകായുക്ത രണ്ടംഗ ബെഞ്ചിൽ ഭിന്നാഭിപ്രായം ഉണ്ടായതോടെയാണ് കേസ് ഫുൾ ബെഞ്ചിന് വിട്ടത്. ലോകായുക്ത നിയമത്തിലെ 7(1) വകുപ്പ് പ്രകാരമാണ് പുതിയ ബെഞ്ച് രൂപീകരിക്കാൻ തീരുമാനിച്ചത്.

ദുരിതാശ്വാസ നിധി ദുർവിനിയോഗം; ഏപ്രിൽ 12 ന് ലോകായുക്ത ഫുൾ ബെഞ്ച് പരിഗണിക്കും
മുഖ്യമന്ത്രിക്കും സര്‍ക്കാരിനും മുകളില്‍ തൂങ്ങുന്ന വാള്‍: എന്താണ് ലോകായുക്ത കേസ്?

എന്‍സിപി നേതാവായിരുന്ന ഉഴവൂര്‍ വിജയന്റെ കുടുംബത്തിനും ചെങ്ങന്നൂര്‍ എംഎല്‍എയായിരുന്ന കെ കെ രാമചന്ദ്രന്‍ നായരുടെ കുടുംബത്തിനും സിപിഎം സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം മൂലം അപകടത്തില്‍പെട്ട് മരിച്ച സിവില്‍ പോലീസ് ഓഫീസറുടെ കുടുംബത്തിനും പണം അനുവദിച്ചത്‌ ദുരിതാശ്വാസ നിധിയുടെ ദുര്‍വിനിയോഗമാണെന്നും ഈ തുക മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തവരില്‍നിന്ന് ഈടാക്കണമെന്നും ഇവരെ അയോഗ്യരാക്കണം എന്നുമാവശ്യപ്പെട്ടായിരുന്നു പരാതി.

ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്ക് 25 ലക്ഷം രൂപയും രാമചന്ദ്രന്‍ നായരുടെ മകന് അസിസ്റ്റന്റ് എഞ്ചിനീയര്‍ ആയി ജോലിയും അതിന് പുറമേ ഭാര്യയുടെ സ്വര്‍ണ പണയം തിരിച്ചെടുക്കുന്നതിനും കാര്‍ വായ്പയ്ക്കുമായി എട്ടര ലക്ഷം രൂപയും മരിച്ച സിവില്‍ പോലീസ് ഓഫീസറുടെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ഉദ്യോഗത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും പുറമേ 20 ലക്ഷം രൂപയുമാണ് അനുവദിച്ചത്. ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിമാരായിരുന്ന വി എസ് സുനില്‍ കുമാറിനെയും ഇ പി ജയരാജനെയും എ കെ ശശീന്ദ്രനെയും ഒഴിവാക്കിയായിരുന്നു ഹര്‍ജി സമർപ്പിച്ചിരുന്നത്. 2018 സെപ്റ്റംബറില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ 2022 മാര്‍ച്ച് 18 നാണ് വാദം പൂര്‍ത്തിയായത്.

വാദം പൂർത്തിയായി ആറുമാസത്തിനുള്ളില്‍ ഹര്‍ജികളില്‍ വിധി പറയണമെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണമുണ്ടെങ്കിലും ഒരു വര്‍ഷം പിന്നിട്ടിട്ടും വിധി പറയാന്‍ ലോകായുക്ത തയ്യാറായിരുന്നില്ല

വാദത്തിനിടെ രൂക്ഷ പരാമർശമാണ് ലോകായുക്തയിൽ നിന്ന് ഉണ്ടായത്. ഇതിനിടെ ലോകായുക്ത നിയമം ഭേദഗതി ചെയ്തുകൊണ്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് വിധി പറയുന്നത് അന്തിമമായി നീണ്ടു. ഓർഡിനൻസിന്റെ കാലാവധി അവസാനിക്കുകയും ബില്ലിൽ ഒപ്പിടാൻ ഗവർണർ തയ്യാറാകാതിരിക്കുകയും ചെയ്തതോടെ പഴയ നിയമം വീണ്ടും പ്രാബല്യത്തിൽ വരികയായിരുന്നു. വാദം പൂർത്തിയായി ആറുമാസത്തിനുള്ളില്‍ ഹര്‍ജികളില്‍ വിധി പറയണമെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണമുണ്ടെങ്കിലും ഒരു വര്‍ഷം പിന്നിട്ടിട്ടും വിധി പറയാന്‍ ലോകായുക്ത തയ്യാറായിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയും ലോകായുക്തയെ സമീപിക്കാൻ കോടതി നിർദേശിക്കുകയുമായിരുന്നു. ഇതേ തുടർന്നാണ് ലോകായുക്ത കേസിൽ വിധി പറയാൻ തയ്യാറായത്.

logo
The Fourth
www.thefourthnews.in